സംസ്ഥാനത്തെ സർവകലാശാലകളിൽ അടുത്തിടെയുണ്ടായ സർക്കാർ ഇടപെടലുകളിൽ പ്രതിഷേധമറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയിലെയും കാലടി സംസ്കൃത സർവകലാശാലയിലെയും വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ടവ അടക്കമുള്ള വിഷയങ്ങളിലാണ് ഗവർണർ അതൃപ്തി പ്രകടിപ്പിച്ചത്.
ഈ വിഷയങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്ത് നൽകിയതായാണ് വിവരം. ഇങ്ങനെയാണെങ്കിൽ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കത്തിൽ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു.
സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമുള്ളതായി ഗവർണർ പറയുന്നു. മുൻപെങ്ങുമില്ലാത്ത നടപടിയാണ് ഇത്തരത്തിൽ ഗവർണർ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതിലൂടെ നടന്നിരിക്കുന്നത്. രണ്ട് തവണ ഗവർണർ കത്ത് നൽകിയതായാണ് വിവരം. നാല് ദിവസം മുൻപ് ആദ്യ കത്ത് നൽകിയ ശേഷം സർക്കാർ ഗവർണർക്ക് അനുഭാവ പൂർണമായ മറുപടി നകിയിരുന്നു. എന്നാൽ സർക്കാരിന്റെ അനുനയ നീക്കം വേണ്ടെന്ന് വച്ച് ഗവർണർ വീണ്ടും കത്ത് നൽകുകയായിരുന്നു.
Also Read: മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ? വഖഫ് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറെ വീണ്ടും നിയമിച്ചതിലാണ് ഗവർണർക്ക് അതൃപ്തിയുള്ളതെന്നാണ് വിവരം. കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റിയിലേക്ക് പേര് നൽകാത്തതിലും ഗവർണരുടെ പ്രതിഷേധത്തിന് കാരണമായി. സെർച്ച് കമ്മിറ്റിയിലേക്ക് പേര് നിർദേശിക്കാതെ സർക്കാർ ഒറ്റ ഒരു പേര് വിസി സ്ഥാനത്തേക്ക് നൽകുകയും ചെയ്തിരുന്നു. ഇതിലും ഗവർണർ പ്രതിഷേധമറിയിച്ചതായാണ് വിവരം.