scorecardresearch

പിഎം ശ്രീ പദ്ധതി; എൽഡിഎഫിൽ ഭിന്നത രൂക്ഷം, പിന്നോട്ടില്ലെന്ന് സിപിഎം, നിലപാട് കടുപ്പിച്ച് സിപിഐ, എതിർപ്പുമായി ആർജെഡിയും

മുന്നണി മര്യാദ ലംഘിച്ചത് ആയുധമാക്കിയുള്ള പോരിനാണ് സിപിഐ തയ്യാറെടുക്കുന്നത്. ആർജെഡിയും സർക്കാർ തീരുമാനത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്

മുന്നണി മര്യാദ ലംഘിച്ചത് ആയുധമാക്കിയുള്ള പോരിനാണ് സിപിഐ തയ്യാറെടുക്കുന്നത്. ആർജെഡിയും സർക്കാർ തീരുമാനത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
PM Shri111

പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നിലപാടിൽ എൽഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഐ. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽ ഡി എഫ് ചർച്ച ചെയ്യുമെന്ന സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയിലെ പൊതുവികാരം.

Advertisment

മുന്നണി മര്യാദ ലംഘിച്ചത് ആയുധമാക്കിയുള്ള പോരിനാണ് പാർട്ടി തയ്യാറെടുക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലാണ്. സി പി എം ദേശീയ നേതൃത്തെ എതിർപ്പ് അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടത് പാർട്ടികളുട കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിൻറെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അറിയിക്കും.

Also Read: പിഎം ശ്രീ പദ്ധതി; പരസ്യപോരിലേക്ക് സിപിഐ, മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം

പിഎം ശ്രീ പദ്ധതിയിൽ സഹകരിക്കാനുള്ള സംസ്ഥാന സർക്കാർ നിലപാടിൽ ആർജെഡിയും പ്രതിഷേധവുമായി രംഗത്തെത്തി. പദ്ധതിയിൽ ചേർന്നതിൻറെ അതൃപ്തി മുന്നണി യോഗത്തിൽ അറിയിക്കുമെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് വ്യക്തമാക്കി. സിപിഎമ്മിന് പിന്നാലെ എൽഡിഎഫിനുള്ളിൽ കൂടുതൽ ഘടകകക്ഷികൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തുകയാണ്. 

Advertisment

സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ, സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് രംഗത്തെത്തിയിരുന്നു. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്ന് എഐഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം,  പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് നിലപാടിലാണ് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു.പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ടു തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ല. ഇതിനെ ഒരു നയം മാറ്റം എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

സിപിഐയുടെ ഭാ​ഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് ഉണ്ടായിട്ടും പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ തീരുമാനം എടുത്തില്ല. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല. എം വി ​ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. 

Also Read:സിപിഐയുടെ എതിർപ്പ് തള്ളി; പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചു

അതേസമയം, സർക്കാർ തീരുമാനത്തിനെ അനുകൂലിച്ച് കൂടുതൽ സിപിഎം നേതാക്കളും രംഗത്തെത്തി. പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിൽ തെറ്റില്ലെന്ന് മുൻ ധനമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ഡോ. തോമസ് ഐസക് പറഞ്ഞു.

പദ്ധതിയുടെ ഭാഗമാകുമ്പോൾ ലഭിക്കുന്ന 5000 കോടി രൂപ വേണ്ട എന്ന് വയ്ക്കുവാൻ കേരളത്തിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ല.പിഎം ശ്രീ പദ്ധതിയിൽ കേരളം പങ്കാളികളാകുമ്പോഴും പ്രഖ്യാപിത നിലപാടുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ തോമസ് ഐസക് പറയുന്നു. 

Also Read:പിഎം ശ്രീ പദ്ധതി; എൽഡിഎഫിൽ പ്രതിസന്ധി, എതിർപ്പ് ശക്തമാക്കി സിപിഐ

ഇന്നലെയാണ് പിഎം ശ്രീയിൽ ചേരാനുള്ള ധാരണപത്രത്തിൽ സർക്കാർ ഒപ്പുവെച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടൻ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.

കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ട് വെറുതെ പാഴാക്കി കളയണോ എന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും നിയമപരമായി തടസങ്ങൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. സിപിഎമ്മനുള്ളിലും ഇതേ നിലപാടാണ്.

Read More: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

Cpi Cpm Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: