2020 ഓഗസ്റ്റ് 7. കേരള ചരിത്രത്തിലെ ‘ദുഃഖ വെള്ളി’. സംസ്ഥാന ചരിത്രത്തില്‍ അപൂര്‍വമായി ജനം രണ്ട് ദുരന്തങ്ങള്‍ക്ക് ഒരേ ദിവസം സാക്ഷ്യം വഹിച്ചു.

കോവിഡ് പടരുന്നതിനൊപ്പം പേമാരിയുടെയും പ്രളയത്തിന്റെയും ഭീതിയില്‍ വ്യാഴ്യാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കേരള ജനത ഉണര്‍ന്നത് ഇടുക്കിയില്‍ രാജമലയില്‍ ഉരുള്‍ പൊട്ടലില്‍ 80 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടുവെന്ന വാര്‍ത്തയോടെയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പെട്ടിമുടി എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. വൈകി മാത്രം പുറത്തറിഞ്ഞ അപകടം ആളപായം വര്‍ധിപ്പിച്ചു.

ഫാക്ടറിയില്‍ ഏഴ് മണിയോടെ ജോലിക്കെത്തിയവരാണ് അപകട വിവരം പുറംലോകത്തെ അറിയിച്ചത്. 15 പേര്‍ മരിക്കുകയും 40 പേരെ കാണാതാകുകയും ചെയ്തു. 15 പേരെ രക്ഷിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കായി. രക്ഷപ്പെടുത്തിയവരെ കോട്ടയത്തേയും എറണാകുളത്തേയും ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും എയര്‍ ലിഫ്റ്റിങ്ങിന് സാധ്യമാകുന്ന കാലവസ്ഥ ഇല്ലായിരുന്നു രാജമലയില്‍.

Read More: Kerala Floods Idukki Rajamala Landslide: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല

രാത്രി എട്ടു മണിയോടെയാണ് കേരളത്തെ ഞെട്ടിച്ചു കൊണ്ട് മഴ വീണ്ടും ദുരന്തം സൃഷ്ടിച്ചത്. ടേബിള്‍ ടോപ്പ് വിമാനത്താവളമായ കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടു.

വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. സമാനമായ ദുരന്തം മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായപ്പോള്‍ വിമാനത്തിന് തീപിടിക്കുകയും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരിപ്പൂരില്‍ വിമാനം തീപിടിക്കാത്തത് ആശ്വാസം പകര്‍ന്നു. പക്ഷേ, ആളപായമില്ലെന്ന ആദ്യ വാര്‍ത്തകള്‍ക്ക് പിന്നാലെ മരിച്ചവരുടെ കണക്കുകള്‍ പുറത്ത് വന്നു തുടങ്ങി. 18 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

കുട്ടികളും വൃദ്ധരും അടക്കം 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 174 മുതിര്‍ന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്.

കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവരും,യാത്രാവിലക്കിനെത്തുടർന്ന് യുഎഇയിൽ പെട്ടവരും അടക്കമുള്ളവരാണ് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. പ്രതിസന്ധികൾക്കിടയിൽ നിന്ന് ജന്മനാട്ടിലേക്കെത്താനുള്ള ശ്രമത്തിനിടെയാണ് ഈ വലിയ ദുരന്തം എല്ലാം തകർത്തുകളഞ്ഞത്.

Read More Stories on Karipur Airport Plane Accident

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.