ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്നു വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ട്രംപിന് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും ഇന്ത്യയുടെ പാരമ്പര്യത്തെ ട്രംപ് അപമാനിച്ചെന്നും ഒവൈസി പറഞ്ഞു.
”ട്രംപിനു നമ്മുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് യാതൊരു അറിവുമില്ല. മോദിയ്ക്ക് ഇന്ത്യയുടെ പിതാവാകാന്‍ സാധിക്കില്ല. മോദിയെ ഗാന്ധിയുമായി താരതമ്യം ചെയ്യാനാകില്ല. എന്തിന്, ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സര്‍ദാര്‍ പട്ടേലിനെയും പോലുള്ള മഹാന്മാര്‍ക്കു പോലും ആ പദവി നല്‍കിയിട്ടില്ല” ഓവൈസി പറഞ്ഞു.
”ഇത് ഞാന്‍ അദ്ദേഹത്തിൻ്റെ ജ്ഞാനത്തിനു വിട്ടിരിക്കുകയാണ്. പക്ഷെ എനിക്കിത് അംഗീകരിക്കാനാകില്ല. പ്രധാനമന്ത്രി തന്നെ ട്രംപ് പറഞ്ഞതില്‍ വ്യക്തത നല്‍കുമെന്നു പ്രതീക്ഷിക്കുന്നു”അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കന്‍ സംഗീതജ്ഞന്‍ എല്‍വിസ് പ്രെസ്‌ലിയെയും മോദിയെയും താരതമ്യം ചെയ്തതിനെയും ഒവൈസി പരിഹസിച്ചു. ”അതിലൊരു ബന്ധമുണ്ട്. പ്രെസ് ലി തന്റെ പാട്ടുകളിലൂടെ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു. മോദി അതു ചെയ്യുന്നതു തന്റെ പ്രസംഗത്തിലൂടെയാണ്. പക്ഷെ എനിക്കു മോദിയേയും പ്രെസ്‌ലിയെയും താരതമ്യം ചെയ്യാനാകില്ല,” ഒവൈസി പറഞ്ഞു.
അതേസമയം, ട്രംപ് മോദിയെയും ഇമ്രാന്‍ ഖാനെയും ഒരേസമയം പുകഴ്ത്തി ഇരട്ടനാടകം കളിക്കുകയാണെന്നും ട്രംപിന്റെ തന്ത്രങ്ങളെ തിരിച്ചറിയണമെന്നും ഒവൈസി പറഞ്ഞു.