/indian-express-malayalam/media/media_files/yPV7tp6DpVxUsnygof5X.jpg)
പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരി കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാർട്ടിനെയും പോലീസ് ചോദ്യം ചെയ്തേക്കും. ഇരുവരോടും സ്റ്റേഷനിൽ എത്താൻ മരട് പോലീസ് നിർദേശം നൽകിയതായാണ് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ താരങ്ങൾ എത്തിയത് ലഹരി ഉപയോഗിക്കാനാണെന്ന സംശയത്തിലാണ് പോലീസ്.
ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടിയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സിനിമാ താരങ്ങളെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശിയായ ബിനു ജോസഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ഓംപ്രകാശിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തത്. മുറിയിൽ ലഹരി പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന. കൊക്കെയ്ൻ അടങ്ങിയ ബാഗും മുറിയിൽനിന്നും അളവിൽ കൂടുതൽ മദ്യവും പോലീസ് കണ്ടെത്തിയിരുന്നു.
കൊച്ചിയിൽ നടന്ന അലൻ വോക്കറുടെ സംഗീത പരിപാടിയിൽ ലഹരി വസ്തുക്കൾ വിൽക്കാൻ ലക്ഷ്യമിട്ടാണ് ഓംപ്രകാശ് ഹോട്ടലിൽ മുറി എടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഇവിടേക്ക് എത്തിയത്. ഇവർക്കു പുറമേ ഇരുപതോളം പേർ കൂടി ഓംപ്രകാശിന്റെ മുറി സന്ദർശിച്ചിരുന്നു. ഇവരൊക്കെ ഓംപ്രകാശിന്റെ മുറിയിൽ എത്തിയത് എന്തിനാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ലഹരി ഇടപാടുകൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.
അതേസമയം, ഗുണ്ടാ നേതാവിനെ കണ്ടിട്ടില്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ഓം പ്രകാശിനെ പരിചയമില്ലെന്നും, ഹോട്ടലിൽ വച്ചു കണ്ടിട്ടില്ലെന്നും നടി പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ എത്തിയതെന്ന് പ്രയാഗ വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us