scorecardresearch
Latest News

കോവിഡ്-19: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടി, അവധിയിലുള്ള ഡോക്‌ടർമാർ തിരിച്ചെത്തണം

സംസ്ഥാനത്ത് ഇന്നലെ വരെ നിരീക്ഷണത്തിലുള്ളത് 18,011 ആളുകളാണ്

കോവിഡ്-19: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടി, അവധിയിലുള്ള ഡോക്‌ടർമാർ തിരിച്ചെത്തണം

തിരുവനന്തപുരം: കോവിഡ്-19 നെതിരെ കനത്ത ജാഗ്രത പുലർത്തി കേരളം. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടി. വെെകീട്ട് ആറു വരെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കണം. കൂടുതൽ ഡോക്‌ടർമാരെ താൽക്കാലികമായി നിയമിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈയവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

അവധിയിലുള്ള ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി അവധിയിലുള്ള ഡോക്‌ടർമാർ ഉൾപ്പെടെ ആശുപത്രി ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

Read Also: ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുന്നു? തീരുമാനം ഉടൻ

ഇന്നലെ കേരളത്തിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്നലെ പുറത്തുവന്ന ആയിരത്തിലേറെ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആണ്. ഇത് കേരളത്തിനു വലിയ ആശ്വാസം നൽകുന്നു. അതീവ ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാഹിയിൽ ഒരു സ്ത്രീക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ വരെ നിരീക്ഷണത്തിലുള്ളത് 18,011 ആളുകളാണ്. ഇതിൽ 17,743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം ആശുപത്രികളിൽ നിരീക്ഷണം ഏർപ്പെടുത്തിയത് 65 പേർക്കാണ്. കേരളത്തിലെ കൊറോണ വെെറസ് ബാധിതരുടെ എണ്ണം 27 ആണ്. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് അവസാനമായി കോവിഡ് 19 സ്ഥിരീകരിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Corona covid 19 high alert in kerala kk shailaja minister