/indian-express-malayalam/media/media_files/2025/04/01/rajeev-chandrasekharan-varthamanam-5-266499.jpg)
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: താൻ നേതാവ് അല്ലെന്നും കേരളത്തിൽ ഒരു മാറ്റം കൊണ്ടുവരികയെന്നതാണ് തന്റെ ലക്ഷ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് രാജീവ് ചന്ദ്രശേഖർ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. തന്റെ ദൗത്യം പൂർത്തിയാക്കുന്നതുവരെ കേരളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
"കേരളത്തിലൊരു മാറ്റം കൊണ്ടുവരാനാണ് ബിജെപി കേന്ദ്രനേതൃത്വം എന്നെ കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. വരുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അധികാര ശ്രേണിയിലേക്ക് ഉയർത്തണം. ദൗത്യം പൂർത്തിയാക്കാതെ കേരളത്തിൽ നിന്ന് പോകില്ല. നരേന്ദ്ര മോദി രാജ്യത്ത് നടപ്പിലാക്കിയ വികസന,ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് എന്റെ ശ്രമം". -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കളമശേരി സ്‌ഫോടനത്തിലെ പ്രതികരണം തെറ്റായി
കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ താൻ നടത്തിയ ആദ്യ പ്രതികരണത്തിൽ തെറ്റുപറ്റിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ, താൻ നടത്തിയ പ്രസ്താവനയുടെ ഉദ്ദേശശുദ്ധിയെ തെറ്റായി വ്യാഖാനിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു.
"കളമശേരി സ്‌ഫോടനത്തെ ഒറ്റപ്പെട്ട സംഭവമായി നോക്കിക്കണ്ടാൽ വിവിധ വ്യാഖാനങ്ങൾ കാണാനാവും. ബോംബ് സ്‌ഫോടനമെന്നത് ചെറിയ സംഭവമല്ല. കളമശേരി സംഭവത്തിന് മുമ്പാണ് ഹമാസിന്റെ നേതാവ് ഇന്ത്യയിൽ വിദ്യാർഥികളുമായി സംവദിച്ചത്. ഇതിന് പിന്നാലെയാണ് സ്‌ഫോടനം. റാഡിക്കലൈസേഷന്റെ സൂചനയാണോ ഇതെന്ന ആശങ്കയാണ് ഞാൻ പങ്കുവെച്ചത്. എൻഐഎ പോലുള്ള ദേശീയ ഏജൻസി സംഭവത്തിൽ അന്വേഷണം നടത്തിയതും ഈ സംശയത്തിലാണ്. റാഡിക്കലൈസേഷനിലേക്ക് ഒരു നാട് കടന്നാൽ അതിന് തടയിടുവാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. ഇതാണ് താൻ പങ്കുവെച്ചത്"- രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി
എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എന്നാൽ ദേശീയ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന സമീപനം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമസ്ഥാപത്തിന്റെ ഉടമയെന്നത് തെറ്റായ വ്യാഖ്യാനം
താൻ മാധ്യമസ്ഥാപനത്തിന്റെ ഉടമയാണെന്നത് തെറ്റായ വ്യാഖാനമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മാധ്യമ സ്ഥാപനത്തിൽ എനിക്കുള്ളത് നിക്ഷേപം മാത്രമാണ്. ബിസിനസ്സുകൾ അവസാനിപ്പിച്ചപ്പോഴാണ് ഈ നിക്ഷേപം നടത്തിയത്. മറ്റുള്ളവയെല്ലാം തെറ്റായ വ്യാഖ്യാനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ വിഭാഗീയത ഇല്ല
കേരളത്തിലെ ബിജെപിയിൽ വിഭാഗീയത ഇല്ലെന്നും നിരവധി നേതാക്കളാൽ സമ്പന്നമാണ് സംസ്ഥാനത്തെ ബിജെപിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു." ഒരു വർഷമായി ബിജെപി കേരളഘടകവുമായി ചേർന്നുപ്രവർത്തിക്കുന്നു. ഇതുവരെ പാർട്ടിയിൽ വിഭാഗീയത കണ്ടിട്ടില്ല. കേരളത്തിലെ ബിജെപിയിൽ അനേകം നേതാക്കളുണ്ട്. കൂട്ടായ പ്രവർത്തനത്തിനാണ് പാർട്ടി മുൻഗണന നൽകുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം"- അദ്ദേഹം പറഞ്ഞു.
