തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നയപ്രഖ്യാപന പ്രസംഗത്തിൽ ചേർത്ത ഭാഗം ഗവർണർ വായിച്ചു. സ്വന്തം നിലപാട് പറഞ്ഞതിനു ശേഷമാണ് വിവാദ ഖണ്ഡിക ഗവർണർ വായിച്ചത്.

“ഇത് നയമല്ല, എങ്കിലും ഞാൻ വായിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഗ്രഹത്തിനനുസരിച്ചാണ് ഞാൻ ഇത് വായിക്കുന്നത്” ഇങ്ങനെ പറഞ്ഞാണ് ഗവർണർ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഖണ്ഡിക നിയമസഭയിൽ വായിച്ചത്. തനിക്ക് എതിർപ്പുണ്ടെങ്കിലും ഇത് വായിക്കുകയാണെന്ന് ഗവർണർ വ്യക്തമാക്കി. ഇതിനോട് എനിക്ക് വിയോജിപ്പുണ്ട്, എങ്കിലും മുഖ്യമന്ത്രിയുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്, അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടും ഞാനിത് വായിക്കുകയാണെന്ന് ഗവർണർ സഭയിൽ പറഞ്ഞു.

Kerala Governor's address to Assembly by The Indian Express on Scribd

മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം അംഗീകരിക്കാൻ സാധിക്കില്ലെന്നും അത് തെറ്റാണെന്നുമാണ് സർക്കാർ നയപ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്. ഇത് ഗവർണർ വായിച്ചു. 18-ാം ഖണ്ഡികയിലാണ് അങ്ങനെയൊരു പരാമർശമുള്ളത്. ഗവർണർ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഖണ്ഡിക ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.  പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം വായിക്കില്ലെന്ന് രാജ്‌ഭവനും വ്യക്തമാക്കിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പടുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം മാറ്റില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഇതേ തുർന്നാണ് ഗവർണർ സർക്കാർ നിലപാടിനു വഴങ്ങിയത്.

Read Also: ‘ഗവര്‍ണര്‍ ഗോ ബാക്ക്’; നിയമസഭയില്‍ ആരിഫ് ഖാനെ തടഞ്ഞു, നാടകീയ രംഗങ്ങള്‍

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എത്തിയപ്പോൾ മുതൽ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ‘ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിലയുറച്ചു. പകുതി വഴിയില്‍വച്ച് ഗവര്‍ണറെ തടഞ്ഞു. ‘ഗവര്‍ണറെ തിരിച്ചുവിളിക്കുക’ എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്.

ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ ശ്രീരാമകൃഷ്‌ണനും നിയമമന്ത്രി എ.കെ.ബാലനും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ സൗമ്യമായി നേരിട്ടു. നിയമമന്ത്രിയും സ്‌പീക്കറും പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.

അതിനുശേഷം, സ്‌പീ‌ക്കർ വാച്ച് ആൻഡ് വാർഡിനെ വിളിച്ചുവരുത്തി. പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് മാറ്റാൻ തുടങ്ങി. വാച്ച് ആൻഡ് വാർഡ് എത്തിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ നിലത്തിരുന്ന് പ്രതിഷേധിക്കാൻ തുടങ്ങി. അൻവർ സാദത്ത് എംഎൽഎ നിലത്തു കിടന്നു പ്രതിഷേധിച്ചു. ഇപ്പോഴെല്ലാം മുഖ്യമന്ത്രി നിശബ്ദനായി നിൽക്കുകയായിരുന്നു.

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പ്രതിപക്ഷ അംഗങ്ങളെ മാറ്റിയ ശേഷം ഗവർണർ മുന്നോട്ടു നീങ്ങി. തനിക്കെതിരെ പ്രതിഷേധിച്ചിരുന്നവരെ നോക്കി ചിരിച്ചുകൊണ്ട്, അവരെ കൈ കൂപ്പി അഭിവാദ്യം ചെയ്‌താണ് ഗവർണർ മുന്നോട്ടു നടന്നത്. ദേശീയഗാനം ആരംഭിച്ചപ്പോൾ പ്രതിപക്ഷം നിശബ്‌ദരായി നിന്നു. ദേശീയഗാനം കഴിഞ്ഞതും പ്രതിപക്ഷ അംഗങ്ങൾ ‘ഗവർണർ ഗോ ബാക്ക്’ എന്ന വിളികൾ പുനരാരംഭിച്ചു. ഗവർണർ മടങ്ങി പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാനും തുടങ്ങി. എന്നാൽ, എല്ലാവരോടും നടുത്തളത്തിൽ നിന്ന് നീങ്ങി നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതോടെ പലരും അവരവരുടെ ഇരിപ്പിടത്തിൽ നിന്ന് ഗവർണർക്കെതിരെ പ്രതിഷേധം തുടർന്നു. ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സൂചകമായി സഭ വിട്ടിറങ്ങി. മലയാളത്തിലാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പിന്നീട് സഭയുടെ പുറത്തിരുന്ന് പ്രതിഷേധിച്ചു.

ജെസ്‌ല എന്റെ മകൾ!

പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണർ സ്വീകരിച്ച നിലപാടാണ് പ്രതിപക്ഷ പ്രതിഷേധത്തിനു കാരണം. ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവരികയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയത്തെ സർക്കാർ പിന്തുണക്കുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.