scorecardresearch

ഉത്തരേന്ത്യയിലെ ക്രിസ്തീയ സമൂഹത്തിന് നേരെ നടക്കുന്നത് ഇരുട്ടിന്റെ ശക്തികളിൽ നിന്നുള്ള ആക്രമണങ്ങൾ; ബിജെപിയെ കടന്നാക്രമിച്ച് ലത്തീൻ അതിരൂപത

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ജനസമ്പർക്ക പരിപാടികളുമായി കേരളത്തിലെ ക്രിസ്ത്യൻ വോട്ടർമാരെ സമീപിക്കുന്ന സമയത്താണ് ബിജെപിക്ക് നേരെയുള്ള ലത്തീൻ അതിരൂപതയുടെ വിമർശനം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ജനസമ്പർക്ക പരിപാടികളുമായി കേരളത്തിലെ ക്രിസ്ത്യൻ വോട്ടർമാരെ സമീപിക്കുന്ന സമയത്താണ് ബിജെപിക്ക് നേരെയുള്ള ലത്തീൻ അതിരൂപതയുടെ വിമർശനം

author-image
WebDesk
New Update
Latin

ഫൊട്ടോ-Fb-Archtvm

തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തിൽ ബിജെപിയെ പരോക്ഷമായി വിമർശിച്ച് ലത്തീൻ അതിരൂപത. ദുഃഖവെള്ളി സന്ദേശത്തിലാണ് തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ തലവൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉത്തരേന്ത്യയിലെ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചത്. മണിപ്പൂരിലും ഉത്തരേന്ത്യയിലെ മറ്റിടങ്ങളിലും ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടക്കുന്നത് ഇരുട്ടിന്റെ ശക്തികളിൽ നിന്നുള്ള ആക്രമണങ്ങളാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ജനസമ്പർക്ക പരിപാടികളുമായി കേരളത്തിലെ ക്രിസ്ത്യൻ വോട്ടർമാരെ സമീപിക്കുന്ന സമയത്താണ് ബിജെപിക്ക് നേരെയുള്ള ലത്തീൻ അതിരൂപതയുടെ വിമർശനം. 

Advertisment

"മണിപ്പൂരിലെയും ഉത്തരേന്ത്യയിലെ മറ്റിടങ്ങളിലെയും ക്രിസ്ത്യാനികൾ ഇരുട്ടിന്റെ ശക്തികളിൽ നിന്ന് ക്രൂരമായ ആക്രമണം നേരിടുന്നു. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടില്ല. തിന്മയുടെ ശക്തികൾക്കെതിരെ നാം ഒരു നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തണം" ആർച്ച് ബിഷപ്പ് നെറ്റോ തിരുവനന്തപുരത്തെ കത്തീഡ്രൽ പള്ളിയിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ പരാമർശിച്ചു. "ഇത് സങ്കുചിതമായ മതാധിഷ്ഠിത സമീപനം വളർത്താനുള്ള ശ്രമമാണ്. ഇക്കാര്യത്തിൽ എല്ലാ ക്രിസ്ത്യൻ സഭകളും അതിജീവനത്തിനുള്ള ശക്തി നേടുന്നതിന് ഒറ്റക്കെട്ടായി നിൽക്കണം". ഭരണഘടന അനുശാസിക്കുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് ഭയമില്ലാതെ ജീവിക്കാൻ കഴിയണമെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും ദുർബലനായ വ്യക്തി ഭയപ്പാടിലാണ് ജീവിക്കുന്നതെങ്കിൽ അത് ആ രാജ്യത്തിന്റെ മുഴുവൻ പരാജയമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സംസ്ഥാനത്തെ എല്ലാ ക്രിസ്ത്യൻ വീടുകളും സന്ദർശിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളടക്കം ഏറ്റെടുത്ത് കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിലേക്ക് ഇറങ്ങാനുള്ള ബിജെപി ശ്രമങ്ങൾക്കിടെയാണ് ക്രിസ്ത്യൻ സഭകളുടെ വിമർശനങ്ങളെന്നത് ശ്രദ്ധേയമാണ്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന  തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ  ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് നിർണ്ണായകമായ വോട്ട് ബാങ്കാണുള്ളത്. നിയോജക മണ്ഡലത്തിലെ ലത്തീൻ കത്തോലിക്കാ സമുദായത്തിൽ കൂടുതലും മത്സ്യത്തൊഴിലാളികളാണ്.

കഴിഞ്ഞയാഴ്ചയും തന്റെ അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും വായിച്ച സർക്കുലറിൽ ആർച്ച് ബിഷപ്പ് നെറ്റോ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

ഗണ്യമായ ക്രിസ്ത്യൻ ജനസംഖ്യയുള്ള സംസ്ഥാനത്ത് ഈസ്റ്റർ ഞായറാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ച മണിപ്പൂർ സർക്കാരിന്റെ ബുധനാഴ്ചത്തെ ഉത്തരവ് കേരള രാഷ്ട്രീയത്തിലും വ്യാപകമായ ചർച്ചകൾ ഉയർത്തിയിരുന്നു.  മണിപ്പൂരിൽ അധികാരത്തിലുള്ള ബി.ജെ.പി.യെ വിമർശിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഉത്തരവ് ചർച്ചയാക്കി മാറ്റി.

Read More:

Bjp Christian Missionary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: