/indian-express-malayalam/media/media_files/uploads/2020/08/Rajamala-Landslide-kerala-flood-17.jpg)
മൂന്നാർ: ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവർക്കായുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. 49 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. രാവിലെ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. ഹൈറേഞ്ചിലുള്ള പെട്ടിമുടിയിൽ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ്.
പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു. 18 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരുടെ സംസ്കാരം ഇവരുടെ ലയങ്ങൾക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം. പോസ്റ്റ്‍മോർട്ടവും പെട്ടിമുടിയിൽ തന്നെ നടക്കും.
Read More: 'ദുഃഖ വെള്ളി'; കേരളത്തെ ഞെട്ടിച്ച രണ്ട് ദുരന്തത്തിൽ മരണം 33
ദേശീയ ദുരന്തനിവാരണ സേനയുടെ ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. 9 മണിയോടെ മന്ത്രി എംഎം മണി മൂന്നാറിൽ എത്തും. റവന്യൂമന്ത്രി 11 മണിയോടെ മൂന്നാറിലെത്തും.
രാജമലയിൽ രക്ഷാപ്രവർത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്യുന്ന ഇടുക്കിയിൽ കാലാവസ്ഥ തന്നെയാണ് പ്രധാന തടസ്സം. അപകടത്തിൽപ്പെട്ട നിരവധിപ്പേർ പുഴയിലൂടെ ഒഴുകിപ്പോയിരിക്കാമെന്നും രക്ഷാ പ്രവർത്തകർ കണക്കുകൂട്ടുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് ചുമതല.
Read More: നേരിടുന്നത് ഇരട്ട ദുരന്തം; അപകടസാധ്യതകള്‍ കൂടുതലെന്ന് മുഖ്യമന്ത്രി
രക്ഷപ്പെടുത്തിയവരെ കോട്ടയത്തേയും എറണാകുളത്തേയും ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും എയര്‍ ലിഫ്റ്റിങ്ങിന് സാധ്യമാകുന്ന കാലവസ്ഥ ഇല്ലായിരുന്നു രാജമലയില്‍. പെരിയവരയില്‍ ഗതാഗത സൗകര്യങ്ങള്‍ പുഃനർനിര്‍മിച്ചാണ് രക്ഷാദൗത്യം തുടരുന്നത്.
അതേസമയം, അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. എറണാകുളം, കോട്ടയം ജില്ലകളില്‍നിന്ന് രാജമലയിലേക്ക് അയച്ചത്. ഇടുക്കി ജില്ലയില്‍ മൊബൈല്‍ മെഡിക്കല്‍ സംഘത്തെയും ആംബുലന്‍സുകളെയും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെയും നാവികസേനയുടെയും സഹായവും തേടും.
ഇടുക്കി രാജമല മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായും പരുക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുലർച്ചെ നടന്ന അപകടം പുറംലോകമറിയുന്നത് രാവിലെ ഏഴിനു ശേഷമാണ്. ഫാക്‌ടറിയിലെ ജോലിക്കാർ എത്തിയപ്പോൾ കാണുന്ന കാഴ്‌ച ലയങ്ങളെല്ലാം മണ്ണിനടിയിലായതാണ്. ഫാക്ടറിയില്‍ ഏഴ് മണിയോടെ ജോലിക്കെത്തിയവരാണ് അപകട വിവരം പുറംലോകത്തെ അറിയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.