scorecardresearch

അവനെ വീട്ടിൽ കയറ്റല്ലേ സാറേ; പൊട്ടിക്കരഞ്ഞ് ഉത്രയുടെ അമ്മ

മകളെ കൊന്നവനെ വീട്ടിൽ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചിൽ കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു

മകളെ കൊന്നവനെ വീട്ടിൽ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചിൽ കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു

author-image
WebDesk
New Update
Snake Biten, പാമ്പ് കടിയേറ്റ് യുവതി മരിച്ചു, Woman Dies, യുവതി മരിച്ചു, IE Malayalam, ഐഇ മലയാളം

അഞ്ചൽ: കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ തെളിവെടുപ്പിനായി ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടിൽ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചിൽ കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു. ഇരുപത് മിനിറ്റോളമാണ് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പ് നടന്നത്. ഇന്ന് രാവിലെയാണ് പ്രതി സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിൽ എത്തിച്ചത്.

Advertisment

വീട്ടിലേക്ക് എത്തിയതും ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞു. സൂരജിനെതിരെ സംസാരിക്കാൻ തുടങ്ങി. 'ഇവനെ ഇങ്ങോട്ട് കയറ്റരുത്' എന്നു പറഞ്ഞ് ആക്രോശിച്ചു. തെളിവെടുപ്പിനായി അന്വേഷണസംഘം ആദ്യം ബെഡ്‌റൂമിലേക്ക് സൂരജിനെ കൊണ്ടുപോയി. ഉത്രയും സൂരജും മകനും ഉറങ്ങിയിരുന്നത് ആ റൂമിലായിരുന്നു. അവിടെവച്ചാണ് ഉത്രയ്‌ക്ക് പാമ്പ് കടിയേറ്റത്. തെളിവെടുപ്പിനിടെ സൂരജ് കുറ്റം നിഷേധിച്ചു. 'ഞാൻ ചെയ്‌തിട്ടില്ല അച്ഛാ...' ഉത്രയുടെ അച്ഛനെ നോക്കി സൂരജ് പറഞ്ഞു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സൂരജ് കുറ്റം സമ്മതിച്ചാണ്. എന്നാൽ ഉത്രയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ കുറ്റം നിഷേധിക്കുകയായിരുന്നു. ബെഡ് റൂമിൽ തെളിവെടുപ്പ് തുടരുന്നതിനിടെ സൂരജും പൊട്ടിക്കരഞ്ഞു.

സൂരജ് വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി എത്തിയിരുന്നു. വീടിനു പുറകിലെ ചായ്പ്പിൽ നിന്നാണ് കുപ്പി കണ്ടെടുത്തത്.

രാവിലെ 6.30നാണ് സൂരജുമായി അന്വേഷണ സംഘം തെളിവെടുപ്പിന് വീട്ടിലെത്തിയത്. സമീപത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് ഇയാളെ എത്തിച്ചത്. താൻ ഉത്രയെ കൊന്നിട്ടില്ലെന്നാണ് സൂരജ് വീട്ടുകാരോട് പറഞ്ഞത്.

Advertisment

Read More: പാമ്പുകളെക്കുറിച്ചറിയാൻ യുട്യൂബിൽ തിരച്ചിൽ, ഭാര്യയെ കൊല്ലാൻ പാമ്പിനെ പണംകൊടുത്ത് വാങ്ങി; സൂരജ് അറസ്റ്റിൽ

ഉത്രയുടെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ഈ വിഷയത്തിൽ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നിനി മറ്റെവിടേയും തെളിവെടുപ്പ് ഉണ്ടാകില്ല.

ഉത്ര പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഞായറാഴ്ചയാണ് ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സൂരജ് കുറ്റം സമ്മതിച്ചിരുന്നു. സൂരജിന്റെ സുഹൃത്ത്, ബന്ധു എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാമ്പ് പിടിത്തക്കാരനാണ് അറസ്റ്റിലായ സൂരജിന്റെ സുഹൃത്ത്. മൂന്നുപേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഞായറാഴ്ച തന്നെ രേഖപ്പെടുത്തി.

സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി. സൂരജിന് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഉത്രയുടെ കുടുംബമാണ് സൂരജിനെതിരെ രംഗത്തെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സൂരജിന്റെ ഫോൺ പരിശോധിച്ചിരുന്നു.

Read More: ഉഗ്രവിഷമുള്ള കരിമൂർഖനെ വാങ്ങിയത് 10,000 രൂപയ്‌ക്ക്; സൂരജിനു വിനയായത് ഫോൺ രേഖകൾ

രാത്രി ഭർത്താവിനും മകനും ഒപ്പം കിടന്നുറങ്ങിയതാണ് ഉത്ര. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. അപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റതായി അറിയുന്നത്. പിന്നീട് ബെഡ് റൂമിൽ നടത്തിയ തിരച്ചിലിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ചെയ്‌തു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. വീട്ടുകാരുടെ സംശയത്തെ തുടർന്നാണ് പിന്നീട് പൊലീസിൽ പരാതിപ്പെട്ടത്.

സൂരജും മകനും അതേ മുറിയിൽ ഉണ്ടായിരുന്നിട്ടും പാമ്പ് കടിച്ചത് ഉത്രയെ മാത്രമാണ്. ഇരുവരുടെയും മകന് ഒരു വയസ് മാത്രമാണ് പ്രായം. ഉത്രയെ പാമ്പ് കടിച്ചതും മരിച്ചതും താൻ അറിഞ്ഞില്ലെന്നാണ് സൂരജ് ആദ്യം മൊഴി നൽകിയത്. ഇതിൽ വൈരുദ്ധ്യമുണ്ടെന്ന് ആരോപിച്ച് ഉത്രയുടെ മാതാപിതാക്കൾ രംഗത്തെത്തിയതോടെ അന്വേഷണം സൂരജിനെതിരായി.

മാർച്ച് 2ന് അടൂർ പറക്കോടുള്ള ഭർതൃവീട്ടിൽ വച്ചും ഉത്രയ്‌ക്ക് പാമ്പ് കടിയേറ്റിരുന്നു. അന്ന് പാമ്പ് കടിയേറ്റതിനെ തുടർന്ന് ഉത്തരയെ പുഷ്‌പഗിരി മെഡിക്കൽ കോളേജിൽ ചികിത്സിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം വീട്ടിൽ ചികിത്സ തുടരുമ്പോഴാണ് ഉത്തരയ്ക്ക് വീണ്ടും പാമ്പ് കടിയേറ്റത്. അന്ന് അണലിയാണ് ഉത്തരയെ കടിച്ചത്. ചികിത്സയിലായതിനാൽ ഉത്ര തന്റെ കൊല്ലം അഞ്ചലിലുള്ള സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. രണ്ടാമത് പാമ്പ് കടിയേറ്റു മരിച്ച ദിവസം ഭർത്താവ് സൂരജ് ഉത്രയുടെ അഞ്ചലിലുള്ള വീട്ടിലേക്ക് എത്തുകയായിരുന്നു.

Snakes Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: