കൊല്ലം: ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് സൂരജിനെ കുടുക്കിയത്. ഭാര്യയെ കൊല്ലാൻ ഉഗ്രവിഷമുള്ള കരിമൂർഖനെ പണംകൊടുത്ത് വാങ്ങുകയായിരുന്നുവെന്ന് സൂരജ് സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റസമ്മതം.

ഫോൺ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളും സൂരജിനു തിരിച്ചടിയായി. പാമ്പാട്ടിയായ സുഹൃത്തിൽ നിന്നാണ് സൂരജ് കരിമൂർഖനെ പണംകൊടുത്ത് വാങ്ങിയത്. കല്ലുവാതുക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. പിന്നീട് സൂരജിന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. ആറ് മാസത്തിനിടെ സൂരജിന് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു മനസിലായി. നേരത്തെ വീട്ടിൽ പാമ്പ് വന്നപ്പോൾ സൂരജ് കൈ കൊണ്ട് അതിനെ എടുത്ത കാര്യം ബന്ധുക്കളിൽ നിന്നു തന്നെ അറിഞ്ഞതോടെ അന്വേഷണസംഘം സൂരജിനെ പൂട്ടാനുള്ള കെണികൾ തയ്യാറാക്കി.

Read Also: രക്തക്കറയുള്ള ഷർട്ടുമായി കൊടുങ്കാറ്റ് സൃഷ്‌ടിച്ചു; ‘സഖാവ്’ പിണറായിക്ക് കമൽഹാസന്റെ ജന്മദിനാശംസ

പാമ്പാട്ടിയായ സുഹൃത്തുമായി സൂരജ് നടത്തിയ ഫോൺ വിളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പിന്നീട് ഇരുവരെയും ഒന്നിച്ചുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. സൂരജിന്റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതർ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതോടെ സൂരജിന് ഇത്തരക്കാരുമായുള്ള അടുപ്പത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി അന്വേഷിച്ചു. സൂരജുമായി ബന്ധമുള്ള പാമ്പ് പിടിത്തക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.

ഉറങ്ങി കിടക്കുന്ന സമയത്ത് ബെഡ്‌റൂമിന്റെ ജനലിലൂടെ പാമ്പ് കയറിയെന്നാണ് സൂരജ് നേരത്തെ മൊഴി നൽകിയത്. ആ മൊഴി പൊലീസ് ശാസ്ത്രീയമായി പൊളിച്ചടുക്കി. പാമ്പുകളെ കുറിച്ചറിയാൻ സൂരജ് യുട്യൂബിൽ തിരച്ചിൽ നടത്തിയതിനെ കുറിച്ചും പൊലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഫോൺ പരിശോധിച്ചപ്പോൾ ആണ് ഇത്തരം വിവരങ്ങൾ പുറത്തുവന്നത്.

Read Also: പാമ്പുകളെക്കുറിച്ചറിയാൻ യുട്യൂബിൽ തിരച്ചിൽ, ഭാര്യയെ കൊല്ലാൻ പാമ്പിനെ പണംകൊടുത്ത് വാങ്ങി; സൂരജ് അറസ്റ്റിൽ

തറ നിരപ്പിൽനിന്ന് പാമ്പിന് എത്ര ഉയരാൻ കഴിയും എന്നതും ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമോ എന്നതും കണ്ടെത്താനായി ഈ മേഖലയിലെ വിദഗ്‌ധരുടെ സഹായം തേടാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. അതിനിടയിലാണ് യുവാവിന്റെ കുറ്റസമ്മതം. ഉത്രയുടെ സ്വത്ത് കൈക്കലാക്കാനാണ് സൂരജ് കൊലപാതകത്തിനു ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്‌പിക്ക് കൈമാറാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാനാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.