/indian-express-malayalam/media/media_files/uploads/2023/09/Nipah-Virus-3.jpg)
പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. നിപ സ്ഥിരീകരിച്ച നാൽപ്പത്തിരണ്ടുകാരി വീട്ടിൽ നിന്ന് അധികം പുറത്തേക്ക് പോയിട്ടില്ലെന്നും അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്.
നേരത്തെ തന്നെ നിപ സംശയിച്ചതിനാൽ ചികിത്സ ആരംഭിച്ചിരുന്നുവെന്നും ഇവർക്ക് ആന്റിബോഡി നൽകുമെന്നും മന്ത്രി അറിയിച്ചു. പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഹൈ റിസ്കായ ഏഴു പേരുടെ സാമ്പിൾ പരിശോധിച്ചതിന്റെ ഫലം നെഗറ്റീവാണെന്നും മന്തി പറഞ്ഞു. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്നും മന്ത്രി പറഞ്ഞു. മാറാക്കര- എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം.
പനിയും ശ്വാസതടസ്സത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയാണ് നിപ പോസിറ്റീവായത്. ഇന്ന് ഉച്ചയോടെയാണ് സ്ഥിരീകരണമുണ്ടായത്. ഒന്നാം തീയതിയാണ് ഇവർ വളാഞ്ചേരി ആശുപത്രിയിൽ എത്തിയത്. നിലവിൽ വെന്റിലേറ്ററിൽ ആണ്. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു സ്രവം പരിശോധനക്കയച്ചത്.
എന്താണ് നിപ വൈറസ്?
ഹെനിപാ വൈറസ് ജനുസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിൽ പെടുന്ന വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. എന്നാൽ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്കും പടരും.
അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാനുള്ള സാധ്യതയേറെയാണ്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
രോഗലക്ഷണങ്ങൾ
നിപ വൈറസ് ശരീരത്തിൽ കടന്നാൽ പെട്ടെന്നൊന്നും ലക്ഷണങ്ങൾ കാണില്ല. അഞ്ച് ദിവസം മുതൽ രണ്ടാഴ്ച വരെ സമയമെടുത്തേ ശരീരം രോഗലക്ഷണങ്ങൾ കാണിക്കൂ. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ഉണ്ടാകും. ചിലർ ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാറുണ്ട്.
ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്ന വൈറസാണിത്. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ ആരംഭിച്ച് രണ്ടു ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കാര്യമായ ഫലം ചെയ്യില്ല, പ്രതിരോധമാണ് പ്രധാനം.
പ്രതിരോധിക്കേണ്ടതെങ്ങനെ?
ഇതുവരെ കണ്ടെത്തിയതിൽ വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രധാന വാഹകർ. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം. പക്ഷികളിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന അസുഖമാണ് നിപ വൈറസ്.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട്. അതിനാൽ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക.
Read More
- സംസ്ഥാനത്ത് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്
- കേരളത്തിലും അതിജാഗ്രത; വിമാനത്താവളങ്ങളിൽ അടക്കം കനത്ത സുരക്ഷ
- റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്;വനം വകുപ്പ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം
- പ്ലസ് ടു പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കും
- എ.രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.