/indian-express-malayalam/media/media_files/2025/08/11/kothamangalam-student-death-2025-08-11-14-51-11.jpg)
സോന, റമീസ് (ചിത്രം: സ്ക്രീൻഗ്രാബ്)
കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കോതമംഗലം സ്വദേശിനി സോനാ എൽദോസിനെയാണ് (21) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പറവൂർ സ്വദേശി റമീസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സോനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ട്. റമീസിന്റെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നാണ് സൂചന.
Also Read: ബലാത്സംഗ കേസ്; വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യത, ലുക്ക്ഔട്ട് നോട്ടീസിറക്കി പൊലീസ്
സോനയെ പ്രതി മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളടക്കം പൊലീസ് പരിശോധിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാൻ റമീസ് പറഞ്ഞതായും വാട്സ്ആപ്പ് ചാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, വീട്ടിൽ നിന്ന് സോനയുടേതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയാണ് കോതമംഗലം കറുകടം ഞാഞ്ഞൂൾമല സ്വദേശിനയായ സോന. അമ്മ ബിന്ദു പുറത്തുപോയി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ തിരിച്ചെത്തിയപ്പോഴായിരുന്നു സോനയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിർക്കാനുള്ള ആർജ്ജവം രാഷ്ട്രീയ പാർട്ടികൾ കാണിക്കണമെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ആവശ്യപ്പെട്ടു. ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ ഇനിയും പെൺകുട്ടികൾ തിരിച്ചറിയാതെ പോകുന്നത് സങ്കടകരമാണ്. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതോ ഇനി നിയമം ചില സംഘടിത ശക്തികളുടെവഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നതെന്നും സീറോ മലബാർ സഭ മീഡിയ കമ്മീഷൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ശ്രദ്ധിക്കു: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.