/indian-express-malayalam/media/media_files/2025/04/10/4ojqIDUeZCcML3go3Ywv.jpg)
കൊല്ലപ്പെട്ട വിനീത, പ്രതി രാജേന്ദ്രൻ
സ്റ്റോക്ക് മാർക്കറ്റിൽ സ്ഥിരമായി പണം നിക്ഷേപിക്കുന്ന ആളാണ് രാജേന്ദ്രൻ. പണത്തിന് ആവശ്യം വരുമ്പോൾ രാജേന്ദ്രൻ മറ്റാരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിക്കും. അങ്ങനെ, രാജേന്ദ്രൻ കൊന്നുതള്ളിയത് നാലുപേരെയാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി വിനീതയെ രാജേന്ദ്രൻ കൊന്നതും ഇതേ ആവശ്യത്തിനാണ്.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ, സാഹചര്യ തെളിവുകൾ കൃത്യമായി നിരത്തിയാണ് പോലീസ് രാജേന്ദ്രന് കെണിയൊരുക്കിയത്. രാജേന്ദ്രൻ കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയതിന് പിന്നിലും പോലീസിൻറെ ശക്തമായ കുറ്റപത്രമാണ്. കേസിൽ ശിക്ഷ പിന്നീട് വിധിക്കുമെന്ന് കോടതി വ്യക്തമാക്കി.
വിനീതയുടെ കൊലപാതകം, എന്താണ് സംഭവിച്ചത്
2022 ഫെബ്രുവരി ആറിനാണ് നെടുമങ്ങാട് സ്വദേശി വിനീതയെ അവർ ജോലിചെയ്യുന്ന ചെടിക്കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പേരൂർക്കട അമ്പലമുക്കിലെ ചെടിക്കടയിൽ നിന്നാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്.വയറിലും കഴുത്തിലും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. അതിക്രമം നടക്കുമ്പോൾ വിനീത മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്.പട്ടാപകൽ നടന്ന കൊലപാതകം ആയിട്ടും സാക്ഷികളോ കൊലപാതകത്തിലേക്കോ നയിക്കുന്ന തെളിവുകളോ ലഭിക്കാത്തത് പോലീസിനെ അക്ഷരാർഥത്തിൽ കുഴച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി രാജേന്ദ്രനെന്ന് പോലീസ് തിരിച്ചറിയുന്നത്. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവ്, ഏഴ് ഡിവിഡി എന്നിവയാണ് വാദത്തിനിടെ പോലീസ് കോടതിയിൽ ഹാജരാക്കിയത്.
കന്യാകുമാരി സ്വദേശിയായ രാജേന്ദ്രൻ, തിരുവനന്തപുരം പേരൂർക്കടയിലുള്ള ചായക്കടയിലാണ് ജോലി ചെയ്തിരുന്നു. പ്രതി കൃത്യം നടത്തുന്ന സമയത്ത് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കാൻ വേണ്ടി പണം ആവശ്യമായ സമയം ആയിരുന്നു. വിനീതയെ പ്രതി കുത്തികൊലപ്പെടുത്തുന്നത് പണത്തിന് വേണ്ടിയായിരുന്നു. വിനീത അണിഞ്ഞ നാലര പവന്റെ സ്വർണ മാല കവരാനാണ് പ്രതി രാജേന്ദ്രൻ കൊലപാതകം നടത്തിയത്.
നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. കന്യകുമാരി തോവാളം സ്വദേശിയായ രാജേന്ദ്രൻ കൊലപാതകത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. കന്യകുമാരിയിലെ കാവൽ കിണറിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന ജീസസ് സർജൻ കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത്
ആരാണ് രാജേന്ദ്രൻ ?
കന്യാകുമാരി തോവാളം സ്വദേശിയായ രാജേന്ദ്രൻ, പണത്തിനായി എന്ത് ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാത്ത ആളാണെന്നാണ് പോലീസ് പറയുന്നത്. പണത്തിന് വേണ്ടി ഇയാൾ മുൻപും കൊലപാതകങ്ങൾ ചെയ്തിട്ടുണ്ട്. ഒന്നല്ല, മൂന്ന് കൊലപാതകങ്ങൾ. തമിഴ്‌നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് സമാന രീതിയിൽ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയിൽ ജോലി നോക്കുന്നതിനിടെയാണ് വിനീതയെ കൊല്ലുന്നത്.
സാഹചര്യ തെളിവുകൾ നിർണായകം
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ,സാഹചര്യ തെളിവുകളായിരുന്നു നിർണ്ണായകം. 118 സാക്ഷികളിൽ 96 പേരെ കേസിൽ സാക്ഷികളായി വിസ്തരിച്ചിരുന്നു. കേസിലെ ഏക പ്രതിയായ രാജേന്ദ്രന്റെ പ്രവർത്തി ദയ അർഹിക്കുന്നില്ലെന്നായിരുന്നു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീന്റെ വാദം. 96 സാക്ഷികളെ പ്രോസീക്യൂഷൻ വിസ്തരിച്ചു. പ്രതി സംഭവ ദിവസം കൊലപാതകത്തിന് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം 12 പെൻഡ്രൈവുകളും 7 ഡിവിഡികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
സംഭവസമയം കൊലപാതകം നടന്ന സ്ഥലത്ത് പ്രതി രാജേന്ദ്രൻ എത്തിയതിന്റെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. പൊലീസ് കുളത്തിൽ നിന്ന് കണ്ടെത്തിയ ഷർട്ട് രാജേന്ദ്രന്റെത് അല്ലെന്നാണ് പ്രതിഭാഗം വാദം. കേസിലെ നിർണായക തെളിവായ കത്തി പ്രതിയുടേതല്ലെന്നും വാദിച്ചു. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രൻ ദ്വിഭാഷിയുടെ സഹായത്തോടെയാണ് വിചാരണ നേരിട്ടത്.
Read More
- Gold Rate Today: സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്ന് കൂടിയത് 2160 രൂപ
- Supplyco Vishu-Easter Fair: സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ; 40 ശതമാനം വിലക്കിഴിവ്
- KeralaWeather: ഇന്ന് ശക്തമായ മഴ; ഏഴിടങ്ങളിൽ യെല്ലോ അലർട്ട്
- ഒന്നാം തീയതി മദ്യം നൽകാം; മദ്യനയത്തിന് അംഗീകാരം
- Waqf Amendment Bill: മുനമ്പം പ്രശ്നം സങ്കീർണം; വഖഫ് നിയമഭേദഗതിയിലൂടെ പരിഹരിക്കാനാവില്ല:പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.