നേതാവാകാൻ തനിക്ക് ആഗ്രഹമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ ഭാവി രാജീവ് ചന്ദ്രശേഖർ അല്ലെന്നും മോദിയുടെ വികസന സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മുഖ്യമന്ത്രി-ധനമന്ത്രി കൂടിക്കാഴ്ചയിൽ തെറ്റില്ല
ധനമന്ത്രി നിർമലാ സീതാരാമനുമായി മുഖ്യമന്ത്രിയും പിണറായി വിജയനും സംസ്ഥാന ഗവർണറും കേരളഹൗസിൽ വെച്ചുനടത്തിയ കൂടിക്കാഴ്ചയിൽ കൗതുകമില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. "സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. കഴിഞ്ഞ 20 വർഷമായി സംസ്ഥാനത്ത് നിക്ഷേപങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് വായ്പയെടുക്കുന്നതിനുള്ള പരിധി സംബന്ധിച്ച് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി ധനമന്ത്രിയെ കണ്ടത്. സംസ്ഥാനത്തിന്റെ പൊതുആവശ്യമായതിനാൽ ഗവർണറും ഒപ്പം നിന്നു. ഇതിൽ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല"-രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പൊതുആവശ്യത്തിന് വേണ്ടി താനും ഗവർണറെപോലെ ഇത്തരത്തിൽ ചേർന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശാ പ്രവർത്തകരുടെ വിഷയത്തിൽ കേന്ദ്രത്തിൽ നിന്ന് എന്തെങ്കിൽ കാലതാമസം ഉണ്ടായിട്ടുണ്ടേൽ അത് പരിഹരിക്കാൻ താൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എമ്പുരാൻ; സിനിമയെ സിനിമയായി കാണണം
എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം സൃഷ്ടിച്ചതാണെന്നും അതിനുപിന്നിൽ പിണറായി വിജയൻ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസും ഈ വിവാദം ഏറ്റുപിടിക്കുകയാണ്. 'എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ വിവാദം ആക്കിയതാണ്. സിനിമയെ സിനിമയായി കാണണമെന്നാണ് ഇക്കാര്യത്തിൽ ബിജെപി കേരള ഘടത്തിന്റെ അഭിപ്രായം. സിനിമ കാണുന്ന പ്രേക്ഷകർക്ക് വിമർശിക്കാനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. അത് അവർ പറയുന്നു. ഇക്കാര്യത്തിൽ ഞാനും പാർട്ടി ഘടകവും ഇതല്ലാതെ ഒന്നും പറഞ്ഞട്ടില്ല,' രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എമ്പുരാൻ സിനിമയുടെ റി സെൻസറിങ്ങിന് പിന്നിൽ ചിത്രത്തിന്റെ നിർമാതാക്കളാണ്. സോഷ്യൽ മീഡിയയിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞത്. മോഹൻലാലും റീ സെൻസർഷിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ സെൻസറിങ് സംബന്ധിച്ചുള്ള സെൻസർ ബോർഡിന്റെ മാനദണ്ഡങ്ങളെപ്പറ്റി തനിക്ക് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ശശി തരൂർ അല്ല തിരുവനന്തപുരത്തെ പരാജയ കാരണം
വലിയൊരു ലോക്‌സഭാ മണ്ഡലമായ തിരുവനന്തപുരത്ത് കുറച്ച് ദിവസങ്ങൾ മാത്രമാണ് പ്രവർത്തിക്കാൻ കിട്ടിയതെന്നും കുറച്ചുദിവസങ്ങൾ കൂടി ലഭിച്ചിരുന്നെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
"35 ദിവസമാണ് തിരുവനന്തപുരത്ത് എനിക്ക് പ്രചാരണത്തിന് ലഭിച്ചത്. വ്യത്യസ്ത ജനവിഭാഗങ്ങൾ താമസിക്കുന്ന ഭൂമിശാസ്ത്രപരമായി വലിയ വിസ്തൃതിയുള്ള തിരുവനന്തപുരത്ത് എല്ലായിടത്തും എത്തിചേരാൻ ഈ ദിവസങ്ങൾ മതിയാകാതെ വന്നു. കോൺഗ്രസിനും സിപിഎമ്മിനും തിരുവന്തപുരത്ത് ബേസ് വോട്ടുണ്ട്. സ്ഥാനാർഥിയല്ല, ഈ വോട്ട് ബേസാണ് ഇരുപാർട്ടികളുടെയും ശക്തി. കൂടാതെ ബിജെപിയെപ്പറ്റി തെറ്റായ പ്രചാരണം ഇവർ ന്യൂനപക്ഷങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കും. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.