കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മെട്രോ ട്രെയിൻ സർവീസുകളും നിശ്ചലമായിരുന്നു. പിന്നീട അൺലോക്ക് പ്രക്രിയയുടെ തുടക്കത്തിൽ തന്നെ പല പൊതു ഗതാഗങ്ങളും അനുവദിച്ചപ്പോൾ മെട്രോ സർവീസ് അടഞ്ഞു തന്നെ കിടന്നു. അൺലോക്ക പ്രക്രിയയുടെ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മെട്രോയും ഓടി തുടങ്ങുകയാണ്. കൊച്ചി മെട്രോ സെപ്റ്റംബർ ഏഴ് മുതലാണ് സർവീസ് ആരംഭിക്കുന്നത്.

സമയക്രമം

തിങ്കളാഴ്ച മുതൽ ട്രെയിനുകൾ ഓടിതുടങ്ങുമ്പോൾ പുതുക്കിയ സമയക്രമത്തിലായിരിക്കും മെട്രോ സർവീസ് നടത്തുക. സർവീസ് ആരംഭിക്കുന്ന ആദ്യ രണ്ട് ദിവസങ്ങളിൽ രാവിലെ ഏഴ് മുതല്‍ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയുമാണ് സര്‍വീസ് നടത്തുക. യാത്രക്കാരുടെ തിരക്ക് മനസിലാക്കി സർവീസ് പൂർവ്വസ്ഥിതിയിലാക്കിയാൽ മതിയെന്നാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു ദിവസം സമയക്രമത്തിലും നിയന്ത്രണം കൊണ്ടുവരുന്നത്.

Also Read: കോവിഡ് വ്യാപനം: ഇനിയുള്ള രണ്ടാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രി

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 12വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി ഒമ്പതുവരെയുമായിരിക്കും സര്‍വീസ്. അവസാന ട്രെയിൻ ആലുവ, തൈക്കുടം സ്റ്റേഷനുകളിൽ നിന്ന് ഒമ്പത് മണിക്ക് പുറപ്പെടും. ഞായറാഴ്ചകളിൽ എട്ട് മണിക്കായിരിക്കും സർവീസുകൾ ആരംഭിക്കുന്നത്. 10 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ് നടത്തുന്നത്.

അണുനശീകരണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ മുൻ കരുതലുകളാണ് കൊച്ചി മെട്രോയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സർവീസ് ആരംഭിച്ച് കഴിഞ്ഞാൽ ഓരോ നാലു മണിക്കൂറിലും ട്രെയിൻ അണുവിമുക്തമാക്കും. നേരത്തെ ഓട്ടം ഇല്ലാത്ത കാലത്തും ട്രെയിനുകൾക്ക് ആഴ്ചയിൽ രണ്ടുവട്ടം അണുനശീകരണം ഉണ്ടായിരുന്നു.

Also Read: അൺലോക്ക് 4.0: നൂറിലധികം സ്‌പെഷ്യൽ ട്രെയിനുകൾ കൂടി സർവീസ് നടത്തും

ട്രെയിനിനു പുറമെ പ്ലാറ്റ്ഫോം, കൗണ്ടറുകൾ, എഎഫ്സി ഗേറ്റ്, പ്ലാറ്റ്ഫോം കസേരകൾ, എലിവേറ്റർ ബട്ടൺ, എസ്കലേറ്റർ എന്നിവയും 4 മണിക്കൂർ ഇടവിട്ട് അണുനശീകരണം നടത്തും.

വായു സഞ്ചാരം ഉറപ്പുവരുത്തും

കോവിഡിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ വായു സഞ്ചാരും ഉറപ്പുവരുത്താനുള്ള പദ്ധതികളും കൊച്ചി മെട്രോ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിൽ എത്തുമ്പോൾ ട്രെയിനിന്റെ വാതിൽ 20 സെക്കൻഡ് തുറന്നിടും. ട്രെയിനിനുള്ളിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകൾക്കു തിരക്കുണ്ടാക്കാതെ കയറാനും ഇറങ്ങാനും വേണ്ടിയാണിത്. തൈക്കൂടം, ആലുവ സ്റ്റേഷനുകളിൽ ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനിന്റെ എല്ലാ വാതിലുകളും 5 മിനിറ്റ് തുറന്നിടും. 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും കോച്ചിന്റെ അകത്തെ താപനില.

Also Read: രാജ്യത്ത് കോവിഡ് ബാധിതർ 40 ലക്ഷത്തിലേക്ക്; ഇന്നലെ മാത്രം എൺപതിനായിരത്തിലധികം കേസുകൾ

യാത്രക്കാർക്ക് നിയന്ത്രണം

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് യാത്രക്കാർക്കും ട്രെയിനുകളിൽ നിയന്ത്രണങ്ങളുണ്ടാകും. ഒരു മെട്രോ ട്രെയിനിൽ ലോക്‌ഡൗണിനു ശേഷം സർവീസ് പുനരാരംഭിക്കുമ്പോൾ 75 പേർക്കേ യാത്രചെയ്യാൻ അനുമതിയുള്ളൂ. സാധാരണ ഗതിയിൽ 900 പേർക്കു യാത്രചെയ്യാവുന്ന ട്രെയിനുകളാണ് കൊച്ചി മെട്രോയുടേത്. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ യാത്രക്കാരെ ഇരിക്കാൻ അനുവദിക്കു.

കൊച്ചി വൺ കാർഡ് കാലാവധി നീട്ടും

യാത്രാ കാർഡിൽ ബാക്കി ഉണ്ടായിരുന്ന പണം നഷ്ടമാകില്ല. മാർച്ച് 23 നു കാർഡിൽ ഉണ്ടായിരുന്ന ബാക്കി തുക ഇനിയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാം. 84,000 കൊച്ചി വൺ കാർഡുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.