scorecardresearch

"ചെയർമാൻ മാടമ്പിത്തരവും അസംബന്ധവും നിർത്തണം"; രഞ്ജിത്തിനെതിരെ വാളോങ്ങി ചലച്ചിത്ര അക്കാദമി അംഗങ്ങൾ

രഞ്ജിത്ത് ആ പദവിയിലിരുന്ന് ആ സ്ഥാനത്തെ അപമാനിക്കുകയാണെന്നും ഒന്നുകിൽ അദ്ദേഹം സ്വയം തിരുത്തണമെന്നും അല്ലെങ്കിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തെ പുറത്താക്കണമെന്നും വിമതരായ അംഗങ്ങൾ മാധ്യമങ്ങളോട് തുറന്നടിച്ചു.

രഞ്ജിത്ത് ആ പദവിയിലിരുന്ന് ആ സ്ഥാനത്തെ അപമാനിക്കുകയാണെന്നും ഒന്നുകിൽ അദ്ദേഹം സ്വയം തിരുത്തണമെന്നും അല്ലെങ്കിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തെ പുറത്താക്കണമെന്നും വിമതരായ അംഗങ്ങൾ മാധ്യമങ്ങളോട് തുറന്നടിച്ചു.

author-image
WebDesk
New Update
Renjith | Chalachitra academy general council | Manoj Kana

ഫൊട്ടോ: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി ഒരുവിഭാഗം ജനറൽ കൌൺസിൽ അംഗങ്ങൾ രംഗത്ത്. ആകെയുള്ള 15 അംഗങ്ങളിൽ ഒമ്പതു പേരാണ് രഞ്ജിത്തിനെതിരെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നത്. അക്കാദമിയുടെ ചെയർമാൻ രഞ്ജിത്ത് ആ പദവിയിലിരുന്ന് ആ സ്ഥാനത്തെ അപമാനിക്കുകയാണെന്നും ഒന്നുകിൽ അദ്ദേഹം സ്വയം തിരുത്തണമെന്നും അല്ലെങ്കിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തെ പുറത്താക്കണമെന്നും വിമതരായ അംഗങ്ങൾ മാധ്യമങ്ങളോട് തുറന്നടിച്ചു.

Advertisment

ഐഎഫ്എഫ്കെയുടെ സമാപനച്ചടങ്ങുകൾക്ക് മുന്നോടിയായാണ് അംഗങ്ങൾ ചെയർമാനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. "മേളയിൽ ഓരോ അം​ഗങ്ങൾക്കും ഓരോ ചുമതല കൊടുത്തിരുന്നു. അതെല്ലാം അവർ ഭം​ഗിയായി നിറവേറ്റുന്നുണ്ട്. ഇതിനിടയിൽ കുക്കു പരമേശ്വരൻ എന്ന അം​ഗത്തിന് ഒരു പ്രശ്നം വന്നു. ഇക്കാര്യം വളരെ കൃത്യമായി അറിയിക്കേണ്ടിടത്ത് അറിയിച്ചു. ഇതിന് ശേഷം ചെയർമാൻ അവരെ വിളിച്ച് ഏകപക്ഷീയമായി പറയുകയാണ് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, നിർത്തി പോയ്ക്കോളാൻ."

"ഇത് അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരൊന്നുമല്ലല്ലോ. ചെയർമാനെ പോലെ തന്നെ അവരേയും സർക്കാർ നോമിനേറ്റ് ചെയ്തതാണ്. ചെയർമാന്റെ നടപടികളിൽ എല്ലാ അം​ഗങ്ങൾക്കും എതിർപ്പുണ്ട്. പക്ഷേ പറയാൻ മടിക്കുന്നുവെന്നേയുള്ളൂ. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ല. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നത്."

"ചെയർമാൻ രഞ്ജിത്ത് പല അഭിമുഖങ്ങളിലും അസ്ഥാനത്തും അസംബന്ധവുമായി പലകാര്യങ്ങളും പറഞ്ഞു. അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്സിക്യൂട്ടീവ് മെമ്പര്‍മാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയര്‍മാന്‍ അല്ല. ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തില്‍, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് താൽപര്യം ഇല്ലെന്നായിരുന്നു നിലപാട്. എന്നാല്‍ ചെയര്‍മാന്‍റെ ഭാഗത്തുനിന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് നടക്കുന്നത്."

