പലപ്പോഴും സിനിമാ താരങ്ങൾ അവരുടെ ആരാധകരോട് ദേഷ്യപ്പെടാറുണ്ട്. ആരാധകർ ഇഷ്‌ടം കൊണ്ട് ചെയ്യുന്ന പല കാര്യങ്ങളും താരങ്ങൾക്ക് അത്ര ഇഷ്‌ടപ്പെടണമെന്നില്ല. ചിലപ്പോൾ വളരെ വെെകാരികമായി ആയിരിക്കും താരങ്ങൾ ആരാധകരോട് പെരുമാറുക. പലപ്പോഴും അങ്ങനെ വാർത്തകളിൽ ഇടം നേടിയിട്ടുള്ള താരമാണ് സൽമാൻ ഖാൻ. പൊതുവേ വലിയ ദേഷ്യക്കാരനാണെന്നാണ് സൽമാനെ കുറിച്ച് സിനിമ മേഖലയിൽ തന്നെ സംസാരം. ഇപ്പോൾ ഇതാ ഒരു ആരാധകനോട് മോശമായി പെരുമാറിയിരിക്കുകയാണ് താരം.

അനുമതിയില്ലാതെ ഫൊട്ടോ എടുക്കാൻ ശ്രമിച്ച ആരാധകന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു വാങ്ങുകയായിരുന്നു സൽമാൻ ഖാൻ. ഗോവ വിമാനത്താവളത്തിൽ വച്ചാണ് സൽമാൻ ഖാൻ ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്. നിരവധിപേർ സൽമാൻ ഖാനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആരാധകനോട് പെരുമാറിയ രീതി വളരെ മോശമായിപ്പോയി എന്നാണ് പലരുടെയും അഭിപ്രായം. പുതിയ ചിത്രമായ ‘രാധെ’യുടെ ഷൂട്ടിങ്ങിനുവേണ്ടിയാണ് സൽമാൻ ഗോവയിലെത്തിയത്.

വിമാനത്താവളത്തിനുള്ളിൽ നിന്ന് പുറത്തേക്കു വരികയായിരുന്ന സൽമാൻ ആദ്യം ഒരു സ്ത്രീക്കും കുട്ടിക്കും ഒപ്പം നിന്നു ഫൊട്ടോ എടുക്കുന്നുണ്ട്. അതിനുശേഷം പുറത്തേക്ക് നടക്കുമ്പോഴാണ് ഒരു യുവാവ് സൽമാനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചത്. ഉടനെ തന്നെ താരം ഫോൺ പിടിച്ചുവാങ്ങി. പിന്നീട് ഫോണും കൊണ്ട് മുന്നോട്ടു നടന്നുപോയി. സൽമാനൊപ്പം ഫൊട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് ഒരു എയർലെെൻസിന്റെ സ്റ്റാഫ് ആണെന്നാണ് റിപ്പോർട്ട്. ഇയാളുടെ കഴുത്തിൽ ഐഡി കാർഡ് കാണാം. ആരാധകന്റെ ഫൊട്ടോ എടുക്കാനുള്ള ശ്രമത്തിൽ സൽമാൻ പ്രകോപിതനാകുന്നുണ്ട്. ഫോണ്‍ ആവശ്യപ്പെട്ട് പിന്നാലെ ചെല്ലുന്ന ആരാധകനെ വിഡിയോയില്‍ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook