/indian-express-malayalam/media/media_files/NL1j6I4lqD1YRJhbOJSg.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ രാഹുൽ മാങ്കൂട്ടത്തിൽ
Malayalam Top News Highlights: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിയം പൊലിസാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ് നൽകും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടിസ് നൽകിയത്. കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാമെന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവർത്തകരെല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
"വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസിന് ഇല്ല. കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണ്. അന്വേഷണ സംഘത്തിന് മുന്നിൽ സംഘടന പ്രതിരോധം തീർക്കില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. വിളിച്ചാൽ നെഞ്ചുവേദന വരില്ല. പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറും," രാഹുല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടേത് കലാപാഹ്വാനം, രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ചത് ഉളുപ്പില്ലായ്മ: വി ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് കലാപാഹ്വാനമാണെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഉളുപ്പില്ലായ്മയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. "കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി പൊതുമാപ്പ് പറഞ്ഞിട്ട് രാജിവച്ച് ഇറങ്ങണം. ഉമ്മൻചാണ്ടിയെ കൊല്ലാൻ ശ്രമിച്ചവരാണ് കരിങ്കൊടി പ്രതിഷേധത്തെ എതിർക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ആ പദവിയിൽ ഇരിക്കാനുള്ള അർഹതയില്ല. മുഖ്യമന്ത്രി അഹങ്കാരത്തിന്റെ പരകോടിയിലാണ്. മുഖ്യമന്ത്രി വധശ്രമം തുടരണമെന്ന് പറഞ്ഞതിനെതിരെ നിയമനടപടി സ്വീകരിക്കും.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ എത്ര ക്രൂരമായ ആക്രമണമാണ് നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുധീഷ് വെള്ളച്ചാലിനെ തടഞ്ഞുനിർത്തി കൊല്ലണമെന്ന ഉദ്ദേശത്തോടെ ഹെൽമറ്റും ഇരുമ്പുവടിയും ചെടിച്ചട്ടിയും ഉപയോഗിച്ച് തലയ്ക്ക് ആക്രമിച്ചു. തടയാൻ ചെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും അടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിന് കാരണം രാഷ്ട്രീയ വിരോധവും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള വിരോധവുമാണെന്നെന്നാണ് പൊലിസ് എഫ്ഐആറിൽ പറയുന്നത്.
എന്നാൽ മുഖ്യമന്ത്രി പറയുന്നത് ജീവൽ രക്ഷാപ്രവർത്തനമാണെന്ന്. ഈ വധശ്രമം ഇനിയും തുടരണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. ക്രിമിനൽ മനസുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ആ പദവിയിൽ ഇരിക്കാനുള്ള അർഹതയില്ല. മുഖ്യമന്ത്രി അഹങ്കാരത്തിന്റെ പരകോടിയിലാണ്. മുഖ്യമന്ത്രി വധശ്രമം തുടരണമെന്ന് പറഞ്ഞതിനെതിരെ നിയമനടപടി സ്വീകരിക്കും," വി ഡി സതീശൻ പറഞ്ഞു.
Read More Related Stories Here
- വിടവാങ്ങുന്നത് വയനാടിന്റെ സ്വന്തം കഥാകാരി; മുൻവിധികളില്ലാതെ ആദിവാസി ജീവിതങ്ങളെ കഥയാക്കി
- തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്; പൂർവ്വ വിദ്യാർത്ഥി കസ്റ്റഡിയിൽ
- യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം; 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
- നവകേരള സദസ്സ്: പരാതി കൗണ്ടറുകള്‍ ഇരുപതാക്കി, മൂന്നു മണിക്കൂര്‍ മുന്‍പ് നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും
- Nov 22, 2023 15:55 IST
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: 4 യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ; രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ്
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിയം പൊലിസാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലിസ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ് നൽകും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടിസ് നൽകിയത്.
- Nov 22, 2023 15:11 IST
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബർ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
- Nov 22, 2023 13:13 IST
സാം ആള്‍ട്ട്മാന്‍ 'ഓപണ്‍എഐ'യിലേക്ക് മടങ്ങിയെത്തുന്നു
ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് സാം ആള്‍ട്ട്മാന്‍ 'ഓപണ്‍എഐ'യിലേക്ക് മടങ്ങിയെത്തുന്നു. സാം ആള്‍ട്ട്മാനെ തിരികെ എത്തിക്കുന്നതിനുള്ള കരാര്‍ തയ്യാറായതായി ഓപണ്‍എഐ പ്രതികരിച്ചു.
