/indian-express-malayalam/media/media_files/uploads/2020/01/dry-weather.jpg)
കോഴിക്കോട്: കേരളത്തിൽ അന്തരീക്ഷ താപനില വർധിക്കുന്നു. പല സ്ഥലങ്ങളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും കോഴിക്കോട് ഉഷ്ണതരംഗമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില നാലര ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന സാഹചര്യത്തെയാണ് ഉഷ്ണതരംഗമെന്ന് പറയുന്നത്.
ഈ സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ അതീവ ഗൗരവത്തോടെ തന്നെ മുന്നറിയിപ്പ് പരിഗണിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണതരംഗം മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയുള്ളത്.
കോഴിക്കോട് ഇന്ന് 37.8 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില. കോഴിക്കോടിന് പുറമെ മറ്റ് ജില്ലകളിലും ചൂട് വർധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
കോഴിക്കോട് ജില്ലയിലാകെ നിലവിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും (കെട്ടിട നിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, ട്രാഫിക്ക് പൊലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, തെരുവോര കച്ചവടക്കാർ, ബൈക്ക് യാത്രികർ, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, തുടങ്ങിയ വിഭാഗങ്ങൾ) നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി വൈകിട്ട് 4 മണി വരെയെങ്കിലും തണലിലേക്ക് മാറണം. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം.
പകൽ 11 മുതൽ 4 വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേൽക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല. കോഴിക്കോട് ജില്ലയിൽ, പ്രത്യേകിച്ച് നഗരമേഖലകളിൽ ആളുകൾ പകൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
Also Read: കോവിഡ്-19: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡാേക്‌ടർക്ക് രോഗലക്ഷണം
ശുദ്ധമായ വെള്ളം ധാരാളമായി കുടിക്കേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകളെടുത്ത് വിശ്രമത്തോടു കൂടി മാത്രം ജോലിയിൽ ഏർപ്പെടണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളെ പെട്ടെന്ന് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കാനിടയുണ്ട്. ഇത്തരം വിഭാഗങ്ങൾ മുന്നറിയിപ്പ് നിലനിൽക്കുന്ന ഘട്ടത്തിൽ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ല. പുറംജോലികളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണം. കൂടുതൽ സമയം ചൂട് ശരീരത്തിൽ ഏൽക്കുന്ന സാഹചര്യം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം.
സൂര്യഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവർ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഇത്തരത്തിൽ ആരെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകുകയും ഉടനെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.