/indian-express-malayalam/media/media_files/uploads/2018/11/kt-jaleel3.jpg)
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിനെതിരെ തലസ്ഥാനത്ത് പ്രതിഷേധമിരമ്പി. ബിജെപി, യുഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധത്തിൽ തലസ്ഥാനം യുദ്ധക്കളമായി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. യുവമോർച്ച മാർച്ചിനു നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കിയും ഉപയോഗിക്കുകയും മൂന്ന് തവണ ലാത്തി വീശുകയും ചെയ്‌തു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബിജെപി നേതാവ് ബി.ഗോപാലകൃഷ്‌ണനു കണ്ണിനു പരുക്കേറ്റു. രാവിലെ നടന്ന യൂത്ത് ലീഗ് മാർച്ചിലും സംഘർഷമുണ്ടായി.
ജലീൽ രാജിവയ്‌ക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ജലീലിനെ കേന്ദ്ര ഏജൻസിയായ ഇഡി ചോദ്യം ചെയ്‌തത് ഗുരുതരമായ വിഷയമാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ശരിയല്ല. സ്വകാര്യവാഹനത്തില്‍ പോയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിട്ടും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
എന്നാൽ, ജലീൽ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ജലീൽ കുറ്റക്കാരനല്ലെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വം. എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന്റെ പേരിൽ ജലീൽ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം കേന്ദ്ര നേത്യത്വത്തിന്റെ നിലപാട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ തേടി എന്നതിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന കോൺഗ്രസിന്റെയും ബി ജെ പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ്, ബി ജെ പിയുടെ ബി ടീം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
ബി ജെ പിയുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഇ ഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ ഭാഗം തന്നെയാണോ കേരളത്തിലെ കോൺഗ്രസ് എന്ന് വ്യക്തമാക്കേണ്ടത് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: വെല്ലുവിളിയായി ന്യൂനമർദ പാത്തി, പുതിയ ന്യൂനമർദത്തിനു സാധ്യത; സംസ്ഥാനത്ത് മഴ തുടരും
കുറ്റക്കാരനെന്ന് കോടതി വിധിക്കുംവരെ രാജിയുടെ ആവശ്യമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. ചോദ്യം ചെയ്യലിനു ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ട കാര്യം ജലീൽ പാർട്ടിയ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ജലീൽ കുറ്റക്കാരനാണെന്ന് പറയാൻ സാധിക്കില്ല. എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടതിനനുസരിച്ച് ചോദ്യം ചെയ്യലിനു ഹാജരാകുകയാണ് ജലീൽ ചെയ്‌തിട്ടുള്ളതെന്നും സിപിഎം പറയുന്നു.
അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി ജലീൽ ധാർമികതയുണ്ടെങ്കിൽ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ജലീൽ ചോദ്യംചെയ്യലിനു പോയത് തലയിൽ മുണ്ടിട്ടാണെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന ചരിത്രത്തിൽ ഒരു മന്ത്രിയെയും കേന്ദ്ര ഏജൻസി ചോദ്യം ചെയ്‌തിട്ടില്ല. തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ജലീൽ രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.
Read Also: Horoscope Today September 12, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
ചോദ്യം ചെയ്യൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ മന്ത്രി കെ.ടി.ജലീൽ പ്രതികരണവുമായി രംഗത്തെത്തി. “സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല” എന്നാണ് ജലീൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.
ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് ഇന്നലെ ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ കൊച്ചിയിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ഉച്ചയോടെ മന്ത്രി മലപ്പുറത്തേക്ക് മടങ്ങുകയും ചെയ്‌തു. രണ്ടര മണിക്കൂറോളം ജലീലിനെ ചോദ്യം ചെയ്‌തതായാണ് സൂചന.
നയതന്ത്ര ബാഗേജ് വഴി യുഎഇ കോൺസുലേറ്റിൽ നിന്ന് സംസ്ഥാനത്തേക്ക് സാധനങ്ങൾ എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതായാണ് വിവരം. ജലീലിൽ നിന്ന് വിവരങ്ങൾ തേടുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നയതന്ത്രമാര്‍ഗത്തില്‍ വന്ന പാക്കേജുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. യുഎഇ കോൺസുലേറ്റിൽ നിന്ന് സഹായം സ്വീകരിച്ചതിൽ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം മന്ത്രി കെ.ടി.ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.
എൻഫോഴ്‌സ്‌മെന്റ് മേധാവി നേരിട്ടെത്തിയാണ് മന്ത്രിയെ ചോദ്യം ചെയ്‌തത്. പ്രാഥമിക ഘട്ട ചോദ്യം ചെയ്യൽ മാത്രമാണ് ഇപ്പോൾ നടന്നത്. യുഎഇ കോൺസുലേറ്റ് ജനറലുമായി മന്ത്രിക്കുള്ള ബന്ധം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധം, നയതന്ത്ര മാർഗത്തിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം മന്ത്രിയോട് ഇഡി ചോദിച്ചറിഞ്ഞിട്ടുണ്ട്. സ്വകാര്യ വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിനു ഹാജരായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.