scorecardresearch

സര്‍വ്വകലാശാലാ നേതൃത്വത്തില്‍ കഴിവുള്ളവർ; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

24 മണിക്കൂര്‍ പോലും സർവകലാശാല അധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലര്‍ ഇന്ന് ഈ മേഖലയുടെ ഗുണമേന്മയെ പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത് വിരോധാഭാസമാണെന്നും മുഖ്യമന്ത്രി

24 മണിക്കൂര്‍ പോലും സർവകലാശാല അധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലര്‍ ഇന്ന് ഈ മേഖലയുടെ ഗുണമേന്മയെ പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത് വിരോധാഭാസമാണെന്നും മുഖ്യമന്ത്രി

author-image
WebDesk
New Update
pinarayi vijayan, cpm, ie malayalam

കണ്ണൂർ: സംസ്ഥാനത്തെ സർവകലാശാല നിയമനങ്ങളെക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സര്‍വ്വകലാശാലകളുടെ നേതൃത്വത്തില്‍ വന്നത് വിദ്യാഭ്യാസ രംഗത്ത് പ്രാവീണ്യമുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളുടെ ചരിത്രമെടുത്താല്‍ വിവിധ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് നിയമിക്കപ്പെട്ട വൈസ് ചാന്‍സിലര്‍മാര്‍ ഈ മേഖലയെ നയിക്കാന്‍ പ്രാപ്തമായിരുന്നു എന്ന് കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

24 മണിക്കൂര്‍ പോലും സർവകലാശാല അധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലര്‍ ഇന്ന് ഈ മേഖലയുടെ ഗുണമേന്മയെ പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത് വിരോധാഭാസമാണ്. ആളുകളുടെ പേരുകള്‍ പറയുന്നത് മര്യാദയല്ല. എങ്കിലും കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറെ ആ പദവിക്ക് യോഗ്യനല്ലായെന്ന് കണ്ട് യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് അന്ന് ഗവര്‍ണ്ണറായിരുന്ന ഷീലാദീക്ഷിത് നീക്കം ചെയ്ത സംഭവം ആളുകൾ മറന്നിട്ടുണ്ടാവില്ല. കേരള ചരിത്രത്തില്‍ ആദ്യമായി സംഭവിച്ചതാണ് ഈ കത്ത് എന്ന് വ്യാകുലപ്പെടുന്നവര്‍ തങ്ങള്‍ നിയമിച്ച വിസിയെ അന്നത്തെ ഗവര്‍ണ്ണര്‍ നീക്കം ചെയ്തത് മറന്നുപോകരുത് എന്നതുകൊണ്ടാണ് അതിവിടെ പരാമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഗവര്‍ണറാണ് തന്നെ നിയമിച്ചതെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

Advertisment

വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നത്, യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം സെര്‍ച്ച് - കം - സെലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചാണ്. ഇപ്പോള്‍ സെര്‍ച്ച് കമ്മിറ്റിയില്‍ സംസ്കൃത സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള വിസി തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍നോമിനിയായി കമ്മിറ്റിയില്‍ വന്നിട്ടുള്ള ഒരു വ്യക്തി പ്രൊഫ. വി.കെ രാമചന്ദ്രനാണ്. അദ്ദേഹം നിലവില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനാണ്. സാമൂഹ്യശാസ്ത്ര മേഖലയില്‍ വളരെയേറെ മികവ് പ്രകടിപ്പിച്ച അക്കാദമീഷ്യന്‍ കൂടിയാണ്. ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ്, മുംബൈയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്‍റ് റിസേര്‍ച്ച്, ഇന്ത്യന്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഇസ്റ്റിറ്റ്യൂട്ടിന്‍റെ കല്‍ക്കത്താ, ബാംഗ്ലൂര്‍ കേന്ദ്രങ്ങളിലെ വകുപ്പ് മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം.

ബഹുമാനപ്പെട്ട ചാന്‍സിലര്‍ അദ്ദേഹത്തിന്‍റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാരിന്‍റെ അഭിപ്രായങ്ങള്‍ ചാന്‍സിലറെ അറിയിക്കുക എന്നത് ഭരണതലത്തില്‍ നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ചാന്‍സിലര്‍ തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണ്ണര്‍ക്ക് ഉണ്ട് താനും. ഏതെങ്കിലും കോണില്‍ നിന്നും വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്നത വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെടുത്തലിനായി സർക്കാരും ഗവർണരും ഒരേ സമീപനമാണ് സ്വീകരിച്ചു വന്നത്. ഈ പൊതു സമീപനം ഗവർണർക്കും സർക്കാരിനും ഉണ്ടാവുമ്പോൾ പ്രയോഗത്തിൽ അവ കൊണ്ടുവരുമ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. ആ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു വന്നാൽ അതിന് പരിഹാരം സാധാരണ ഗതിയിൽ ചർച്ച ചെയ്ത് പൊതുവായ യോജിപ്പിലെത്തുകയാണ്.

Also Read: ‘ചാൻസലർ പദവിയിൽ നിന്ന് എന്നെ ഒഴിവാക്കൂ;’ അതൃപ്തി അറിയിച്ച് ഗവർണറുടെ കത്ത്

ഗവർണറും സർക്കാരും തമ്മിൽ നേരിട്ടും കത്തിലും പല തവണ ആശയ വിനിമയം നടത്താറുണ്ട്. അത് സ്വാഭാവികമായ കാര്യമാണ്. ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ സംഭവിച്ചു. പൊതുമണ്ഡലത്തിലും മാധ്യമങ്ങളിലും തുടർച്ചയായി വാർത്തകൾ വരുന്നു.

ചാൻസലർ കൂടിയായ ഗവർണറുടെ ചില പ്രതികരണങ്ങൾ വലിയ തോതിൽ തെറ്റിധാരണയുണ്ടാക്കും വിധം മാധ്യമങ്ങൾ അവതരിപ്പിക്കുന്ന നില വരുന്നു. ഉന്ന വിദ്യാഭ്യാസ രംഗത്തെ ചില പ്രശ്നങ്ങളെക്കുറിച്ച് ഡിസംബർ എട്ടിന് ഗവർണർ കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ സർക്കാർ ഗൗരവത്തിലെടുത്തിരുന്നു. ആ വിഷയത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഗവർണറെ സർക്കാർ അറിയിക്കുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഹുമാനപ്പെട്ട ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്‍റെ നയമല്ല. അദ്ദേഹം പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇവിടെ വസ്തുത നിങ്ങളുമായി സംസാരിക്കണമെന്ന് വെച്ചത്. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചര്‍ച്ചയാകാം. അതിലൊന്നും ഞങ്ങള്‍ക്ക് പിടിവാശിയില്ല. ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ നിയമസഭ നൽകിയ ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്ന്കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്‍െറയും സര്‍വകലാകാലകളുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി ഉണ്ടാകണം എന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: