Nipah Virus Treatment and Prevention: നിപ വൈറസ് (NiV) ഒരു സൂനോട്ടിക് വൈറസ് ആണ് (മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്), കൂടാതെ മലിനമായ ഭക്ഷ്യവസ്തുക്കൾ വഴിയും അല്ലെങ്കിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും ഇത് പകരാം. അണുബാധയുണ്ടായ മനുഷ്യരിൽ പ്രകടമായ ലക്ഷണങ്ങളില്ലാത്ത അണുബാധ (asymptomatic infection) മുതൽ തീവ്രമായ ശ്വാസകോശസംബന്ധമായ അണുബാധ, മാരകമായ മസ്‌തിഷ്‌കവീക്കം വരെ ഇതുണ്ടാക്കാം.  കേരളത്തില്‍ രണ്ടാം വട്ടവും നിപ വൈറസ്‌ ബാധ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ഈ അസുഖത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്ന ചില പ്രധാന വസ്തുതകള്‍, നിപ വൈറസ് നിയന്ത്രണത്തിനുള്ള മാർഗങ്ങള്‍ എന്നിവ പരിശോധിക്കാം.

പ്രധാന വസ്തുതകൾ

നിപ വൈറസ് അണുബാധയുണ്ടാകുന്ന മനുഷ്യരിൽ, പ്രകടമായ ലക്ഷണങ്ങളില്ലാത്ത അണുബാധ (asymptomatic infection) മുതൽ തീവ്രമായി ശ്വാസകോശസത്തെ ബാധിക്കുന്ന അണുബാധ വരെയും, മാരകമായ മസ്‌തിഷ്‌കവീക്കം (encephalitis) വരേയും ഉണ്ടായേക്കാം.

നിപ ബാധിച്ചവരില്‍ 40 മുതൽ 75 ശതമാനം വരെയാണ് മരണസാധ്യത കണ്ടു വരുന്നത്. രോഗബാധ നിരീക്ഷണത്തിനും ക്ലിനിക്കൽ മാനേജ്മെന്റിനുമുള്ള പ്രാദേശിക സംവിധാനങ്ങളുടെ അടിസ്ഥാനത്തിലും, പകർച്ചവ്യാധിയുടെ വ്യാപ്തിക്കനുസരിച്ചും ഈ നിരക്കിൽ വ്യത്യാസം വരാം.

നിപ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കോ (വവ്വാൽ, പന്നി എന്നിവ) അല്ലെങ്കിൽ അശുദ്ധമായ ഭക്ഷണം വഴിയോ അതുമല്ലെങ്കിൽ മനുഷ്യരിൽ നിന്നും നേരിട്ട് മനുഷ്യരിലേക്കോ പകരാം.

ടെറോപോഡിഡൈ കുടുംബത്തിൽ (Pteropodidae family) പെടുന്ന ഫ്രൂട്ട് ബാറ്റ്സ് എന്ന തരം വവ്വാലുകളാണ് (Fruit bats) നിപ വൈറസിന്റെ ‘natural host’ അല്ലെങ്കില്‍ വാഹകര്‍.

ഇതിനെതിരായ ചികിത്സയോ വാക്‌സിനേഷനോ (മനുഷ്യർക്കും മൃഗങ്ങള്‍ക്കും) ലഭ്യമല്ല. മനുഷ്യർക്ക് ലഭ്യമായ പ്രാഥമിക ചികിത്സ ജാഗ്രതയോടു കൂടെയുള്ള പരിചരണമാണ്.

നിപ വൈറസിനു വേണ്ടി ദ്രുതഗതിയിലുള്ള ഗവേഷണവും വികസനവും അടിയന്തരമായി വേണം എന്ന് ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ (2018) പ്രാധാന്യമർഹിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള വാര്‍ഷിക സർവേ നിഷ്കര്‍ഷിക്കുന്നു.

