കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്റെ സുഹൃത്ത്, ബന്ധു എന്നിവരും കസ്റ്റഡിയിൽ. പാമ്പ് പിടിത്തക്കാരനാണ് അറസ്റ്റിലായ സൂരജിന്റെ സുഹൃത്ത്. മൂന്നുപേരുടെയും അറസ്റ്റ് ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി. സൂരജിന് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഉത്രയുടെ കുടുംബമാണ് സൂരജിനെതിരെ നേരത്തെ രംഗത്തെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സൂരജിന്റെ ഫോൺ പരിശോധിച്ചിരുന്നു.
ഫോൺ പരിശോധനയിലൂടെ സൂരജിനു പാമ്പ് പിടിത്തക്കാരുമായുള്ള ബന്ധത്തെ കുറിച്ച് അറിയാൻ സാധിച്ചു. സൂരജിനെയും മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. പാമ്പുകളെ കുറിച്ചറിയാൻ സൂരജ് യുട്യൂബിൽ തിരച്ചിൽ നടത്തിയതിനെ കുറിച്ചും പൊലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഫോൺ പരിശോധിച്ചപ്പോഴാണ് ഇത്തരം വിവരങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ ആറ് മാസമായി ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സൂരജിന്റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതർ എത്തിയിരുന്നുവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നതായും പൊലീസിന് മൊഴി നല്‍കിയിരുന്നു. ഉത്രയുടെ അമ്മയുടെയും അച്ഛന്റെയും സഹോദരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂരജിനെ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു.
തറ നിരപ്പിൽനിന്ന് പാമ്പിന് എത്ര ഉയരാൻ കഴിയും എന്നതും ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമോ എന്നതും കണ്ടെത്താനായി ഈ മേഖലയിലെ വിദഗ്‌ധരുടെ സഹായം തേടാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. അതിനിടയിലാണ് യുവാവിന്റെ കുറ്റസമ്മതം. ഉത്രയുടെ സ്വത്ത് കൈക്കലാക്കാനാണ് സൂരജ് കൊലപാതകത്തിനു ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Read Also: സംവൃതയുടെ ഭർത്താവ് ചില്ലറക്കാരനല്ല; ഈ വീഡിയോ കണ്ടു നോക്കൂ
അതേസമയം, കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്‌പിക്ക് കൈമാറാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാനാണ് സാധ്യത.
രാത്രി ഭർത്താവിനും മകനും ഒപ്പം കിടന്നുറങ്ങിയതാണ് ഉത്ര. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. അപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റതായി അറിയുന്നത്. പിന്നീട് ബെഡ് റൂമിൽ നടത്തിയ തിരച്ചിലിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ചെയ്‌തു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. വീട്ടുകാരുടെ സംശയത്തെ തുടർന്നാണ് പിന്നീട് പൊലീസിൽ പരാതിപ്പെട്ടത്.
Read Also: കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രി; പിണറായിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ
സൂരജും മകനും അതേ മുറിയിൽ ഉണ്ടായിരുന്നിട്ടും പാമ്പ് കടിച്ചത് ഉത്രയെ മാത്രമാണ്. ഇരുവരുടെയും മകന് ഒരു വയസ് മാത്രമാണ് പ്രായം. ഉത്രയെ പാമ്പ് കടിച്ചതും മരിച്ചതും താൻ അറിഞ്ഞില്ലെന്നാണ് സൂരജ് ആദ്യം മൊഴി നൽകിയത്. ഇതിൽ വൈരുദ്ധ്യമുണ്ടെന്ന് ആരോപിച്ച് ഉത്രയുടെ മാതാപിതാക്കൾ രംഗത്തെത്തിയതോടെ അന്വേഷണം സൂരജിനെതിരായി.
മാർച്ച് 2ന് അടൂർ പറക്കോടുള്ള ഭർതൃവീട്ടിൽ വച്ചും ഉത്രയ്‌ക്ക് പാമ്പ് കടിയേറ്റിരുന്നു. അന്ന് പാമ്പ് കടിയേറ്റതിനെ തുടർന്ന് ഉത്തരയെ പുഷ്‌പഗിരി മെഡിക്കൽ കോളേജിൽ ചികിത്സിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം വീട്ടിൽ ചികിത്സ തുടരുമ്പോഴാണ് ഉത്തരയ്ക്ക് വീണ്ടും പാമ്പ് കടിയേറ്റത്. അന്ന് അണലിയാണ് ഉത്തരയെ കടിച്ചത്. ചികിത്സയിലായതിനാൽ ഉത്ര തന്റെ കൊല്ലം അഞ്ചലിലുള്ള സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. രണ്ടാമത് പാമ്പ് കടിയേറ്റു മരിച്ച ദിവസം ഭർത്താവ് സൂരജ് ഉത്രയുടെ അഞ്ചലിലുള്ള വീട്ടിലേക്ക് എത്തുകയായിരുന്നു.