scorecardresearch

ചെറിയ കാര്യമല്ല, ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു; തോല്‍വിയില്‍ കെ.സുരേന്ദ്രന്‍

മികച്ച മത്സരമാണ് നടത്തിയതെന്നും കോന്നിയില്‍ മൂന്നാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു

മികച്ച മത്സരമാണ് നടത്തിയതെന്നും കോന്നിയില്‍ മൂന്നാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു

author-image
WebDesk
New Update
K surendran, കെ സുരേന്ദ്രൻ, bjp, ബിജെപി, ie malayalam, ഐഇ മലയാളം

കോന്നി: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി കോന്നിയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. യുഡിഎഫും എല്‍ഡിഎഫും സാമുദായിക ധ്രുവീകരണത്തിനു ശ്രമിച്ചപ്പോള്‍ വലിയ തോതില്‍ പിടിച്ചുനില്‍ക്കാന്‍ ബിജെപിക്ക് സാധിച്ചെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. അതൊരു ചെറിയ കാര്യമല്ലെന്നും മികച്ച മത്സരമാണ് നടത്തിയതെന്നും കോന്നിയില്‍ മൂന്നാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: അടൂര്‍ പ്രകാശ് എവിടെ?; ഫോണ്‍ സ്വിച്ച് ഓഫ്

Advertisment

"സാമുദായിക ധ്രുവീകരണത്തിനു എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചു. അതിനിടയിലും വലിയ തോതില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. 40,000 ത്തോളം വോട്ടുകള്‍ നേടുക എന്നത് അത്ര ചെറിയ കാര്യമല്ല. സര്‍ക്കാര്‍ സംവിധാനങ്ങളെയടക്കം ദുരുപയോഗിച്ചാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കോളനികളിലും സാധാരണക്കാര്‍ക്കിടയിലും മന്ത്രിമാര്‍ അടക്കം കയറിയിറങ്ങി വലിയ വാഗ്ദാനങ്ങള്‍ നല്‍കി. ഇതിനിടയിലും 30 ശതമാനം വോട്ട് നേടാന്‍ സാധിച്ചു. വലിയ തോതില്‍ പണമൊഴുക്കിയിട്ടും നല്ല നിലയില്‍ മത്സരിക്കാന്‍ സാധിച്ചു. ജാതിമത വ്യത്യാസമില്ലാതെ കോന്നിയിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്." സുരേന്ദ്രന്‍ പറഞ്ഞു.

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയമുറപ്പിച്ചത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ 23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് കോന്നി. ഇവിടെയാണ് കെ.യു.ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. മുന്‍ എംഎല്‍എയായ അടൂര്‍ പ്രകാശിന് വലിയ സ്വാധീനമുള്ള മണ്ഡലമെന്നാണ് കോന്നിയെ കുറിച്ചുള്ള വിലയിരുത്തല്‍. കോന്നിയില്‍ വിജയിക്കുമെന്ന് യുഡിഎഫും വിലയിരുത്തിയിരുന്നു. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കെ.യു.ജനീഷ് കുമാര്‍ അട്ടിമറി വിജയത്തിലേക്ക് നീങ്ങുകയാണ്.

Read Also: Kerala ByPoll Results 2019 Live Updates: വട്ടിയൂർക്കാവിൽ മേയർ ബ്രോയ്ക്ക് അട്ടിമറി ജയം; ഇനി എംഎൽഎ ബ്രോ

Advertisment

1965ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോണ്‍ഗ്രസിന്റെ പി.ജെ.തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചു. 1996 ലാണ് സിപിഎമ്മിൽ നിന്ന് മണ്ഡലം പിടിക്കാൻ കോൺഗ്രസ് അടൂർ പ്രകാശിനെ കളത്തിലിറക്കിയത്. പിന്നീടിങ്ങോട്ട് കോന്നിയിൽ കോൺഗ്രസിന് അടിതെറ്റിയിട്ടില്ല. കഴിഞ്ഞ 23 വർഷവും അടൂർ പ്രകാശ് തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അടൂർ പ്രകാശ് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എന്നാൽ, ഇത്തവണ അടൂർ പ്രകാശിനെയും കോൺഗ്രസിനെയും മൂക്കുകുത്തിച്ചിരിക്കുകയാണ് ജനീഷ് കുമാർ.

By Election K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: