/indian-express-malayalam/media/media_files/2025/10/24/binoy-viswam-2025-10-24-18-35-15.jpg)
ചിത്രം: ഫേസ്ബുക്ക് (സിപിഐ)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോടും ചർച്ച ചെയ്യാതെയാണ് ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവച്ചതെന്നും പിഎം ശ്രീയെക്കുറിച്ച് സിപിഐയും മറ്റു ഘടകക്ഷികളും ഇരുട്ടിലാണെന്നും ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയ പ്രാധാന്യമുള്ള ഉടമ്പടിയില്‍ പങ്കാളികളാകുമ്പോള്‍ അതില്‍ എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും, ഇതല്ല എല്‍ഡിഎഫിന്‍റെ ശൈലിയെന്നും ഇതാകരുത് എല്‍ഡിഎഫിന്‍റെ ശൈലിയെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്‍റെ വഴിയല്ലാ ഇതെന്നും, തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ എൽഡിഎഫ് കൺവീനർക്ക് കത്തു നൽകിയിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വർഗീയ ഫാസിസ്റ്റുകൾ ഉയർത്തുന്ന ഇരുട്ടിനെതിരായി കേരളത്തിൽ കൊളുത്തിയ ദീപമാണ് എൽഡിഎഫെന്നും അതുകൊണ്ടാണ് ഇന്ത്യൻ മതേതരത്വം അതിനെ പ്രതീക്ഷയോടെ കാണുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. എൻഇപിയിൽ പാഠ്യ പദ്ധതി മാറ്റില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് പോസിറ്റീവായി കാണുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തെയും സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ഇന്ന് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണിതെന്നും വി. ശിവൻകുട്ടി പറഞ്ഞു. നമ്മുടെ കുട്ടികൾക്ക് അർഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Read More: പിഎം ശ്രീ പദ്ധതി; എൽഡിഎഫിൽ ഭിന്നത രൂക്ഷം, പിന്നോട്ടില്ലെന്ന് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us