/indian-express-malayalam/media/media_files/2025/06/02/SlIwz4Tdt2lne6Udurss.jpg)
പി.വി.അൻവർ. ഫൊട്ടോ കടപ്പാട്: ഫെയ്സ്ബുക്ക്
നിലമ്പൂർ: മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകുമെന്ന് പി.വി.അൻവർ. എന്റെ മത്സരം ആരെയാണ് ബാധിക്കുകയെന്ന് പറയാൻ കഴിയില്ല. മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കുമെന്നും ജനം വഞ്ചകരെ തോൽപ്പിക്കുമെന്നും അൻവർ പറഞ്ഞു. നിലമ്പൂരിലേത് ശക്തമായ മത്സരമാണ്. അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തുമെന്നും ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ലെന്നും അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് പി.വി.അൻവർ ജനവിധി തേടുന്നത്.
പി.വി.അന്‍വര്‍ വഞ്ചന കാണിച്ചെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത് വഞ്ചനയുടെ ഫലമായാണ്, അതില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. തികഞ്ഞ ആത്മവിശ്വാസത്തോടെ, നല്ല വിജയപ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് നിമ്പൂരിലെ കോടതിപ്പടിയിൽ ഇടതുമുന്നണി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വഞ്ചനയുടെ ഫലം; പി.വി അൻവറിനെതിരെ മുഖ്യമന്ത്രി
ഇന്നലെയാണ് നിലമ്പൂരിൽ താൻ മത്സരിക്കുമെന്ന് പി.വി.അൻവർ വ്യക്തമാക്കിയത്. തിങ്കളാഴ്ച താൻ നാമനിർദേശ പത്രിക നൽകുമെന്നും അൻവർ പറഞ്ഞു. വേണമെങ്കിൽ രാജിവച്ചപ്പോൾ തന്നെ അൻവർ മത്സരിക്കുമെന്ന് പറയാമായിരുന്നു. എന്നാൽ താൻ കോൺഗ്രസിന് ഒരു വഴി തുറന്നുകൊടുക്കുകയായിരുന്നു. ഇതുമൂലം മലയോരജനത കൈവിട്ട യുഡിഎഫിന് തിരിച്ചുവരാമെന്ന് കരുതിയാണ് വിഎസ് ജോയിയെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടത്. വിഡി സതീശൻ ഉൾപ്പെടയുള്ള ഹരിത എംഎൽഎമാരാണ് മലയോരജനതയെ കോൺഗ്രസിന് എതിരാക്കിയതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Also Read: സംസ്ഥാനത്ത് മഴയ്ക്ക് ആശ്വാസം; മുന്നറിയിപ്പുകളിൽ മാറ്റം
നിലമ്പൂരിൽ ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കും. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 ആണ്. ജൂൺ മൂന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്. സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ നിലമ്പൂർ നിയോജക മണ്ഡലത്തിൽനിന്നും രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.