- Nov 22, 2023 13:09 IST
കനേഡിയൻ പൌരന്മാരുടെ ഇ-വിസ സേവനങ്ങൾ പുനഃസ്ഥാപിച്ച് ഇന്ത്യ
കനേഡിയൻ പൌരന്മാരുടെ ഇ-വിസ സേവനങ്ങൾ പുനഃസ്ഥാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡയിലെ ഇന്ത്യൻ വിസ സേവനങ്ങൾ നിർത്തിവച്ച് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യ നിലപാട് മയപ്പെടുത്തുന്നത്. കഴിഞ്ഞ മാസം, എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ തുടങ്ങി ചില വിഭാഗങ്ങളിൽ വിസ സേവനങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ വിഘടനവാദിയെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം ഉടലെടുത്തിരുന്നു.
- Nov 22, 2023 12:53 IST
കൊച്ചിയിൽ ബിപിസിഎല്ലിന്റെ ജൈവമാലിന്യ സംസ്ക്കരണ പ്ലാന്റിന് മന്ത്രിസഭാ അംഗീകാരം
കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഇതിനായി ബിപിസിഎല്ലിന് കൈമാറും. ഈ ഭൂമിയിലാണ് ബിപിസിഎൽ പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക.
പ്ലാന്റില്‍ നിന്നും ഉൽപ്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് ബിപിസിഎൽ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഈ തുക പൂർണമായും ബിപിസിഎൽ ആണ് വഹിക്കുക. പ്ലാൻറ് നിർമ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂർത്തിയാവും.
പ്ലാന്റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് സംസ്ക്കരിക്കും. 7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000ഓളം വീടുകളുമുള്ള കൊച്ചി കോർപ്പറേഷനിലെ ജൈവമാലിന്യ പ്രശ്നത്തിന്
കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറ് പരിഹാരമാകും. - Nov 22, 2023 12:46 IST
നവകേരള സദസ്സിനായി പണം നല്‍കാന്‍ യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
കേരള സര്‍ക്കാരിന്‍റെ നവകേരള സദസ്സിനായി പണം നല്‍കാന്‍ യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്തുമാണ് നവകേരള സദസ്സിന് പണം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി തിരുവല്ല നഗരസഭ ആദ്യഘട്ടമായി 50,000 രൂപ നല്‍കി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗവും പണം നല്‍കാന്‍ തീരുമാനിച്ചു. രണ്ടു സംഭവങ്ങളിലും പത്തനംതിട്ട ഡിസിസി നേതൃത്വം വിശദീകരണം തേടിയേക്കും. നവകേരള സദസ്സിന് പണം നൽകുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.
- Nov 22, 2023 11:46 IST
ഗുരുവായൂരിൽ സൗജന്യ ഓൺലൈൻ ദർശനം പുനരാരംഭിക്കില്ലെന്ന ദേവസ്വം തീരുമാനം ഹൈക്കോടതി റദ്ദാക്കി
ഗുരുവായൂർ ക്ഷേത്രത്തിലെ സൗജന്യ ഓൺലൈൻ ദർശനം പുനരാരംഭിക്കുവാൻ കഴിയില്ലെന്ന ദേവസ്വം ഭരണസമിതിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഭക്തർക്ക് സൗജന്യ ദർശനത്തിനുള്ള ഇ-ബുക്കിങ് സൗകര്യം പുന:സ്ഥാപിക്കണമെന്ന അപേക്ഷ തള്ളിക്കൊണ്ടുള്ള ദേവസ്വം ഭരണസമിതിയുടെ ജൂൺ 26ലെ തീരുമാനമാണ് ദേവസ്വം ബഞ്ച് റദ്ദാക്കിയത്. ഓൺലൈൻ സൗജന്യ ദർശനം പുന:സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അങ്കമാലി സ്വദേശി പി എൻ രാധാകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടർന്നാണ് ഈ പുതിയ കോടതി നടപടി.
പരാതിക്കാരനെ കേൾക്കാതെയും അത്തരം ഒരു തീരുമാനം എടുക്കുവാനുള്ള കാരണങ്ങൾ ബോധ്യപ്പെടുത്താതെയുമുള്ള ദേവസ്വം ഭരണസമിതിയുടെ തീരുമാനം, നീതി നിഷേധമാണെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. പരാതിക്കാരന്റെ അപേക്ഷ വീണ്ടും പരിഗണിച്ചു ഉചിതമായ തീരുമാനം രണ്ട് മാസത്തിനകം എടുക്കാൻ ദേവസ്വം ഭരണസമിതിക്ക് കോടതി നിർദ്ദേശം നൽകി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.