/indian-express-malayalam/media/media_files/uploads/2018/10/kadakampally-surendran.jpg)
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംഘപരിവാറിനേയും രാഹുല്‍ ഈശ്വറിനേയും ശക്തമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ശബരിമലയില്‍ ചോര ഒഴുക്കാന്‍ പദ്ധതി ഇട്ടത് രാജ്യദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ കൃത്യമായ ഇടപെടലാണ് വലിയൊരു പ്രതിസന്ധിയില്‍ നിന്നും ശബരിമലയെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ശബരിമലയെ ഒരു കലാപഭൂമി ആക്കാനുളള ഗൂഢാലോചന നടന്നിരുന്നു എന്ന വസ്തുത പുറത്തുവരികയാണ്. ഇന്നലെ രാഹുല്‍ ഈശ്വര്‍ തന്നെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. എത്രമാത്രം വലിയൊരു ഗൂഢാലോചനയാണ് വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയ വാദികള്‍ ശബരിമല കേന്ദ്രീകരിച്ച് നടത്താന്‍ പരിശ്രമിച്ചതെന്ന് വ്യക്തമാവുകയാണ്. ചോര തന്നെ ഒഴുക്കാനായി പദ്ധതി ഇട്ടിരുന്നു എന്ന് വെളിപ്പെടുത്തി. നമ്മുടെ സംസ്ഥാനത്തേയും രാജ്യത്തേയും വിശ്വാസികളേയും വഞ്ചിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങള്‍ എത്ര വലുതായിരുന്നെന്ന് ബോധ്യമാവുകയാണ്,' കടകംപളളി വ്യക്തമാക്കി.
'എ, ബി എന്നീ പ്ലാനുകള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. ഇനിയും ഒരുപാട് തന്ത്രമുണ്ടാവാം. ശബരിമലയെന്ന പുണ്യഭൂമിയെ കളങ്കപ്പെടുത്താനുളള ശ്രമമാണ് പൊലീസ് പരാജയപ്പെടുത്തിയത്. രക്തം ചൊരിയാനുളള സന്നാഹമാണ് അവര്‍ ഒരുക്കിയത്. പൊലീസിന്റെ സംയമനമാണ് അപകടകരമായ സാഹചര്യത്തില്‍ നിന്നും ശബരിമലയെ രക്ഷിച്ചത്. പരിപാവനമായ ശബരിമലയെ രക്തം കൊണ്ട് കളങ്കപ്പെടുത്താന്‍ നോക്കിയത് വിശ്വാസികളോടുളള ദ്രോഹവും രാജ്യദ്രോഹവുമാണ്. വിശ്വാസത്തിന്റെ പ്രശ്നം അല്ല ഇവിടെ. തങ്ങളുടെ സങ്കുചിതമായ താത്പര്യങ്ങള്‍ സംരക്ഷിക്കാനുളള നീക്കമാണ് ചിലര്‍ നടത്തിയത്,' കടകംപളളി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.