പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാർത്ഥികളായി. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.യു. ജനീഷ് കുമാര്‍ മത്സരിക്കും. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ഏരിയാ കമ്മിറ്റി അംഗം എം.എസ് രാജേന്ദ്രന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു.

മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണു സി.പി.എം തീരുമാനം. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണു കുഞ്ഞമ്പുവിനെ നിശ്ചയിച്ചത്. 2016 ലും കുഞ്ഞമ്പുവായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആ തവണ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. 2006ല്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളത്ത് അഡ്വ. മനു റോയ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെഎം റോയിയുടെ മകനാണു മനു റോയ്.

വട്ടിയൂര്‍ക്കാവില്‍ മേയര്‍ വികെ പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന നേതൃത്വമാണു വി.കെ. പ്രശാന്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. വി.കെ. പ്രശാന്ത്, മുന്‍ മന്ത്രിയും കെ.ടി.ഡി.സി ചെയര്‍മാനുമായ എം. വിജയകുമാര്‍, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍കുമാര്‍ എന്നിവരുടെ പേരുകളായിരുന്നു സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ പ്രശാന്തിനു നല്ല പിന്തുണയുള്ളതിനാല്‍ വിജയസാധ്യത കൂടുതലാണെന്നാണു നേതൃത്വം കരുതുന്നത്.

വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21നാണു നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണു തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 നാണു ഫലപ്രഖ്യാപനം.

നിലവില്‍ അരൂര്‍ മണ്ഡലം മാത്രമാണു സിപിഎമ്മിന്റെ കൈവശമുള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു നാല് മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വിജയം. ലോക് സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം മറികടക്കാന്‍ എല്‍ഡിഎഫിനും സിപിഎമ്മിനും ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.