/indian-express-malayalam/media/media_files/uploads/2017/04/modi7595.jpg)
ഫയൽ ചിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രവും പരിസരവും കനത്ത സുരക്ഷാ വലയത്തിൽ. ഗുരുവായൂർ നഗരത്തിന്റെ സുരക്ഷാ ചുമതല എസ് പി ജി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ക്ഷേത്രത്തിൽ നാളെ ചോറൂണ്, തുലാഭാരം എന്നിവ നടത്തുന്നത് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള വിവാഹ ചടങ്ങുകളിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുഹൂർത്ത സമയത്തിന് മാത്രം ചെറിയ മാറ്റങ്ങൾ വരുമെന്നും ഗുരുവായൂർ ദേവസ്വം അറിയിച്ചിട്ടുണ്ട്.
നാളെ 7.45 ഓടെ ഗുരുവായൂരിലെത്തുന്ന നരേന്ദ്ര മോദി ക്ഷേത്ര ദർശനത്തിന് ശേഷം സുരേഷ് ഗോപി എം പിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. ക്ഷേത്രത്തിലെ കിഴക്കേ നടയിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വിവാഹ മണ്ഡപത്തിലേക്കാവും പ്രധാനമന്ത്രി എത്തിച്ചേരുക. മണ്ഡപത്തിന്റെ സുരക്ഷയടക്കം സുരക്ഷാ ചുമതലയുള്ള എസ് പി ജി വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന മോദി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ അൽപ്പനേരം വിശ്രമിച്ച ശേഷമാവും ക്ഷേത്രത്തിലേക്ക് എത്തുക.
മോദി എത്തുന്ന ദിവസം എഴുപതോളം വിവാഹങ്ങളാണ് ഗുരുവായൂരിൽ ചാർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഒരു വിവാഹം മാത്രമാണ് വിവാഹ പാർട്ടിയുടെ ആവശ്യപ്രകാരം മാറ്റിവെച്ചിട്ടുള്ളത്. മറ്റുള്ള വിവാഹങ്ങൾ പുലർച്ചെ 5 നും 6നും ഇടയ്ക്കും രാവിലെ 9ന് ശേഷവുമാവും നടക്കുക. ക്ഷേത്രത്തിലെ പതിവ് പൂജകൾക്കും ചടങ്ങുകൾക്കും ഒന്നും തന്നെ സുരക്ഷയ മുൻനിർത്തി മാറ്റമുണ്ടാകില്ലെന്ന് ദേവസ്വം ചെയർമാനും അറിയിച്ചിട്ടുണ്ട്. ശീവേലിക്ക് ശേഷം ക്ഷേത്രത്തിനുള്ളിലേക്ക് ആർക്കും പ്രവേശനമുണ്ടാവില്ല. പിന്നീട് പ്രധാനമന്ത്രി പോയതിന് ശേഷം മാത്രമേ ഭക്തർക്ക് പ്രവേശനം നൽകൂവെന്നും ചെയർമാൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർനവുമായി ബന്ധപ്പെട്ട് സുരക്ഷ്യ്ക്കായി കേന്ദ്ര സേനയും കേരളാ പൊലീസുമായി ഏകദേശം 2500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.