scorecardresearch

പിണറായിക്ക് ലാവ്‌ലിൻ പേടി, ശ്രമിക്കുന്നത് മോദിയെ സുഖിപ്പിക്കാൻ: രമേശ് ചെന്നിത്തല

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എത്തിയപ്പോൾ മുതൽ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എത്തിയപ്പോൾ മുതൽ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്

author-image
WebDesk
New Update
Ramesh Chennithala,രമേശ് ചെന്നിത്തല, Pinarayi Vijayan,പിണറായി വിജയന്‍, Pinarayi Chennithala, CPM, Congress, ie malayalam,

തിരുവനന്തപുരം: ഗവർണർക്കെതിരെ പിണറായി വിജയൻ ഒരക്ഷരം മിണ്ടാത്തത് ലാവ്‌ലിൻ കേസ് പേടിച്ചിട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിൻ കേസ് വീണ്ടും പരിഗണിക്കുന്ന ദിവസം അടുത്തു. അതുകൊണ്ട് അതിൽ നിന്നു തടിയൂരാൻ പ്രധാനമന്ത്രിയെ സുഖിപ്പിക്കാനാണ് ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗത്തിനുള്ള അവസരം ഒരുക്കിയതെന്നും ചെന്നിത്തല വിമർശിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു നിയമസഭയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്.

Advertisment

"ഗവർണറും സർക്കാരും തമ്മിലുള്ള അന്തർധാര സജീവമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസിന്റെയും അമിത് ഷായുടെയും ഏജന്റാണ്. ഗവർണറുടെ കാലുപിടിക്കേണ്ട ഗതികേട് പിണറായി വിജയനു വന്നു. ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിച്ചു. അതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ ഖണ്ഡിക ഗവർണർ വായിച്ചത്. മുഖ്യമന്ത്രി നിരന്തരം ആവശ്യപ്പെട്ടതുകൊണ്ടാണ് അത് വായിച്ചത്. ജനങ്ങൾക്ക് ഇതെല്ലാം മനസിലാകുന്നുണ്ട്. സർക്കാരിന്റെ ചങ്ങല നാടകം പൊളിഞ്ഞു" രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: ഇത് നയമല്ല, എങ്കിലും; പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഖണ്ഡിക വായിച്ച് ഗവർണർ

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എത്തിയപ്പോൾ മുതൽ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ‘ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിലയുറച്ചു. പകുതി വഴിയില്‍വച്ച് ഗവര്‍ണറെ തടഞ്ഞു. ‘ഗവര്‍ണറെ തിരിച്ചുവിളിക്കുക’ എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്.

Advertisment

ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ ശ്രീരാമകൃഷ്‌ണനും നിയമമന്ത്രി എ.കെ.ബാലനും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ സൗമ്യമായി നേരിട്ടു. നിയമമന്ത്രിയും സ്‌പീക്കറും പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.

അതിനുശേഷം, സ്‌പീ‌ക്കർ വാച്ച് ആൻഡ് വാർഡിനെ വിളിച്ചുവരുത്തി. പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് മാറ്റാൻ തുടങ്ങി. വാച്ച് ആൻഡ് വാർഡ് എത്തിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ നിലത്തിരുന്ന് പ്രതിഷേധിക്കാൻ തുടങ്ങി. അൻവർ സാദത്ത് എംഎൽഎ നിലത്തു കിടന്നു പ്രതിഷേധിച്ചു. ഇപ്പോഴെല്ലാം മുഖ്യമന്ത്രി നിശബ്ദനായി നിൽക്കുകയായിരുന്നു.

Read Also: കലിപ്പൻ സല്ലു; ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി, വീഡിയോ

പ്രതിപക്ഷ അംഗങ്ങളെ മാറ്റിയ ശേഷം ഗവർണർ മുന്നോട്ടു നീങ്ങി. തനിക്കെതിരെ പ്രതിഷേധിച്ചിരുന്നവരെ നോക്കി ചിരിച്ചുകൊണ്ട്, അവരെ കെെ കൂപ്പി അഭിവാദ്യം ചെയ്‌താണ് ഗവർണർ മുന്നോട്ടു നടന്നത്. ദേശീയഗാനം ആരംഭിച്ചപ്പോൾ പ്രതിപക്ഷം നിശബ്‌ദരായി നിന്നു. ദേശീയഗാനം കഴിഞ്ഞതും പ്രതിപക്ഷ അംഗങ്ങൾ ‘ഗവർണർ ഗോ ബാക്ക്’ എന്ന വിളികൾ പുനരാരംഭിച്ചു. ഗവർണർ മടങ്ങി പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാനും തുടങ്ങി. എന്നാൽ, എല്ലാവരോടും നടുത്തളത്തിൽ നിന്ന് നീങ്ങി നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതോടെ പലരും അവരവരുടെ ഇരിപ്പിടത്തിൽ നിന്ന് ഗവർണർക്കെതിരെ പ്രതിഷേധം തുടർന്നു. ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സൂചകമായി സഭ വിട്ടിറങ്ങി. മലയാളത്തിലാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പിന്നീട് സഭയുടെ പുറത്തിരുന്ന് പ്രതിഷേധിച്ചു.

Read Also: ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണർ സ്വീകരിച്ച നിലപാടാണ് പ്രതിപക്ഷ പ്രതിഷേധത്തിനു കാരണം. ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവരികയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയത്തെ സർക്കാർ പിന്തുണക്കുന്നില്ല.

Narendra Modi Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: