/indian-express-malayalam/media/media_files/uploads/2017/04/g-sudhakaran.jpg)
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടരട്ടെയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കേസന്വേഷണം മുന്നോട്ടുപോകണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. ടി.ഒ.സൂരജ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തത്. സൂരജ് പ്രശ്‌നക്കാരനാണ്. കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കുന്ന ഏര്‍പ്പാടൊന്നുമില്ല. അത് തെറ്റാണ്. സൂരജിന്റെ 24 ഉത്തരവുകള്‍ പലപ്പോഴായി താന്‍ റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹികുഞ്ഞിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കമാണ് വിജിലന്‍സ് നടത്തുന്നത്. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും വിജിലന്‍സ് നടത്തുന്നുണ്ട്.
Read Also: ഒറ്റനോട്ടത്തിൽ കത്രീന തന്നെ; അമ്പരപ്പിക്കുന്ന സാമ്യവുമായി ഒരു ‘അപര’
പാലം പണിയുമ്പോള്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിന്റെ വെളിപ്പെടുത്തലാണ് ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കിയത്. മന്ത്രി പറഞ്ഞിട്ടാണ് മുൻകൂർ പണം നൽകിയതെന്ന് സൂരജ് വെളിപ്പെടുത്തിയിരുന്നു. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രി തന്നെയാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു.
സൂരജ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ഒക്ടോബർ മൂന്ന് വരെ നീട്ടിയിട്ടുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് അവധിയായതിനാൽ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലേക്കാണ് സൂരജ് അടക്കമുള്ളവരെ കൊണ്ടുവന്നത്.
പാലാരിവട്ടം മേല്‍പ്പാലത്തിലേത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്. നൂറ് ശതമാനം ആളുകള്‍ക്കും ഇത് വ്യക്തമായിട്ടുണ്ട്. മുന്‍കൂറായി പണം നല്‍കുന്നത് സര്‍ക്കാര്‍ പോളിസിയാണ്. ഇടപ്പള്ളി മേല്‍പ്പാല നിര്‍മ്മാണത്തിനും മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. മൊബലൈസേഷന്‍ അഡ്വാന്‍സ് പോളിസിയായാണ് പണം നല്‍കിയത്. കാലാകാലങ്ങളായി നല്‍കുന്നതാണിത്. ആര്‍ബിഡിസിക്ക് മുന്‍കൂര്‍ പണം നല്‍കാനാണ് തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
Read Also: പാലാരിവട്ടം പാലം: ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്‌റെ അറിവോടെയെന്ന് ടി.ഒ സൂരജ്
പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അനുമതി നല്‍കുന്നുവെന്നതിനപ്പുറം മന്ത്രിമാര്‍ സാങ്കേതിക വിദഗ്ധരല്ല. മേല്‍പ്പാലം അഴിമതി കേസിൽ അറസ്റ്റിലാവുമെന്ന ഭയമില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.