ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലബോംബെന്നും വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും എം എം മണി എംഎല്‍എ. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ടിന്റെ അകം കാലിയാണ്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്ന ന്യായം പറഞ്ഞിട്ട് കാര്യമില്ല. ഇത് നില്‍ക്കുമോയെന്ന് തുരന്നുനോക്കാന്‍ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ലെന്നും മണി പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വണ്ടിപ്പെരിയാറില്‍നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. ഞാനിത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. എന്തേലും സംഭവിച്ചാല്‍, വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള് വെള്ളം കുടിച്ചും ചാകും,”അദ്ദേഹം പറഞ്ഞു.
സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കിക്കെ. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അണക്കെട്ടിന്റെ അകം കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് മന്ത്രിമാരുടെ കൂടെ പോയിട്ടുണ്ട്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ?
പുതിയ അണക്കെട്ടല്ലാതെ വേറെയെന്താ മാര്‍ഗമെന്ന ചോദ്യമുയര്‍ത്തിയ അദ്ദേഹം എല്‍ഡിഎഫ് സര്‍ക്കാരിന് ഇതേ നിലപാടാണെന്നും പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താല്‍ പ്രശ്നം വേഗത്തില്‍ തീരും. മറിച്ചു വല്ലതും സംഭവിച്ചാല്‍ ദുരന്തമായി തീരും. ഇത് നില്‍ക്കുമോയെന്ന് തുരന്നുനോക്കാന്‍ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ല.
പുതിയ അണക്കെട്ടിനുവേണ്ടി ഹൈറേഞ്ച് സംരക്ഷണ സമിതി ശബ്ദം ഉയര്‍ത്തണമെന്നാണ് തോന്നുന്നതെന്നു പറഞ്ഞ മണി, വിഷയം ഉയര്‍ത്തുമ്പോള്‍ ഇരു സംസ്ഥാനത്തേയും ജനങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാതെ തന്മയത്തത്തോടെ വേണം കൈകാര്യം ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു.
Also Read: ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ‘ജവാദ്’ ചുഴലിക്കാറ്റ്; കേരളത്തിൽ മഴയ്ക്ക് ശമനം
അതിനിടെ, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തി. ഇന്നലെ രാത്രിയാണ് ജലനിരപ്പ് ഈ പരിധിയിലെത്തിയത്. തുടര്‍ന്ന് കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് ഒന്‍പത് ഷട്ടറുകള്‍ ഉയര്‍ത്തി. ഇതില്‍ ആറെണ്ണം പിന്നീട് അടച്ചതായാണു ഒടുവില്‍ ലഭിക്കുന്ന വിവരം.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് രാത്രി വൈകി മുന്നറിയിപ്പ് നല്കി ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മിഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്നാടിനെയും അറിയിക്കുമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. രാത്രികാലങ്ങളില്‍ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജലനിരപ്പ് 142 അടിയാകുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് പകല്‍ തന്നെ കൂടുതല്‍ വെള്ളം തുറന്നു വിടണം. രാത്രിയില്‍ വെള്ളം ഒഴുക്കുന്ന സ്ഥിതി ഒട്ടും ഭൂഷണമല്ല. കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്തു പുതിയ അണക്കെട്ട് നിര്‍മിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്നാടുമായി തര്‍ക്കമില്ല. മാധ്യമങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇടുക്കിയിലെ ജനങ്ങള്‍ക്കു വേണ്ടിയും സര്‍ക്കാരിനും വേണ്ടിയുമുള്ള തന്റെ അഭ്യര്‍ഥന ആയി ഇതിനെ കാണണമെന്നും മന്ത്രി പറഞ്ഞു.