Advertisment

"അദ്ദേഹം നല്ല രീതിയിൽ പണിയെടുക്കുന്ന പല ചലച്ചിത്ര അക്കാദമി ജീവനക്കാരേയും അപമാനിക്കുകയാണ്. മുണ്ടിന്റെ കോന്തലയും കയ്യിൽ പിടിച്ച് സിനിമാ സ്റ്റൈലിൽ ആറാം തമ്പുരാനാണെന്നാണ് ചെയർമാൻ സ്വയം കരുതുന്നത്. ഇത് വരിക്കാശ്ശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്. ഇവിടെ ഏകാധിപത്യ തീരുമാനങ്ങൾ നടക്കില്ല. ഇവിടെ ജനാധിപത്യമാണ് വാഴുന്നത്."

"ചെയർമാൻ കാണിക്കുന്ന ബോറായ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. ഞങ്ങൾ ക്യാബിനിൽ ഒരു യോഗം ചേർന്നിരുന്നു. 9 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ചെയർമാൻ അക്കാദമിക്കും ഗവൺമെന്റിനും എതിരെ തുടർന്നുവരുന്ന അപകീർത്തികരമായ കാര്യങ്ങൾ തിരുത്തണം. ചെയർമാൻ മാറണമെന്നല്ല ഞങ്ങളുടെ ആവശ്യം, ആദ്യം അദ്ദേഹം അപഹാസ്യമായ വാക്കുകൾ തിരുത്തണം. "

"രഞ്ജിത്ത് ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. അദ്ദേഹം ഓരോ ജീവനക്കാരനേയും അപമാനിക്കുകയാണ്. ചെയർമാൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞതിൽ പലകാര്യങ്ങളും കള്ളമാണ്. ചെയർമാൻ കുക്കു പരമേശ്വരനെ വിളിച്ചിട്ടില്ല. ആശുപത്രിയിൽ ചികിത്സയിലുള്ള അവരെ അദ്ദേഹം വിളിച്ചുവെന്ന് പറയുന്നത് കള്ളമാണ്," ജനറൽ കൌൺസിൽ അംഗം മനോജ് കാന പറഞ്ഞു.

അതേസമയം, സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്ന് ചെയർമാൻ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അക്കാദമിക്കെതിരെ തങ്ങൾ ഒരു ചുവടും വെയ്ക്കില്ലെന്ന് "യോഗം ചേർന്നെന്ന് പറയുന്നവർ" അറിയിച്ചെന്നും, താൻ രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

"വിവാദ പരാമർശങ്ങൾ അക്കാദമി ചെയർമാന്റെ കസേരയിൽ ഇരുന്ന്​ കൊണ്ടല്ല ഞാൻ അഭിപ്രായം പറഞ്ഞത്. എന്റെ വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ തീർത്തും സൌഹൃദ സംഭാഷണമാണ്. പത്രക്കാർ വന്നു. അവർ ചോദ്യം ചോദിക്കുകയാണ്. അവർ, ഏറെ ദൂരത്ത് നിന്ന് വന്നതല്ലെ. ഞാൻ സംസാരിച്ചു. ശരിയായ രീതിയിൽ വസ്ത്രം പോലും ധരിച്ചിരുന്നില്ല. ഇത്, റെക്കോർഡ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ല സ്റ്റിൽസ് എടുക്കു​ന്നുവെന്നാണ് പറഞ്ഞത്. അവരിപ്പോൾ അത് ടെലികാസ്റ്റ് ചെയ്തു." 

"ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തും. കുക്കു പരമേശ്വരനെ അതിലേക്ക് നിർദേശിക്കാനാണ് തീരുമാനം. സ്വയം മാറിനിൽക്കാൻ അഞ്ജലി മേനോൻ തീരുമാനിച്ച സാഹചര്യത്തിലാണ് കുക്കു പരമേശ്വരനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. കുക്കുവും ഞാനും തമ്മിൽ നല്ല സൗഹൃദമുണ്ട്," രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Read More Entertainment Stories Here

iffk 2023 renjith director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: