/indian-express-malayalam/media/media_files/2025/01/01/9vB3bt8W3Vezv2capjyk.jpg)
പ്രതീകാത്മക ചിത്രം
സർക്കാർ തലത്തിലും ഒട്ടേറെ മാറ്റങ്ങൾ 2025 മുതൽ നിലവിൽ വരികയാണ്. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മുതൽ വിവിധ സർക്കാർ ഓഫീസുകളിലും വകുപ്പുകളിലും മാറ്റങ്ങൾ വരികയാണ്. അവ ഏതെക്കെയെന്ന് പരിശോധിക്കാം.
പഞ്ചായത്ത് സേവനങ്ങൾ ഇനി ഓൺലൈൻ വഴി മാത്രം
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഈ വർഷം മുതൽ പൂർണ്ണമായി ഓൺലൈൻ വഴിയാക്കും. കെ സ്മാർട്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും നഗരസഭകളിലുമാണ് നടപ്പിലാക്കുന്നത്. ഏപ്രിൽ മുതൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കും.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മൊബൈൽ ആപ്പും പുറത്തിറക്കും.തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്.
കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇനി സ്മാർട്ട് ആർടി ഓഫീസുകൾ
സമയക്രമത്തിൽ ഉൾപ്പടെ മാറ്റം വരുത്തി സംസ്ഥാനത്തെ ആർടി ഓഫീസുകൾ ഈ വർഷം മുതൽ സ്മാർട്ടാകും. പരാതികളും അപേക്ഷകളും ഓൺലൈനിലൂടെ സ്വീകരിക്കുന്നതിലൂടെ ആർടി ഓഫിസുകളിലെ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും. രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ മാത്രമായി ജനങ്ങളുടെ സന്ദർശന സമയം പരിമിതപ്പെടുത്തും.
ഉച്ചവരെ ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലുമുള്ള തുടർനടപടിയെടുക്കാനാകും ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗിക്കുക. ഇതിലൂടെ പരാതികളിലും അപേക്ഷകളിലും മോട്ടർ വാഹനവകുപ്പിന്റെ നടപടി വേഗത്തിലാക്കുകയാണു ലക്ഷ്യം. 24 മണിക്കൂറും എവിടെ നിന്നും പരാതി നൽകാനാകും. അധിക വിവരങ്ങൾക്ക് ഫോൺ നമ്പറിലേക്ക് ഉദ്യോഗസ്ഥർ ബന്ധപ്പെടും.പരാതികളും അപേക്ഷകളും ഇനി മുതൽ ഇമെയിൽ വഴി അയ്ക്കാൻ കഴിയും. ഇ മെയിൽ സൗകര്യമില്ലാത്തവർക്ക് അക്ഷയകേന്ദ്രങ്ങൾ വഴി പരാതികൾ സമർപ്പിക്കാനാകും.
പിഎസ് സി അഭിമുഖ തീയതി മാറ്റം ഇനി പ്രൊഫൈൽ വഴി മാത്രം
കേരള പബ്ലിക് സർവീസ് കമ്മീഷൻ അഭിമുഖം നിശ്ചയിച്ച തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ ഇനി പ്രൊഫൈൽ വഴി മാത്രം. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ഇതിന് ശേഷം തപാൽ, ഇ-മെയിൽ വഴി സമർപ്പിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് പിഎസ് സി അറിയിച്ചു.
അഭിമുഖ ദിവസം മറ്റു പിഎസ്സി പരീക്ഷയിലോ, സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിലോ, യൂണിവേഴ്‌സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്ന ഉദ്യോഗാർത്ഥിക്ക് അഭിമുഖ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
പ്രൊഫൈലിൽ പ്രവേശിച്ചാൽ റിക്വസ്റ്റ് എന്ന ടൈറ്റിലിൽ കാണുന്ന ഇന്റർവ്യൂ ഡേറ്റ് ചേഞ്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ സഹിതം അഭിമുഖ തീയതിക്കു മുൻപായി സമർപ്പിക്കുന്നതും നിശ്ചയിച്ച ഇന്റർവ്യൂ ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ പറ്റുന്നതുമായ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.