/indian-express-malayalam/media/media_files/nmFsnTsokY7pWRzZ0xTo.jpg)
Malayalam Top News Headlines today
Malayalam Top News Headlines today: രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്‍റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയ പരിമിതി മൂലമാണ് നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും.നിവേദനങ്ങള്‍ മുഴുവനും തീരുന്നത് വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ്തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂജ ബമ്പര്‍ മറ്റന്നാള്‍ നറുക്കെടുക്കും, വിജയിക്ക് 12 കോടി
കേരള ലോട്ടറി പൂജാ ബംപർ മറ്റന്നാള്‍ നറുക്കെടുക്കും. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10 കോടിയായിരുന്നു.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പ് ഓണ്‍ലൈനില്‍ തത്സമയം കൈരളി-കൌമുദി ചാനലുകളില്‍ കാണാന്‍ സാധിക്കും.
ഈ വര്‍ഷം സെപ്റ്റംബര്‍ 20നാണ് പൂജ ബമ്പര്‍ പുറത്തിറക്കിയത്. പൂജ ബംപര്‍ ടിക്കറ്റ് വില 300 രൂപയാണ്.
നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. അച്ചടിച്ച പൂജ ബംബര്‍ ടിക്കറ്റുകളുടെ 88.86 ശതമാനവും കഴിഞ്ഞ ആഴ്ച തന്നെ വിറ്റഴിഞ്ഞു. 35 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 3110070 ടിക്കറ്റുകൾ ആഴ്ച തുടക്കത്തില്‍ വിറ്റു.
വിനോദ് തോമസിന്‍റെ മരണം വിഷവാതകം ശ്വസിച്ച്
എ സി ഓണാക്കി കാറിനുള്ളിൽ കിടക്കുന്ന വേളയില്‍ കാറില്‍ നിറഞ്ഞ വിഷവാതകം ശ്വസിച്ചതാണു നടൻ വിനോദ് തോമസിന്‍റെ മരണത്തിന് ഇടയാക്കിയതെന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിലാണ് കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണത്തിന് കാരണമായത് എന്ന് പറയുന്നത്. മോട്ടർ വാഹനവകുപ്പിന്‍റെ പരിശോധനയിൽ മാത്രമേ കൂടുതൽ വിവരം ലഭിക്കൂ എന്നും പൊലീസ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയത്തെ പാമ്പാടിയിൽ ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാറിലെ സുരക്ഷാ ജീവനക്കാരനാണ് എട്ടരയോടെ മൃതദേഹം കണ്ടെത്തിയത്. അവര്‍ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പാടി പൊലീസ് സ്ഥലത്തെത്തി കാറിന്‍റെ ഡോർ തകർത്ത് വിനോദിനെ പുറത്തെടുക്കുകയായിരുന്നു.
കോട്ടയം മീനടം സ്വദേശിയാണ്. 47 വയസ്സുകാരനായ വിനോദ്, 'നത്തോലി ഒരു ചെറിയ മീനല്ല', 'അയ്യപ്പനും കോശിയും,' 'ഒരു മുറൈ വന്ത് പാർത്തായ,' 'ഹാപ്പി വെഡ്‌ഡിങ്,' 'ജൂൺ,' 'അയാൾ ശശി' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ റിലീസിനെത്തിയ 'കേരള ക്രൈം ഫയൽ' എന്ന വെബ് സീരീസിലും വിനോദ് അഭിനയിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാർട്ടാക്കിയ കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാർ ജീവനക്കാർ അന്വേഷിച്ചതും തുടർന്ന് ഉള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയതും. തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിന് തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്‍റെ മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അനുമാനം.
സിനിമാ-സീരിയല്‍ മേഖലയിലെ പ്രമുഖര്‍ വിനോദിന് സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ
കേരള സര്‍ക്കാരിന്‍റെ നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ. കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയായി, ഇന്ന് പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്.
രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. തുടര്‍ന്ന്, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. 11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകൾ.
നാളെയും മറ്റന്നാളും കണ്ണൂർ ജില്ലയിൽ മന്ത്രിസഭയുടെ പര്യടനം തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളിൽ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സിൽ എത്തിയത്.
നവകേരള സദസിൽ കാസർകോട് ജില്ലയിൽ ലഭിച്ചത് 14,600 പരാതികൾ. മഞ്ചേശ്വരം മണ്ഡലം 1908, കാസർകോട് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂർ മണ്ഡലം 2567 എന്നിങ്ങനെ പരാതികളുടെ മണ്ഡലം തിരിച്ചുള്ള വിശദാംശങ്ങൾ.
കേരളത്തില്‍ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കന്‍ കാറ്റിന്‍റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. നവംബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ഇന്ന് ആറ് ജില്ലകളിൽ - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി - യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ 5 ജില്ലകളിലാണ് അലർട്ട്.
22ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. 23ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.