/indian-express-malayalam/media/media_files/uploads/2019/06/Nipah-Ernakulam.jpg)
കൊച്ചി: നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഭയപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. രോഗിക്ക് ഇപ്പോള്‍ ഇടവിട്ടുള്ള നേരിയ പനി മാത്രമാണുള്ളത്. രോഗി ആഹാരം കഴിക്കുന്നുണ്ട്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആറ് പേരാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. അവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. ആകെ 314 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭയാനകമായ അവസ്ഥ തരണം ചെയ്തു കഴിഞ്ഞു. എങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ റിപ്പോര്‍ട്ട് നാളെ ലഭിക്കും. ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളില്‍ നിപ ഉണ്ടോ എന്നറിയാന്‍ ബംഗളൂരില്‍ നിന്നും ഭോപ്പാലില്‍ നിന്നും പ്രത്യേക സംഘം കേരളത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More: നിപ; എറണാകുളം ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത് നീട്ടില്ല
പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 314 പേരുടെ ലിസ്റ്റാണ് ഇതുവരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More: നിപ: ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ
നിപ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അറിയിച്ചു. അതുകൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ രോഗ ബാധ ഉണ്ടാകുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിൽ ആവശ്യമായ മുന്നൊരുക്കം ആവശ്യമാണ്. നിപ രോഗം പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലൊക്കെയും വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ് രോഗം പിടിപെട്ടിട്ടുള്ളത്. അസുഖം ബാധിച്ചവരില്‍ മരണ നിരക്ക് കൂടുതലുമായിരുന്നു. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണത്തിലാണെന്നും ഐഎംഎ അറിയിച്ചു.
എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ 23കാരനിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിലാണു രോഗ സ്ഥിരീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.