/indian-express-malayalam/media/media_files/uploads/2018/10/Rahul-Easwer.jpg)
കൊച്ചി: ശബരിമലയിലേക്ക് പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുളള സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന താഴമൺ കുടുംബാംഗം രാഹുൽ ഈശ്വറിനെതിരെ വീണ്ടും കേസ്. ശബരിമല സന്നിധാനത്ത് രക്തം ചീന്തി നടയടപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്.
എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം പ്രസ് ക്ലബിൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് സന്നിധാനത്ത് രക്തം ചീന്തിയും മൂത്രമൊഴിച്ചും അശുദ്ധിയാക്കാൻ ആളെ നിർത്തിയിരുന്നുവെന്ന് പറഞ്ഞത്. സ്ത്രീകൾ ക്ഷേത്രദർശനത്തിനെത്തുന്നത് ഏത് വിധേനെയും തടയാൻ ശ്രമിച്ചുവെന്നാണ് പറഞ്ഞത്.
“ക്ഷേത്രത്തില്‍ ചോരവീഴ്ത്തി അശുദ്ധമാക്കാന്‍ വരെ സന്നദ്ധമായി 20 വിശ്വാസികള്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ചോരയോ മൂത്രമോ വീണാല്‍ ക്ഷേത്രം മൂന്ന് ദിവസം അടച്ചിടണം. നവംബര്‍ അഞ്ചിന് ക്ഷേത്രം തുറക്കുമ്പോള്‍ നാമജപവുമായി വിശ്വാസികള്‍ ഗാന്ധിമാര്‍ഗ സമരവുമായി സന്നിധാനത്തുണ്ടാകും. വിശ്വാസം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്. കൈമുറിച്ച് ചോരവീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ തയ്യാറുള്ളവരും ഈ ദിവസങ്ങളിൽ ഉണ്ടാകും,” എന്നാണ് പത്രസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞത്.
ഈ പ്രസ്താവന വിശ്വാസികളോടും ഭക്തരോടുമുളള വഞ്ചനയാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ വിമർശിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
"‘ശബരിമലയെ ഒരു കലാപഭൂമി ആക്കാനുളള ഗൂഢാലോചന നടന്നിരുന്നു എന്ന വസ്തുത പുറത്തുവരികയാണ്. ഇന്നലെ രാഹുല്‍ ഈശ്വര്‍ തന്നെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. എത്രമാത്രം വലിയൊരു ഗൂഢാലോചനയാണ് വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയ വാദികള്‍ ശബരിമല കേന്ദ്രീകരിച്ച് നടത്താന്‍ പരിശ്രമിച്ചതെന്ന് വ്യക്തമാവുകയാണ്. ചോര തന്നെ ഒഴുക്കാനായി പദ്ധതി ഇട്ടിരുന്നു എന്ന് വെളിപ്പെടുത്തി. നമ്മുടെ സംസ്ഥാനത്തേയും രാജ്യത്തേയും വിശ്വാസികളേയും വഞ്ചിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങള്‍ എത്ര വലുതായിരുന്നെന്ന് ബോധ്യമാവുകയാണ്," കടകംപളളി വ്യക്തമാക്കി.
എന്നാൽ തൊട്ടുപിന്നാലെ താൻ പറഞ്ഞതിനെ മന്ത്രി വളച്ചൊടിച്ചുവെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. സന്നിധാനത്ത് രക്തം ചീന്തി പോലും സ്ത്രീപ്രവേശനം തടയാൻ എത്തിയ അറുപതോളം പേരെ താൻ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ഇതാണ് പത്രസമ്മേളനത്തിൽ പറഞ്ഞതെന്നും രാഹുൽ ഈശ്വർ വിശദീകരിച്ചു. ശബരിമല സന്നിധാനത്ത് മനപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന നിലയിലാണ് കേസെടുത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.