/indian-express-malayalam/media/media_files/y1lDRBYJw9r8qFptLcEa.jpg)
മാത്യൂ കുഴൽനാടൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: കേന്ദ്ര അന്വേഷണം നടക്കുന്ന എക്സാലോജിക്കിന്റെ സാമ്പത്തിക അഴിമതി ഇടപാടിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യൂ കുഴൽനാടൻ എം എൽ എ. വീണാ വിജയൻ പണം വാങ്ങിയെന്ന് മാത്രം. ഇടപാടിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്. 2016 മുതൽ എല്ലാ മാസവും സിഎംആർഎൽ വീണാ വിജയന് പണം നൽകിയിട്ടുണ്ടെന്നും മാത്യൂ കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട വിവാദം അവതരിപ്പിക്കാൻ മാത്യു കുഴൽനാടൻ ശ്രമിച്ചിരുന്നെങ്കിലും സ്പീക്കർ അനുമതി നൽകിയിരുന്നില്ല.
നിയമസഭയിൽ എക്സാലോജിക്കും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട തന്റെ വിഷയാവതരണത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയേയും കുഴൽനാടൻ രൂക്ഷമായി വിമർശിച്ചു. അംഗത്തിന്റെ അവകാശ ലംഘനമാണ് സ്പീക്കറുടെ നടപടിയെന്നും ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നിലപാടാണെന്നും മാത്യു വിമർശിച്ചു. വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കർ നിയമസഭയിൽ തന്റെ വിഷയാവതരണം തടഞ്ഞതെന്നും മാത്യു തുറന്നടിച്ചു.
2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ തന്നെ വീണാ വിജയന് സിഎംആർഎല്ലിൽ നിന്നും പണം ലഭിച്ചു തുടങ്ങി. ഇതിന് പ്രത്യുപകാരമെന്നോണമാണ് പൊതുമേഖലയിൽ മാത്രം കരിമണൽ ഖനനം മതിയെന്ന എൽഡിഎഫ് നയം തന്നെ തിരുത്തിക്കൊണ്ടാണ് സിഎംആർഎല്ലിന് ഖനന അനുമതി നൽകിയത്. 1000 കോടി ക്കു മുകളിൽ മൂല്യം ഉള്ള കരിമണൽ പാട്ടത്തിനു സിഎംആർഎല്ലിനു സർക്കാർ അനുമതി നൽകുകയായിരുന്നു. നയം മാറുമ്പോൾ എല്ലാം വീണയുടെ അക്കൗണ്ടിലേക്ക് മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെ വന്നു കൊണ്ടിരുന്നു. ഇതിനിടെ കേന്ദ്ര സർക്കാർ തീരുമാനം വന്നു. 2019 ഇൽ ആറ്റമിക് ധാതു ഖനനം സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാക്കിയെന്നും കുഴൽനാടൻ വ്യക്തമാക്കി.
2004ലാണ് കരിമണൽ ഖനനം പാട്ടത്തിനു നൽകിയത്. പിന്നീട് ആ അനുമതി സ്റ്റേ ചെയ്തിരുന്നു. വിഎസ് സർക്കാരിന്റെ കാലത്ത് കരി മണൽ പാട്ടം പൊതു മേഖലയിൽ മാത്രമാക്കി. സിഎംആർഎല്ലിനു അനുകൂലമായി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധി ഉണ്ടായി. എന്നാൽ വിധിയെ ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ പോയതിനെ തുടർന്ന് സിഎംആർഎല്ലിന് പാട്ടം അനുവദിച്ച മേഖലകൾ വിഞാപനം ചെയ്താൽ സർക്കാരിന് ഏറ്റെടുക്കാം എന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
ഈ വസ്തുതകൾ നിലനിൽക്കെ 2018 ലെ വ്യവസായ നയത്തിൽ മാറ്റം വരുത്തിയാണ് സിഎംആർഎല്ലിന് ഖനനം വീണ്ടും അനുവദിച്ചിരിക്കുന്നത്. സിഎംആർഎൽ നു പാട്ടത്തിനു അനുവദിച്ച പ്രദേശം ഏറ്റെടുക്കാൻ സർക്കാരിന് സുപ്രീം കോടതി അധികാരം നൽകിയിട്ടും അത് ചെയ്തില്ല. മറ്റ് എല്ലാ അനുമതികളും റദ്ദാക്കാനും കേന്ദ്ര നയവും ആവശ്യപ്പെട്ടു.12.4.2019 ൽ സിഎംആർഎൽ നു ഉള്ള പാട്ട അനുമതി റദ്ദാക്കുകയായിരുന്നു. അന്ന് സിഎംആർഎൽ മുഖ്യമന്ത്രിക്ക് കത്തു നൽകിയെന്നും മുഖ്യമന്ത്രി വ്യവസായ സെക്രട്ടറിയോട് ഫയലുകൾ വിളിച്ചു വരുത്തുകയും നോട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
അതേ സമയം മാത്യൂ കുഴൽനാടന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രംഗത്തെത്തി. മാത്യൂ കുഴൽനാടന്റേത് ഉണ്ടയുള്ള വെടിയാണെന്നും എന്നാൽ അത് ചെന്ന് കൊള്ളുക സ്വന്തം മുന്നണിക്ക് തന്നെയാണെന്നും മന്ത്രി പരിഹസിച്ചു. യു ഡി എഫ് സർക്കാരിന്റെ കാലത്താണ് സിഎംആർഎല്ലിന് കരിമണൽ ഖനനത്തിന് അനുമതി നൽകിയതെന്നും മന്ത്രി തിരിച്ചടിച്ചു.
Read More
- ആക്രമണം നടത്തിയത് 'ബേലൂർ മാഗ്ന;' നഷ്ടപരിഹാരവും ജോലിയും നിരസിച്ച് അജീഷിന്റെ കുടുംബം
- സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വികലമാക്കി, നികുതി വാങ്ങി ചെലവ് അടിച്ചേൽപ്പിച്ചു, കേന്ദ്രത്തിന്റേത് മനുഷ്യത്വവിരുദ്ധ സമീപനം: മുഖ്യമന്ത്രി
- കേരളാ തീരത്ത് കടലിനടിയിൽ തകർന്ന കപ്പൽ കണ്ടെത്തി; പിന്നിൽ അഡ്വഞ്ചർ ഡൈവിങ് സംഘം; വീഡിയോ പുറത്ത്
- 'കേരളത്തിൽ രണ്ടാഴ്ച്ചയ്ക്കിടെ ഒരാനയെ കൊല്ലുന്നു'; വനംവകുപ്പിനെതിരെ വിമർശനവുമായി മേനകാ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.