കൊച്ചി: നിപ രോഗബാധയുടെ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്‌ക്കേണ്ട ആവശ്യം നിലവില്‍ ഇല്ല എന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. രോഗം വരാതിരിക്കാനും പടരാതിരിക്കാനും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കലക്ടറേറ്റിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി.

നേരത്തെ നിശ്ചയിച്ചതു പോലെ സംസ്ഥാനത്തെ സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. തൃശൂർ ജില്ലയിലെ സ്കൂളുകളും നാളെ തന്നെ തുറക്കാൻ സാധിക്കുമെന്നാണ് ജില്ലയിൽ നിന്നുള്ള മന്ത്രിയായ എ.സി മൊയ്തീനും പറഞ്ഞു.

Read More: നിപയെ കുറിച്ചുള്ള പോസ്റ്റ് ‘വൈറസി’ന്റെ പരസ്യമെന്ന് ആരോപിച്ചയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ടൊവിനോ

അതേസമയം, നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. യുവാവിന്റെ നില തൃപ്തികരമാണ്. ആരോഗ്യനിലയിൽ പുരോഗതി ഉളളതിനാൽ മരുന്ന് ഇപ്പോൾ ഉപയോഗിക്കില്ല. ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുളള അഞ്ചു പേരുടെ ആരോഗ്യനിലയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രി നാളെ അവലോകന യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, നിപ പ്രതിരോധത്തിനുളള പ്രത്യേക മരുന്ന് ഓസ്ട്രേലിയയിൽനിന്നും കൊച്ചിയിൽ എത്തിച്ചു. ആന്റിബോഡി ഹ്യൂമൻ മോണോക്ലോണൽ ആണ് എത്തിച്ചത്. വിദ്യാർഥിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാകും മരുന്ന് നല്‍കുക.

Read More: നിപ: വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി, പ്രതിരോധ മരുന്ന് കൊച്ചിയിലെത്തിച്ചു

രോഗിയെ പരിചരിച്ച ജീവനക്കാരില്‍ അസ്വസ്ഥതയുള്ളവരേയും പനിയും തലവേദനയുമുള്ളവരേയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. അഞ്ച് പേരുടെയും രക്ത സാംപിളുകളും സ്രവങ്ങളും ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. ആലപ്പുഴ, മണിപ്പാല്‍, പൂനെ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കാണ് അയയ്ക്കുക.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.