/indian-express-malayalam/media/media_files/uploads/2019/12/traffic.jpg)
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ കൊച്ചിയിലെ ഗതാഗത നിയന്ത്രണം അടിമുടി സ്മാർട്ടാകുന്നു. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയായിരിക്കും നഗരത്തിലെ ഗതാഗതം ഇനി നിയന്ത്രിക്കുക. നിയമ ലംഘകരെ കൈയോടെ പിടികൂടാനും കാൽനടയാത്രക്കാർക്ക് സുഗമമായ യാത്ര ഒരുക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 19ന് നടത്തും.
സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായാണ് ടെക്നോളജി ബേയ്സ്ഡ് ഇൻറഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്. വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്‌നലുകള്‍, കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്, നിരീക്ഷണ ക്യാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സജ്ജമാക്കിയിരിക്കുന്നത്.
Also Read: ശബരിമല തുലാമാസ പൂജ: വിര്‍ച്വല്‍ ക്യൂ സംവിധാനം രണ്ടു ദിവസത്തിനുള്ളിൽ
നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ ആക്യുവേറ്റഡ് സിഗ്നലുകളാണ് പ്രധാന ആകർഷണം. നിലവിലെ സംവിധാനമനുസരിച്ച് റോഡിൽ വാഹനമില്ലെങ്കിൽ പോലും സിഗ്നൽ ലൈറ്റ് പച്ച തെളിയുന്നതുവരെ വാഹനങ്ങൾ കാത്തു നിൽക്കണം. എന്നാൽ ഐടിഎംഎസ് എത്തുന്നതോടെ ഈ കാത്തു നിൽപ്പ് ഒഴിവാക്കാം.
വാഹനങ്ങൾ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നൽകിയാണ് സിഗ്നലുകൾ പ്രവർത്തിക്കുന്നത്. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നൽ സമയം ക്രമീകരിക്കും. കൊച്ചി നഗരത്തിലും പുറത്തുമായി 21 പ്രധാന ജംഗ്ഷനുകളിലാണ് സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ തിരക്കനുസരിച്ച് ഗതാഗതം സുഗമമാക്കാൻ ഇതു വഴി കഴിയും.
Also Read: കൊച്ചി മെട്രോ: സമയക്രമത്തിൽ മാറ്റം, യാത്രക്കാർക്ക് നിയന്ത്രണം, നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കാൽനടയാത്രക്കാർക്ക് റോഡ് കുറുകെ കടക്കാൻ പെലിക്കൺ സിഗ്നലുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. തിരക്കേറിയ ഷൺമുഖം റോഡ്, മേനക ജംഗ്ഷൻ,കലൂർ പള്ളി സ്റ്റോപ്പ്, ഇടപ്പള്ളി പള്ളി സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പെലിക്കൺ സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേകം സംവിധാനം ചെയ്ത സ്വിച്ചിലൂടെ കാൽനട യാത്രക്കാർക്കു തന്നെ ട്രാഫിക് നിയന്ത്രിക്കാമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐടിഎം എസ് സഹായിക്കും. റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാനും നവീന ക്യാമറകളും സിസ്റ്റത്തിന്റെ ഭാഗമായുണ്ട്. ഇതിനായി 35 കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങൾ പകർത്താനും ഇവക്കാകും. മൂന്ന് മോഡുകളിൽ ഏരിയ ട്രാഫിക് മാനേജ്മെൻ്റ് ,നിരീക്ഷണ ക്യാമറകൾ ,നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗതപ്രശ്നങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള മറ്റ് സേവനങ്ങൾ.
Also Read: ഇനി പേട്ടവരെ; കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു
സെൻട്രൽ കൺട്രോൾ സിസ്റ്റം വഴി ഐ ടി എം എസ് സ്ഥാപിച്ച ജംഗ്ഷനുകളുടെ നിയന്ത്രണം ഒരു കേന്ദ്രത്തിൽ നിന്ന് നടത്താനാകും. മുഴുവൻ കേന്ദ്രങ്ങളിലെയും വിവരങ്ങൾ കാണാനും ആവശ്യമായ പരിഷ്കാരങ്ങൾ നടത്താനും ഇതിലൂടെ കഴിയും. റവന്യൂ ടവറിൽ ഒരുക്കുന്ന കൺട്രോൾ സെൻററിൽ ഗതാഗതം നിരീക്ഷിക്കും. നിർദ്ദേശങ്ങൾ നൽകാനും സൗകര്യമുണ്ട്. അഞ്ച് വർഷത്തെ പരിപാലനവും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുൾപ്പടെ 26 കോടി രൂപയ്ക്കാണ് പദ്ധതി കെൽട്രോൺ നടപ്പാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us