ഹെെദരാബാദ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ വൈകാരികമായി പ്രതികരിച്ച് അസദുദീന്‍ ഒവൈസി. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ മുസ്‌ലിങ്ങളുടെ വിഷയമായി മാത്രം കാണരുതെന്ന് ഒവൈസി പറഞ്ഞു. ഇത് മുസ്‌ലിങ്ങളെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. രാജ്യത്തെ എല്ലാ ജനങ്ങളെയും ബാധിക്കും. നിയമത്തിനെതിരെ എല്ലാവരും ഒന്നിച്ചുനിന്ന് പ്രതികരിക്കുകയാണ് വേണ്ടതെന്നും ഒവൈസി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: ഇറങ്ങി വാ മക്കളേ…; മംഗളൂരുവില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് മധുരവുമായി മന്ത്രി, വീഡിയോ

“ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ ഞാന്‍ എന്തിനാണ് വരിയില്‍ നില്‍ക്കുന്നത്? ഞാന്‍ ഈ രാജ്യത്ത് ജനിച്ചവനാണ്. ഞാന്‍ ഇന്ത്യയിലെ ഒരു പൗരനാണ്. രാജ്യത്തെ നൂറ് കോടി ജനങ്ങളും അവരുടെ പൗരത്വം തെളിയിക്കാന്‍ വരിയില്‍ നില്‍ക്കേണ്ടി വരും. ഇത് മുസ്‌ലിങ്ങള്‍ക്ക് മാത്രമുള്ള കാര്യമല്ല. നരേന്ദ്ര മോദിയുടെ ഭക്തന്‍മാര്‍ക്കു പോലും അവരവരുടെ പൗരത്വം തെളിയിക്കാന്‍ വരിയില്‍ നില്‍ക്കേണ്ട അവസ്ഥ വരും. പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കണമെന്ന് അവര്‍ നിങ്ങളോട് പറയും” ഹൈദരാബാദ് എംപിയായ ഒവൈസി പറഞ്ഞു.

Read Also: Horoscope of the Week (Dec 22 -Dec 28 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

“ജിന്ന മുന്നോട്ടുവച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ( Two – Nation Theory) തള്ളിയവരാണ് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഈ രാജ്യത്തു തന്നെ തുടരണമെന്ന് ആഗ്രഹിച്ചവരാണ്. അതുകൊണ്ട് അവര്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഞാന്‍ ഇന്ത്യയെ കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. ഇന്ത്യയോട് മാത്രമാണ് എനിക്ക് സ്‌നേഹവും കൂറും. ഈ ലോകത്ത് വേറെ എത്രയോ മുസ്‌ലിം രാജ്യങ്ങളുണ്ട്, നിങ്ങള്‍ക്ക് അങ്ങോട്ട് പോയിക്കൂടെയെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നത് എന്തിനാണ്? ഞാന്‍ സ്‌നേഹിക്കുന്നത് ഈ രാജ്യത്തെയാണ്. ജന്മം കൊണ്ടും തിരഞ്ഞെടുപ്പ് കൊണ്ടും ഞാന്‍ ഇന്ത്യക്കാരന്‍ മാത്രമാണ്. എനിക്കുനേരെ വെടിയുണ്ട ഉതിര്‍ക്കണമെങ്കില്‍ നിങ്ങള്‍ക്കത് ചെയ്യാം. നിങ്ങളുടെ തോക്കില്‍ നിന്നുള്ള ബുള്ളറ്റുകള്‍ എന്നെ അവസാനിപ്പിച്ചേക്കാം. പക്ഷേ, അപ്പോഴും ഇന്ത്യയോട് എനിക്കുള്ള സ്‌നേഹം അവസാനിക്കില്ല. ഇന്ത്യയെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ പോരാട്ടം” ഒവൈസി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook