scorecardresearch

പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ചിരുന്നാൽ ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍

സര്‍ക്കാരിനൊപ്പം യോജിച്ച് പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു

സര്‍ക്കാരിനൊപ്പം യോജിച്ച് പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ചിരുന്നാൽ ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രതിഷേധിച്ചതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍. പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ചിരുന്ന് പ്രതിഷേധിച്ചതിനെ താന്‍ നൂറ് ശതമാനം ന്യായീകരിക്കുമെന്നും വി.ഡി.സതീശന്‍ എംഎല്‍എ പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സര്‍ക്കാരിനൊപ്പം യോജിച്ച് പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കളാണ് മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയുള്ള സതീശന്റെ പ്രസംഗം.

Read Also: സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം; സിപിഎം മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

"എന്തുകൊണ്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേവേദിയില്‍ പ്രതിഷേധിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരേ വേദിയില്‍ രണ്ട് പേരും ഒന്നിച്ചിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനമെടുക്കാന്‍ കാരണക്കാരില്‍ ഒരാള്‍ ഞാന്‍ കൂടിയാണ്. അതിനെ ഞാന്‍ നൂറ് ശതമാനം ന്യായീകരിക്കുന്നു. പ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാരിനോട് ഒരുപാട് കാര്യങ്ങളില്‍ വിയോജിപ്പുള്ളവരാണ് ഞങ്ങള്‍. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. പക്ഷേ, ഇക്കാര്യത്തില്‍ ഒന്നിച്ചുനിന്ന് പ്രതിഷേധിക്കണമെന്നത് ഞങ്ങളെടുത്ത തീരുമാനമാണ്" വി.ഡി.സതീശൻ പറഞ്ഞു.

Advertisment

"നമ്മുടെ രാജ്യത്തിനു ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാരിനൊപ്പം ഒന്നിച്ചുനിന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് രാജ്യത്തിന് ബോധ്യപ്പെടണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന്, ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസം മാറ്റിവച്ച് ഇത് രാജ്യത്തെ മതേതരത്വത്തെ ബാധിക്കുന്ന വിഷയമായതുകൊണ്ട് ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശം രാജ്യത്തിന് നല്‍കാനായിരുന്നു ഇത്. രാജ്യത്ത് ഈ വിഷയം വലിയ ചര്‍ച്ചയായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്ന് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായി",

Read Also: നിങ്ങള്‍ക്കെന്നെ വെടിവയ്‌ക്കണോ? പക്ഷേ, എനിക്ക് ഇന്ത്യയോടുള്ള സ്‌നേഹം മരിച്ചാലും അവസാനിക്കില്ല: ഒവൈസി

"ഒരു ആവശ്യം വന്നാല്‍ ഒന്നിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണിത്. അത് മനസിലാകാത്ത ആളുകള്‍ കാര്യങ്ങള്‍ പഠിക്കട്ടെ. അങ്ങ് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയും സീതാറാം യെച്ചൂരിയും ഒന്നിച്ചുപോയി രാഷ്ട്രപതിക്ക് പരാതി നല്‍കാമെങ്കില്‍ ഇവിടെ തിരുവനന്തപുരത്ത് പിണറായിയും ചെന്നിത്തലയും ഒരുമിച്ചിരുന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല. ആവശ്യം വന്നാല്‍ അവര്‍ ഒരുമിച്ചിരിക്കും. അത് നാടിനുവേണ്ടിയാണ്, ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ്. ഒരു അവസരം ലഭിച്ചാല്‍ ഈ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ, ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യം വന്നാല്‍ അത് ചെയ്യുക തന്നെ ചെയ്യും" സതീശന്‍ പറഞ്ഞു.

സർക്കാരുമായി യോജിച്ചുള്ള ഒരു പ്രതിഷേധത്തിനും ഇല്ലെന്നാണ് കെപിസിസിയുടെ നിലപാടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെ തള്ളി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് യോജിച്ചുള്ള പ്രതിഷേധം നടത്തിയതെന്നാണ് ചെന്നിത്തല വിശദീകരണം നൽകിയത്.

Pinarayi Vijayan Citizenship Amendment Act Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: