/indian-express-malayalam/media/media_files/jZa1J8Kaf5SqNZPmJmDz.jpg)
ശബരിമലയിലെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു
പത്തനംതിട്ട: വിവാദങ്ങൾക്കൊടുവിൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ പാളികളാണ് ഇന്നലെ രാത്രിയോടെ തിരികെ എത്തിച്ചത്. അതേസമയം ഉപയോഗിക്കാത്ത സ്വര്‍ണപീഠം എന്തു ചെയ്‌തെന്ന കാര്യത്തില്‍ വിജിലന്‍സിനോട് അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:അയ്യപ്പസംഗമത്തിന് ആളില്ലെന്ന വാദം തള്ളി എംവി ഗോവിന്ദന്‍
കോടതിയുടെ അനുമതി വാങ്ങിയ ശേഷം മാത്രമേ സ്വർണപ്പാളികൾ ശിൽപ്പങ്ങളിൽ തിരികെ സ്ഥാപിക്കൂ എന്നും അതുവരെ ഇവ സ്ട്രോങ് റൂമിൽ സൂക്ഷിക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.
അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ മാറ്റിയത് കോടതിയുടെ അനുമതി ഇല്ലാതെയായിരുന്നു. ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിനിടെ, പാളികളുടെ ഭാരത്തിൽ കുറവ് വന്നതായി ഹൈക്കോടതി കണ്ടെത്തി. 2019-ൽ ചെന്നൈയിലേക്ക് കൊണ്ടുപോകുമ്പോൾ 42 കിലോഗ്രാമായിരുന്ന സ്വർണപ്പാളികളുടെ ഭാരം തിരികെ കൊണ്ടുവന്നപ്പോൾ നാല് കിലോഗ്രാം കുറഞ്ഞതായി കോടതി നിരീക്ഷിച്ചു. പെട്രോളാണെങ്കില്‍ കുറവുവരാം, സ്വര്‍ണം എങ്ങനെ ചെന്നൈയില്‍ കൊണ്ടുപോയി തിരികെ എത്തിച്ചപ്പോള്‍ കുറവുവന്നു എന്നായിരുന്നു കോടതി സംശയം പ്രകടിപ്പിച്ചത്.
Also Read:ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല സംരക്ഷണ സംഗമം നാളെ
ഈ വിഷയത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ദേവസ്വം വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന് ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകി. ദ്വാരപാലക ശിൽപ്പങ്ങളുടെ പഴയ പീഠങ്ങൾ സ്ട്രോങ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും കോടതി നിർദേശിച്ചു.
Also Read:ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; ശബരിമല വികസനത്തിന് പ്രത്യേക സമിതി
വിവാദങ്ങളെ തുടർന്ന് ശിൽപ്പങ്ങളുടെ നിർമാണത്തിന് പണം മുടക്കിയ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി ചില വെളിപ്പെടുത്തലുകൾ നടത്തി. മൂന്ന് പവൻ സ്വർണം ഉപയോഗിച്ച് ശിൽപ്പങ്ങൾക്ക് പുതിയ പീഠം നിർമിച്ച് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. പഴയ പീഠങ്ങൾക്ക് നിറം മങ്ങിയതുകൊണ്ടാണ് പുതിയത് നിർമിച്ചത്. എന്നാൽ, ദേവസ്വം അധികൃതർ ഇതിൻ്റെ അളവിൽ വ്യത്യാസമുണ്ടെന്ന് അറിയിച്ചിരുന്നു.
വഴിപാടായി നൽകിയതിനാൽ താൻ ഇത് തിരികെ ചോദിച്ചില്ലെന്നും, പഴയ പീഠങ്ങൾ സ്ട്രോങ് റൂമിൽ ഉണ്ടാകുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയപ്പോൾ പീഠത്തെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേർത്തു. വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
Read More:സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; നിലവിൽ ചികിത്സയിലുള്ളത് 71 പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.