പ്രതിരോധമാർഗങ്ങള്‍

പന്നികളിൽ നിപ വൈറസ് നിയന്ത്രിക്കുന്നതിന്

നിപ വൈറസിനെ പ്രതിരോധിക്കാന്‍ നിലവിൽ ഒരു വാക്‌സിനും ലഭ്യമല്ല. 1999-ൽ പന്നി ഫാമുകളിൽ നിപ പടർന്നു പിടിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ദൈനംദിനമുള്ള സമഗ്രമായ വൃത്തിയാക്കല്‍ കൂടാതെ പന്നി ഫാമുകള്‍ ഡിറ്റർജന്റുകൾ ഉപയോഗിച്ച് അണുബാധമുക്തമാക്കുക കൂടി ചെയ്‌താല്‍ അണുബാധ പടരുന്നത് വലിയ അളവില്‍ തടയും.

രോഗമുണ്ട്‌ എന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ആ പരിസരം ‘quarantine’ (പകര്‍ച്ചവ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം) ചെയ്യണം. അണുബാധ ഉണ്ടായ മൃഗങ്ങളെ വേർതിരിക്കൽ – മൃഗങ്ങളുടെ ജഡം വളരെ ശ്രദ്ധയോടെ കുഴിച്ചുമൂടുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നത് മനുഷ്യരിലേക്ക് അത് പടരാനുള്ള സാധ്യത കുറയ്ക്കും. രോഗബാധ ഉണ്ടായ ഫാമിലെ മൃഗങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ അനുവദിക്കാതിരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് രോഗം പടർന്നു പിടിക്കുന്നത് തടയും.

നിപ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിൽ പന്നികളുടെയും വവ്വാലുകളുടെയും പങ്കുണ്ട്. സുസ്ഥിരമായ ഒരു മൃഗ ആരോഗ്യ/വന്യജീവി നിരീക്ഷണ സംവിധാനത്തിലൂടെ നിപ കണ്ടെത്തി, പൊതു ആരോഗ്യ വകുപ്പുകള്‍ക്ക് അതേക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കേണ്ടതാണ്.

നിപ മനുഷ്യരില്‍

പ്രത്യേകമായി ഒരു വാക്‌സിൻ ഇല്ലാത്ത സാഹചര്യത്തിൽ അണുബാധയെ കുറയ്ക്കാനോ പ്രതിരോധിക്കാനോ ഉള്ള ഏകമാർഗം രോഗത്തെക്കുറിച്ചും അതിന്റെ മാരകതയെക്കുറിച്ചും ആളുകളിൽ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ്. നിപ വൈറസ് പിടിപെടാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തുക.

പൊതു ആരോഗ്യ അവബോധ സന്ദേശങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കുക

അണുബാധ തടയുന്നതിന് വേണ്ടിയുള്ള ആദ്യ ശ്രമങ്ങൾ കേന്ദ്രീകരിക്കേണ്ടത് ഈന്തപ്പഴത്തിന്റെ സത്ത്, അല്ലെങ്കിൽ മറ്റ് പുതിയ ഭക്ഷ്യ വസ്തുക്കൾ എന്നിവയിലേക്ക് വവ്വാലിന് എത്തിപ്പെടാനുള്ള മാർഗങ്ങള്‍ കുറയ്ക്കുക എന്നതാണ്. പഴങ്ങളുടെ സത്ത ശേഖരിക്കുന്ന സ്ഥലങ്ങളിൽ നിന്നും സംരക്ഷണ മറകൾ (മുള തുരുത്തികൾ) ഉപയോഗിച്ച് വവ്വാലുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യും. പുതുതായി ശേഖരിച്ച ഈന്തപ്പഴത്തിന്റെ ചാർ നന്നായി തിളപ്പിക്കുകയും, പഴങ്ങൾ കഴിക്കുന്നതിന് മുൻപ് നന്നായി കഴുകി അവയുടെ പുറംതൊലി നീക്കം ചെയ്യുകയും വേണം. വവ്വാലുകൾ കഴിച്ചതാകാം എന്നു തോന്നിക്കുന്ന അടയാളങ്ങളുള്ള പഴങ്ങൾ ഒഴിവാക്കുക.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കുക

