scorecardresearch

പീതാംബരക്കുറുപ്പിന്റെ സ്ഥാനാര്‍ഥിത്വം: പ്രതിഷേധിച്ച പ്രവർത്തകനെ വിലക്കി സുധാകരന്‍

തിരഞ്ഞെടുപ്പ് സമിതി യോഗം ആരംഭിക്കുന്നതിനു മുന്‍പ് പീതാംബരക്കുറുപ്പിനെതിരെ ഇന്ദിരാ ഭവനില്‍ പ്രതിഷേധം നടന്നു

തിരഞ്ഞെടുപ്പ് സമിതി യോഗം ആരംഭിക്കുന്നതിനു മുന്‍പ് പീതാംബരക്കുറുപ്പിനെതിരെ ഇന്ദിരാ ഭവനില്‍ പ്രതിഷേധം നടന്നു

author-image
WebDesk
New Update
പീതാംബരക്കുറുപ്പിന്റെ സ്ഥാനാര്‍ഥിത്വം: പ്രതിഷേധിച്ച പ്രവർത്തകനെ വിലക്കി സുധാകരന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള എന്‍. പീതാംബരക്കുറുപ്പിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും രംഗത്ത്. വിജയസാധ്യത നോക്കാതെയാണു കോണ്‍ഗ്രസ് പീതാംബരക്കുറുപ്പിനെ പരിഗണിക്കുന്നതെന്നു പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.

Advertisment

ഇന്ന് തിരഞ്ഞെടുപ്പ് സമിതി യോഗം ആരംഭിക്കുന്നതിനു മുന്‍പ് പീതാംബരക്കുറുപ്പിനെതിരെ ഇന്ദിരാ ഭവനില്‍ പ്രതിഷേധം നടന്നു. ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരും കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാർ മുതിർന്ന നേതാക്കളോട് പരസ്യമായി പ്രതിഷേധം അറിയിച്ചു. മാധ്യമങ്ങൾക്കു മുൻപിലായിരുന്നു പ്രാദേശിക നേതാക്കളും പ്രവർത്തകരും പീതാംബരക്കുറുപ്പിനെതിരായ പ്രതിഷേധം അറിയിച്ചത്.

Read Also: മോദിയെ ‘ഇന്ത്യയുടെ പിതാവാക്കിയ’ ട്രംപ് ഇന്ത്യയുടെ ചരിത്രത്തെ അപമാനിച്ചു: ഒവൈസി

Advertisment

"ബിജെപി ശക്തമായി മത്സരിക്കുന്ന സ്ഥലമല്ലേ? പ്രവർത്തകരുടെ വികാരം മനസ്സിലാക്കണ്ടേ? കുറുപ്പിനെപ്പോലൊരാളെ അവിടെ നിർത്തിയാൽ..വിജയസാധ്യത നോക്കിവേണ്ടേ സ്ഥാനാർഥിയെ നിർത്താൻ" എന്നു പറഞ്ഞ പ്രവർത്തകനോട്, "അതിനാരും അവിടെ കുറുപ്പിനെ നിർത്തിയില്ലല്ലോ" എന്ന് കെ.സുധാകരൻ എംപി പറഞ്ഞു. "സ്വഭാവദൂഷ്യമില്ലാത്തയാളെയെങ്കിലും നിർത്തണ്ടേ" എന്നുപറഞ്ഞ പ്രവർത്തകനോട് "ഒന്ന് മിണ്ടാതിരിക്ക്" എന്ന് കെ.സുധാകരൻ കവിളിൽ തട്ടി പറയുന്നതും വീഡിയോയിൽ കാണാം.

എന്നാല്‍, പ്രതിഷേധങ്ങള്‍ക്കിടയിലും പീതാംബരക്കുറുപ്പിനെ പിന്തുണയ്ക്കുകയാണു കെ. മുരളീധരന്‍. പ്രാദേശിക നേതാക്കളുടെ പ്രതിഷേധത്തെ മുരളീധരന്‍ പൂര്‍ണ്ണമായി തള്ളി. തന്റെ പിന്‍ഗാമിയാകാന്‍ അനുയോജ്യന്‍ പീതാംബരക്കുറുപ്പാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുരളീധരന്‍ വ്യക്തമാക്കി.

Read Also: നാലിടത്ത് സ്ഥാനാര്‍ത്ഥികളായി; ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഇടത് മുന്നണി

പീതാംബരക്കുറിപ്പിനെതിരായ പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ മുരളീധരന്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമാണു പ്രധാനമെന്നും എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് അനാവശ്യമായ വിഭാഗീയതയ്ക്കു ശ്രമിക്കുന്നതു പ്രതിഷേധിക്കുന്നവരുടെ നല്ലതിനാവില്ലെന്നും മുന്നറിയിപ്പ് നല്‍കി. 2011-ല്‍ താന്‍ വട്ടിയൂർക്കാവിൽ മത്സരിക്കാൻ എത്തിയപ്പോൾ ഇതിലും ഇരട്ടി പ്രതിഷേധമുണ്ടായിരുന്നുവെന്നും ഒടുവില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ എന്താണു സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പ്രാദേശിക നേതൃത്വത്തിൽനിന്നുള്ള പ്രതിഷേധങ്ങളെ വില‌യ്‌ക്കെടുക്കുന്നില്ലെന്നു പീതാംബരക്കുറുപ്പും പറഞ്ഞു. വട്ടിയൂർക്കാവിൽ വിജയസാധ്യതയുണ്ട്. പ്രതിഷേധങ്ങളെല്ലാം ആസൂത്രിതമാണ്. പ്രതിഷേധങ്ങൾ കണ്ട് ഓടിപ്പോകുന്ന ആളല്ല താൻ. വട്ടിയൂർക്കാവിൽ തന്നെ പരിഗണിയ്ക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിളക്ക് കത്തിച്ചാൽ അത് അണയ്‌ക്കാൻ പ്രാണികൾ വരുന്നതു സ്വാഭാവികമാണെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

Congress By Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: