/indian-express-malayalam/media/media_files/uploads/2021/05/pinarayi-vijayan-on-muslim-league-allegation-502549-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച കെ റെയിൽ പദ്ധതിക്ക് തുരങ്കം വയ്ക്കാനായി ഒരു അവിശുദ്ധ സഖ്യത്തിന്റെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടുള്ള എൽഡിഎഫ് ധർണയിലാണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്. കേരളത്തിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ ഭാവി വികസനത്തിന് വലിയ രീതിയിൽ സഹായകമാവുന്ന പദ്ധതിയാണ് കെ റെയിൽ. പദ്ധതിയുടെ സ്ഥലമെടുക്കുമ്പോഴുള്ള നഷ്ടപരിഹാരത്തിന് 7075 കോടി രൂപ പദ്ധതിയുടെ ഭാഗമായി തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു. പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരമായി 4460 കോടി രൂപ മാറ്റി വച്ചു. പദ്ധതിക്കായുള്ള പുനരധിവാസത്തിനായി 1730 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ന്യായമായ നഷ്ടപരിഹാരം കൃത്യമായ പുനരധിവാസ പദ്ധതി എന്നിവയെല്ലാം ഉറപ്പാക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിൽ സമ്പൂർണ ഹരിത പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ മാത്രമല്ല ഈ റെയിലിലൂടെ സഞ്ചരിക്കുക. ചരക്കുകടത്തിനും കെ റെയിൽ ഉപയോഗിക്കും. റോഡുകളിലൂടെ പോകുന്ന ചരക്ക് വണ്ടികളുടെ വ്യാപനം കുറയ്ക്കാൻ കെ റെയിൽ സഹായകമാവും. അത് കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
Also Read: കോവിഡ് വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്താന്‍ പ്രത്യേക ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്
കേരളം ഒരിഞ്ച് മുന്നോട്ട് പോകത്തക്ക തരത്തിലുള്ള ഒരു കാര്യവും ഇവിടെ സംഭവിക്കാൻ പാടില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ അവിശുദ്ധ സഖ്യം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ അവിശുദ്ധ കൂട്ടുകെട്ട് തിരഞ്ഞെടുപ്പിന് ശേഷം തുടരുകയാണ്. ആ കൂട്ടത്തിൽ ബിജെപിയും ഉള്ളതിനാൽ കേന്ദ്രത്തെ കേരളത്തിലെ വികസനത്തിന് എതിരായ ഇടപെടീക്കാനുള്ള ശ്രമവും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസും ബിജെപിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും ജമാഅത്ത് ഇസ്ലാമിയും എല്ലാം ഒരേ സ്വരത്തിൽ കേരളത്തിനെതിരെ സംസാരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് കേരളത്തിനെതിരായ കേന്ദ്രത്തിന്റെ നീക്കങ്ങളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംതൃപ്തമായ സംസ്ഥാനങ്ങൾ എന്നത് ഫെഡറൽ സംവിധാനത്തിൽ പ്രധാനമാണ്. എന്നാൽ ആ സംതൃപ്തി കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നില്ല. ഫെഡറൽ തത്വങ്ങൾക്കെതിരായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് നാടെന്ന നിലയിൽ കേരളത്തെ വേദനിപ്പിക്കുന്നതാണ്. തിരുവനന്തപുരം കേന്ദ്രമായുള്ള റെയിൽവേ സോൺ അടക്കം ന്യായമായി ലഭിക്കേണ്ട പല പദ്ധതികളും കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് കാരണം കേരളത്തിന് ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.