അസുഖം ബാധിച്ച മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ, മൃഗങ്ങളെ അറുക്കുമ്പോൾ അല്ലെങ്കിൽ വേർതിരിച്ച് എടുക്കുമ്പോൾ കയ്യുറകൾ അല്ലെങ്കിൽ മറ്റ് സുരക്ഷിത വസ്ത്രങ്ങൾ ഉപയോഗിക്കുക. രോഗം പിടിപെട്ട പന്നികളുമായി കഴിയുന്നത്ര സമ്പർക്കം ഒഴിവാക്കുക. രോഗം പിടിപെട്ട പ്രദേശത്ത് പുതുതായി പന്നി ഫാം തുടങ്ങുകയാണെങ്കിൽ അവിടെ ഫ്രൂട്ട് ബാറ്റുകളുടെ സാന്നിധ്യം ഉണ്ടായെന്ന് പരിശോധിക്കുക. പന്നികൾക്ക് നൽകുന്ന ഭക്ഷണം, പന്നികളുടെ ഷെഡുകൾ എന്നിവ വവ്വാലുകളിൽ നിന്നും സംരക്ഷിക്കുക.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കുക

നിപ വൈറസ് ബാധിച്ചവരുമായി സുരക്ഷിതമല്ലാത്ത അടുത്ത ഇടപഴകലുകൾ ഒഴിവാക്കുക. അസുഖം ബാധിച്ചവരെ കാണാൻ പോവുകയോ അവരെ ശുശ്രുഷിക്കുകയോ ചെയ്തു കഴിഞ്ഞാൽ കൈകഴുകുന്നത് പതിവാക്കുക.

ആരോഗ്യ പരിപാലന ക്രമീകരണങ്ങളിൽ/കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം

അണുബാധ ഉണ്ടെന്ന് സംശയിക്കുന്ന രോഗികളേയോ, അല്ലെങ്കിൽ രോഗം സ്ഥിരീകരിച്ചവരെയോ പരിപാലിക്കുന്നവർ, അല്ലെങ്കിൽ രോഗികളിൽ നിന്നുമുള്ള സ്പെസിമെനുകൾ കൈകാര്യം ചെയുന്നവർ എല്ലാ സമയത്തും സാധാരണ അണുബാധ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ എടുത്തിരിക്കണം.

ചില ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അണുബാധ പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, അടിസ്ഥാന മുൻകരുതലുകൾക്ക് പുറമെ ‘കോൺടാക്ട്’ മുൻകരുതലും ‘ഡ്രോപ്‌ലെറ്റ്’ മുൻകരുതലും സ്വീകരിക്കേണ്ടതാണ്. ചില സാഹചര്യങ്ങളിൽ വായുസഞ്ചാര മുൻകരുതലുകളും ആവശ്യമായി വന്നേക്കാം.

നിപ വൈറസ് പിടിപെട്ട മനുഷ്യരിൽ നിന്നും മൃഗങ്ങളിൽ നിന്നും എടുത്ത സാമ്പിളുകൾ, പരിചയസമ്പന്നരായ സ്റ്റാഫുകളെക്കൊണ്ട് അനുയോജ്യമായ സജ്ജീകരണങ്ങളുള്ള ലബോറട്ടറികളിൽ മാത്രം പരിശോധിക്കുക.

നിപ- സൂചനകളും രോഗലക്ഷണങ്ങളും

രോഗലക്ഷണങ്ങളില്ലാത്ത അണുബാധ മുതൽ, ശ്വാസകോശസംബന്ധമായ അണുബാധ, മാരകമായ മസ്തിഷ്‌കവീക്കം വരെ മനുഷ്യരിൽ നിപ കാരണം ഉണ്ടാകാം.

അണുബാധിതരിൽ പ്രാഥമികമായി കാണുന്ന ലക്ഷണങ്ങൾ പനി, തലവേദന, പേശിവേദന, ഛർദി, തൊണ്ടവേദന എന്നിവയാണ്. ഇതേ തുടർന്ന് തലചുറ്റൽ, മയക്കം, സുബോധം നഷ്ടപ്പെടുക, മാരകമായ മസ്തിഷ്‌കവീക്കം സൂചിപ്പിക്കുന്ന ന്യൂറോളജിക്കൽ അടയാളങ്ങൾ എന്നിവയും പ്രകടമാകും. ചിലർക്ക് അസാധാരണമായ ന്യൂമോണിയ, തീക്ഷ്ണമായ ശ്വാസകോശ വൈഷമ്യം പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകാം. ഏറ്റവും ഗൗരവമായ അവസ്ഥയില്‍ മസ്തിഷ്കവീക്കവും ജ്വരവും വന്ന് രോഗി കോമയിലേക്ക് കടക്കുകയും 24 മുതൽ 48 മണിക്കൂറിനകം മരണം സംഭവിക്കുകയും ചെയ്യും.

