പത്തനംതിട്ട: കോവിഡ്-19 രോഗലക്ഷണങ്ങളെ തുടർന്ന് പത്തനംതിട്ടയിൽ ഒരു ഡോക്‌ടർ കൂടി നിരീക്ഷണത്തിൽ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കാണ് രോഗലക്ഷണം. ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന ഡോക്‌ടറാണ്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ വീട്ടിൽ നിരീക്ഷണത്തിൽ നിർത്തി. ഡോക്ടറുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച മറ്റ് 5 പേരുടെ ഫലങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പത്തനംതിട്ടയിൽ കോവിഡ്-19 രോഗലക്ഷണത്തെ തുടർന്ന് നിരീക്ഷണത്തിൽ തുടരുന്ന ഡോക്‌ടർമാരുടെ എണ്ണം രണ്ടായി.

ഇന്നലെ കേരളത്തിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്നലെ പുറത്തുവന്ന ആയിരത്തിലേറെ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആണ്. ഇത് കേരളത്തിനു വലിയ ആശ്വാസം നൽകുന്നു. അതീവ ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാഹിയിൽ ഒരു സ്ത്രീക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

Read Also: കോവിഡ്-19: ‘എ’ രക്തഗ്രൂപ്പുകാർക്ക് അതിവേഗം ബാധിച്ചേക്കാം, ‘ഒ’ ഗ്രൂപ്പുകാർക്ക് പ്രതിരോധശേഷി കൂടുമെന്നും പഠനം

സംസ്ഥാനത്ത് ഇന്നലെ വരെ നിരീക്ഷണത്തിലുള്ളത് 18,011 ആളുകളാണ്. ഇതിൽ 17,743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം ആശുപത്രികളിൽ നിരീക്ഷണം ഏർപ്പെടുത്തിയത് 65 പേർക്കാണ്. കേരളത്തിലെ കൊറോണ വെെറസ് ബാധിതരുടെ എണ്ണം 27 ആണ്. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് അവസാനമായി കോവിഡ് 19 സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഡോക്‌ടറുടെ സഞ്ചാരപാത പുറത്തുവിട്ടു. രണ്ട്, നാല് തിയതികളില്‍ വൈകിട്ട് കുമാരപുരത്തെ ഹോട്ടല്‍ ബിസ്‌മിയിൽ കയറി. മൂന്നാം തിയതി രാത്രി ഏഴരയ്ക്ക് മെഡി. കോളജിലെ ഹോട്ടല്‍ അമ്പാടി കണ്ണനിലും അഞ്ചാം തിയതിയും പത്താം തിയതിയും വൈകിട്ട് ഹോട്ടല്‍ താമശേരി ചുരത്തിലും പതിനൊന്നാം തിയതി വൈകിട്ട് ഹോട്ടല് കൊച്ചി പീഡിയയിലും രോഗബാധിതൻ കയറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.