ഗവര്‍ണറാണ് തന്നെ നിയമിച്ചതെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് നിയമനങ്ങള്‍ നടക്കാറുള്ളതെന്നും ഗോപിനാഥ് പറഞ്ഞു

Kannur University VC

കണ്ണൂര്‍: ഗവര്‍ണറാണ് തന്നെ നിയമിച്ചതെന്ന് സ്ഥിരീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ (വിസി) ഗോപിനാഥ് രവീന്ദ്രന്‍. “രാഷ്ട്രീയ നിയമനമാണോ അല്ലയെ എന്നത് നിയമിച്ചവരോട് ചോദിക്കണം. എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് നിയമനങ്ങള്‍ നടക്കാറുള്ളത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നിയമനം, മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും ഇത് സാധാരണമാണ്,” ഗോപിനാഥ് വ്യക്തമാക്കി.

അതേസമയം, സര്‍വകലാശാല നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ രൂക്ഷമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ഉന്നതപദവികളില്‍ ഇഷ്ടക്കാരെ നിയമിക്കുന്നത് തടയാന്‍ പരമാവധി ശ്രമിച്ചതാണെന്നും ഗവര്‍ണര്‍. ചാന്‍സലര്‍ പദവി ഒഴിയാന്‍ താന്‍ തയാറാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലതെന്നും സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

സര്‍വകലാശാല നിയമനങ്ങള്‍ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്ത് ഗൗരവമുള്ളതാണെന്ന് രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു. “ഉന്നത വിദ്യാഭ്യാസ മന്ത്രി അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നതിന്റെ തെളിവാണിത്. പ്രതിക്കൂട്ടിലുള്ള മന്ത്രി രാജിവയ്ക്കണം,” ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ സമ്മര്‍ദ പ്രകാരമാണ് വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തയക്കുന്നത് ആദ്യമായിട്ടാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Also Read: പിണറായി കമ്മ്യൂണിസ്റ്റാണോ?; തിരിച്ചടിച്ച് എം.കെ.മുനീര്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur university vc gopinath ravindran on controversial appointment

The moderation of comments is automated and not cleared manually by malayalam.indianexpress.com