രോഗാണുവിന്‌ വളരാനുള്ള സമയം (The incubation period – അണുബാധ ഉണ്ടാകുന്നത് മുതൽ ലക്ഷണങ്ങൾ കാണുന്നത് വരെയുള്ള സമയം) 4 മുതൽ 14 ദിവസം വരെയാണ്. എന്നാൽ 45 ദിവസം എടുത്ത് രോഗലക്ഷണങ്ങൾ കാണിച്ച കേസുകളുമുണ്ട്.

ഗുരുതരമായ മസ്തിഷ്‌കവീക്കത്തെ അതിജീവിച്ച ഭൂരിഭാഗം ആളുകളിലും പൂർണമായ തിരിച്ചുവരവ് സാധ്യമായിട്ടുണ്ട്, എന്നാൽ ദീർഘകാല ന്യൂറോളജിക്കൽ അവസ്ഥകൾ ഇവരില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 20 ശതമാനത്തോളം രോഗികളിൽ ജന്നിരോഗ തകരാറുകൾ, വ്യക്തിത്വ മാറ്റങ്ങൾ എന്നിങ്ങനെയുള്ള അനന്തരഫലങ്ങൾ ഉണ്ടായിട്ടുണ്ട്. അതിജീവിച്ചവരിൽ ഒരു ചെറിയ ശതമാനം രോഗികളിൽ കാലക്രമേണ മസ്തിഷ്‌കവീക്കം വന്നിട്ടുമുണ്ട്.

നാല്പത് ശതമാനം മുതൽ എഴുപത്തിയഞ്ച് ശതമാനം വരെയാണ് നിപയുടെ മരണസാധ്യത. രോഗബാധ നിരീക്ഷണത്തിനും ക്ലിനിക്കൽ മാനേജ്മെന്റിനുമുള്ള പ്രാദേശിക സംവിധാനങ്ങളുടെ അടിസ്ഥാനത്തിലും, പകർച്ചവ്യാധിയുടെ വ്യാപ്തിക്കനുസരിച്ചും ഈ നിരക്കിൽ വ്യത്യാസം വരാം.

രോഗനിർണയം

നിപ വൈറസ് മൂലമുണ്ടാകുന്ന അണുബാധയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന അടയാളങ്ങളിലും രോഗലക്ഷണങ്ങളിലും വ്യക്തതയില്ലാത്തതിനാൽ പലപ്പോഴും തുടക്കത്തില്‍ രോഗനിർണയം നടക്കുന്നില്ല. ഇത് കൃത്യമായ രോഗനിർണയത്തെ തടസപ്പെടുത്തുകയും, പകർച്ചവ്യാധി കണ്ടെത്തുന്നതിൽ വെല്ലുവിളികൾ സൃഷ്ടിക്കുകയും ചെയുന്നു. ഫലപ്രദവും സമയബന്ധിതവുമായ അണുബാധ നിയന്ത്രണങ്ങൾ, പകർച്ചവ്യാധിയെ തുടർന്നുള്ള പ്രവർത്തനങ്ങള്‍ എന്നിവയും തന്മൂലം വൈകുന്നു.

കൂടാതെ സാമ്പിൾ ശേഖരണത്തിന്റെ നിലവാരം, അളവ്, ടൈപ്പ്, സമയം, ലബോറട്ടറിയിലേക്ക് സാമ്പിളുകൾ കൈമാറാനെടുക്കുന്ന സമയം, ഇവയെല്ലാം ലബോറട്ടറിയിലെ ഫലത്തിന്റെ കൃത്യതയെ ബാധിക്കാം.

രോഗം മൂർച്ഛിച്ചിരുന്ന അവസ്ഥയിലും ആരോഗ്യത്തിലേക്ക് തിരിച്ചു വരുന്ന അവസ്ഥയിലും നിപ വൈറസ് അണുബാധ കണ്ടെത്താവുന്നതാണ്. നിപയ്ക്കായിട്ടുള്ള പ്രധാനപ്പെട്ട ടെസ്റ്റുകൾ ശരീരത്തിലെ ദ്രവങ്ങളുപയോഗിച്ച് നടത്തുന്ന റിയൽ ടൈം പോളിമെറാസ് ചെയിൻ റിയാക്ഷൻ (RT-PCR), എൻസൈം ലിങ്ക്ഡ് ഇമ്യൂണോസോബർബന്റ് എസെ (ELISA) വഴി ആന്റിബോഡി കണ്ടെത്തൽ എന്നിങ്ങനെയുള്ള ടെസ്റ്റുകളാണ്.

സെൽ കൾച്ചർ മുഖേന വൈറസ് ഐസൊലേഷൻ ടെസ്റ്റും, പോളിമെറാസ് ചെയിൻ റിയാക്ഷൻ (PCR) അസ്സെയുമാണ് ഇതുകൂടാതെയുള്ള മറ്റു ടെസ്റ്റുകൾ.

ചികിത്സ

ലോകാരോഗ്യ സംഘടനയുടെ ഗവേഷണ-വികസന മുൻഗണനപ്പട്ടികയിൽ ഏറ്റവും പ്രധാനപ്പെട്ട അസുഖമായി നിപയെ പ്രതിപാദിക്കുന്നുണ്ടെങ്കിലും നിപ വൈറസ് മുഖാന്തിരമുണ്ടാകുന്ന അണുബാധയ്ക്ക് ഇപ്പോൾ പ്രത്യേകമായി വാക്‌സിനേഷനോ മരുന്നുകളോ ലഭ്യമല്ല. മാരകമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും, ന്യൂറോളജിക്കലായ പ്രശ്നങ്ങൾക്കും ഗൗരവമായതും ശ്രദ്ധയേറിയതുമായ പരിരക്ഷയാണ് നിർദേശിക്കുന്നത്.

നിപ വൈറസ് വീട്ടു മൃഗങ്ങളിൽ

1999-ലുണ്ടായ മലേഷ്യൻ പകർച്ചവ്യാധിയിലാണ് പന്നികളിലും മറ്റ് ഗാർഹിക മൃഗങ്ങളായ കുതിരകൾ, ആടുകൾ, പൂച്ചകൾ, നായകൾ എന്നിവയിൽ നിപ ബാധിച്ചതായി സ്ഥിരീകരിച്ചത്.

പന്നികളിൽ ഈ വൈറസ് വളരെ വേഗം പടർന്നു പിടിക്കുന്നു. രോഗാണു വളരുന്ന കാലഘട്ടമായ 4 മുതൽ 14 ദിവസങ്ങളിൽ പന്നികൾ മറ്റുള്ളവർക്ക് അണുബാധ പടർത്താം.

രോഗം പിടിപെട്ട പന്നികൾ ഒരു രോഗലക്ഷണങ്ങളും കാണിക്കാതിരിക്കാം, എന്നാൽ ചിലത് തീക്ഷ്‌ണമായ പനി പോലുള്ള രോഗങ്ങൾ പ്രകടിപ്പിക്കാം, ശ്വസോച്ഛാസത്തിൽ പ്രശ്നമുണ്ടാകാം, വിറയൽ, കോച്ചിവലിവ്, പേശിവേദന തുടങ്ങിയ ന്യൂറോളജിക്കലായ ലക്ഷണങ്ങളും കാണിക്കാം. ചെറിയ പന്നിക്കുട്ടികളിൽ ഒഴികെ സാധാരണയായി മരണനിരക്ക് കുറവാണ്. പന്നികളുടെ മറ്റ് ശ്വാസകോശ സംബന്ധമായതും ന്യൂറോളജിക്കലായ രോഗങ്ങളിൽ നിന്നും ഈ ലക്ഷണങ്ങൾ അധികം വ്യത്യസ്തമല്ല. പന്നികളിൽ അസാധാരണമായ പരുക്കനായ ചുമയുണ്ടെങ്കിലോ അല്ലെങ്കിൽ മനുഷ്യരിലുണ്ടാകുന്ന മസ്തിഷ്കവീക്കമോ ശ്രദ്ധയിൽപ്പെട്ടാൽ നിപ വൈറസ് ആണെന്ന് സംശയിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook