/indian-express-malayalam/media/media_files/pWt0aRyQg503FTK7A3wg.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ഒരാഴ്ചയായി സംസ്ഥാനത്ത് ശക്തമായ പെയ്യുന്ന മഴയ്ക്ക് ശനിയാഴ്ച നേരിയ ശമനം. വടക്കൻ ജില്ലകളിലായിരുന്നു മഴ കൂടുതൽ ശക്തം. വയനാട്,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ച വരെ മഴശക്തമായിരുന്നെങ്കിൽ ശനിയാഴ്ച മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ശക്തമായ മഴയിൽ വയനാടിന്റെ പലഭാഗങ്ങളും വെള്ളത്തിനിടയിലായി.
കബനിയുൾപ്പടെയുള്ള ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയ പാത 766ൽ പൊൻകുഴിക്കും മുത്തങ്ങക്കുമിടയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
കണ്ണൂരിൽ ഇരിട്ടി പാറയ്ക്കാമലയിൽ മണ്ണിടിച്ചിലുണ്ടായി. ജില്ലയുടെ മലയോര മേഖലകളായ ഇരിട്ടി,കൊട്ടിയൂർ, കേളകം, കരിക്കോട്ടക്കരി എന്നിവടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളായ തൊട്ടിൽപ്പാലം, താമരശേരി, തിരുവമ്പാടി,കൊടിയത്തൂർ എന്നിവടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നിരവധി നാശനഷ്ടമുണ്ടായി.
മഴക്കെടുതിയിൽ ശനിയാഴ്ച സംസ്ഥാനത്ത് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. അട്ടപ്പാടിൽ നാലുദിവസം മുൻപ് കാണാതായ രണ്ടുപോലീസുകാരുടെ മൃതദേഹം ശനിയാഴ്ച ഭവാനിപുഴയോട് ചേർന്നുള്ള സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തി.സിവിൽ പോലീസ് ഓഫീസർമാരായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മുരുകന്റെ മൃതദേഹം ചെമ്പവട്ടകാടിൽ നിന്നും കാക്കന്റെ മൃതദേഹം സ്വർണ്ണഗദയിൽ നിന്നുമാണ് കണ്ടെത്തിയത്.ഗോത്രവിഭാഗത്തിൽപ്പെട്ട ഇരുവരും നാലുദിവസം മുമ്പ് വീടുകളിലേക്ക് പോയതായിരുന്നു. പുഴകടന്നുവേണം ഇവർക്ക് വീട്ടിലേക്കെത്താൻ. പുഴയിൽ വീണുണ്ടായ അപകടമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കണ്ണൂരിൽ കഴിഞ്ഞ ദിവസം പുഴയിലെ ഒഴുക്കിൽപ്പെട്ട 75കാരിയുടെ മൃതദേഹവും ശനിയാഴ്ച കണ്ടെത്തി.
അതേ സമയം, കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് ലഭിച്ചത് 110 ശതമാനം അധികമഴയാണെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. ജില്ലാടിസ്ഥാനത്തിൽ കണ്ണൂരിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 208.6 ശതമാനം മഴലഭിക്കേണ്ട സ്ഥാനത്ത് കണ്ണൂരിൽ 565.6 ശതമാനം മഴലഭിച്ചു. 171 ശതമാനം അധികമഴയാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത്, പൊതുവേ വടക്കൻ ജില്ലകളിൽ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലവിൽ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം വടക്കു-പടിഞ്ഞാറൻ കേരള തീരത്ത് ശക്തമായ കാറ്റ് തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us