/indian-express-malayalam/media/media_files/2024/11/07/EYgn2DDrpwA9C48RecZ2.jpg)
നവംബർ 16നാണ് മണ്ഡലകാലം ആരംഭിക്കുന്നത്
മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കെട്ടുനിറയ്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പുതിയ മാർഗനിർദേശങ്ങളുമായി തന്ത്രി. ശബരിമല തീർഥാടകരുടെ ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം. ഇരുമുടിക്കെട്ടിൽ എന്തൊക്കെ ഉൾപ്പെടുത്തണം, എന്തെല്ലാം ഒഴിവാക്കണം എന്നതിനെ സംബന്ധിച്ച് തന്ത്രി കണ്ഠര് രാജീവരരാണ് തിരുവിതാകൂർ ദേവസ്വം ബോർഡിനും തീർഥാടകർക്കും നിർദേശം നൽകിയത്.
നവംബർ 16നാണ് മണ്ഡലകാലം ആരംഭിക്കുന്നത്. പ്ലാസ്റ്റിക്കിന് പൂങ്കാവനത്തിൽ നേരത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.പരിസ്ഥിതി സൗഹാർദ്ദമായ തീർഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
പിൻകെട്ടിൽ അരിമാത്രം മതി
ഇരുമുടിക്കെട്ടിൽ രണ്ട് ഭാഗങ്ങളാണുള്ളത്. മുൻകെട്ടിൽ സന്നിധാനത്ത് സമർപ്പിക്കാനുള്ള സാധനങ്ങളും പിൻകെട്ടിൽ ഭക്ഷണപദാർഥങ്ങളും. മുൻകെട്ടിൽ ഉണക്കലരി, നെയ്‌ത്തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതിയെന്നാണ് തന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
/indian-express-malayalam/media/media_files/jZa1J8Kaf5SqNZPmJmDz.jpg)
പിൻകെട്ടിൽ ഭക്ഷണ സാമഗ്രികൾ കൊണ്ടുവരേണ്ടതില്ലെന്നും നിർദേശത്തിലുണ്ട്. മുമ്പ് കാൽനടയായി വന്നിരുന്നപ്പോഴാണ് ഇടയ്ക്ക് ഇടത്താവളങ്ങളിൽ ഭക്ഷണമൊരുക്കാൻ അരി, നാളികേരം തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവന്നിരുന്നത്. ഇപ്പോൾ എല്ലായിടത്തും ഭക്ഷണം ലഭ്യമായതിനാൽ അതിന്റെ ആവശ്യമില്ല. പിൻകെട്ടിൽ കുറച്ച് അരിമാത്രം കരുതിയാൽ മതിയെന്നും തന്ത്രിയുടെ നിർദേശത്തിലുണ്ട്. പിൻകെട്ടിൽ കൊണ്ടുവരുന്ന അരി ശബരിമലയിൽ സമർപ്പിച്ച് നിവേദ്യം വാങ്ങാവുന്നതാണ്.
കർപ്പൂരവും ചന്ദനത്തിരിയും വേണ്ട
ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണമെന്നും തന്ത്രി നിർദേശം നൽകി. ഇവ ശബരിമലയിൽ പൂജയ്ക്കായി ഉപയോഗിക്കുന്നില്ല. അതിനാൽ, ഇത്തരം വസ്തുക്കൾ ഇനി മുതൽ ഇരുമുടി കെട്ടിൽ നിറയ്‌ക്കേണ്ടന്ന് തന്ത്രി നിർദേശംനൽകി.
പ്ലാസ്റ്റിക് വേണ്ടേ വേണ്ട
സന്നിധാനത്തേക്കുള്ള യാത്രയിൽ ഒരു തരത്തിലുമുള്ള പ്ലാസ്റ്റിക്കും കൊണ്ടുവരരുതെന്നും മണ്ഡലകാലത്തിന് മുന്നോടിയായി തന്ത്രി നിർദേശം നൽകി. തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ശബരിമലയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ പ്ലാസ്റ്റിക്ക് അടക്കം ക്വിന്റൽ കണക്കിന് ജൈവവും അജൈവവുമായ മാലിന്യങ്ങളാണ് ഉണ്ടാകുന്നത്.
മാലിന്യ സംസ്‌കരണത്തിന് പാണ്ടിത്താവളം, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലായി ഏഴ് ഇൻസിനറേറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് നിരോധിത മേഖലയാണെങ്കിലും തീർഥാടന കാലത്ത് ദിവസം അൻപത് ലോഡ് വരെ പ്ലാസ്റ്റിക്ക് മാലിന്യം ലഭിക്കാറുണ്ടെന്ന് വിശുദ്ധി സേനാംഗങ്ങൾ പറയുന്നു.
/indian-express-malayalam/media/media_files/kzpmAoHDBMmLY35KJsXn.jpg)
പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ ശബരിമല ഉൾപ്പെടുന്ന പ്രദേശം ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണ്. അതിനാലാണ് പമ്പയിലും സന്നിധാനത്തും പ്ലാസ്റ്റിക്കിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെ, പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായതിനാലാണ് തീർത്ഥാടകരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയത്.
ഗുരുസ്വാമിമാർക്ക് നിർദേശം നൽകും
കെട്ടുനിറയ്ക്കുമ്പോൾ ശബരിമല തന്ത്രിയുടെ നിർദേശം പാലിക്കാനാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള 1252 ക്ഷേത്രങ്ങളിലും ഗുരുസ്വാമിമാർക്ക് കത്തുനൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതായി പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.
കേരളത്തിലെ മറ്റ് ദേവസ്വം ബോർഡുകളുടെ അധ്യക്ഷന്മാർ, കമ്മീഷണർമാർ, തുടങ്ങിയവരെയും തന്ത്രിയുടെ നിർദേശം അറിയിക്കും. ശബരിമല തന്ത്രി നിർദേശിച്ചിട്ടുള്ള സാധനങ്ങൾ മാത്രമേ ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താവുവെന്ന് നിർദേശം ഏവരും പാലിക്കണം- പിഎസ് പ്രശാന്ത് പറഞ്ഞു.
Read More
- ശബരിമലയിൽ വെർച്വൽ ക്യൂവിനൊപ്പം സ്പോട്ട് ബുക്കിങ്ങും തുടരും
- ശബരിമല തീര്ഥാടകര്ക്ക് 5 ലക്ഷം രൂപയുടെ ഇന്ഷൂറന്സ്, നിലയ്ക്കൽ 10,000 വാഹനങ്ങൾക്ക് പാർക്കിങ്; ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി
- ശബരിമല തീർത്ഥാടനം; വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി
- എസ്.അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us