പത്തനംതിട്ട: കുത്തക മണ്ഡലമായ കോന്നിയില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരിക്കുകയാണ് യുഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു.ജനീഷ് കുമാറാണ് കോന്നിയില്‍ ലീഡ് ചെയ്യുന്നത്. 75 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 7,801 വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ഥി ജനീഷ് കുമാര്‍ കോന്നിയില്‍ ലീഡ് ചെയ്യുന്നത്. ലീഡ് പതിനായിരം കടക്കുമെന്നാണ് ജനീഷ് കുമാര്‍ പറഞ്ഞത്.
കോന്നിയില്‍ യുഡിഎഫ് പരാജയം മണത്തപ്പോള്‍ തന്നെ എല്ലാ മാധ്യമങ്ങളും അന്വേഷിച്ചത് മുന്‍ എംഎല്‍എയായ അടൂര്‍ പ്രകാശിനെയാണ്. പല മാധ്യമങ്ങളും അടൂര്‍ പ്രകാശിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിന്റെ പ്രതികരണം ആര്‍ക്കും ലഭിച്ചില്ല. അടൂര്‍ പ്രകാശിന്റെP മൊബൈല്‍ ഫോണിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയും അടൂര്‍ പ്രകാശും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടായിരുന്നു അടൂര്‍ പ്രകാശും ഡിസിസിയും പരസ്യമായി ഏറ്റുമുട്ടിയത്. ഒടുവില്‍ കെപിസിസി നേതൃത്വം ഇടപെട്ടാണ് തര്‍ക്കങ്ങള്‍ പരിഹരിച്ചത്. എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അടൂര്‍ പ്രകാശ് കാര്യമായി പങ്കെടുത്തില്ല എന്ന ആരോപണം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി. കോന്നിയില്‍ തോറ്റാന്‍ അടൂര്‍ പ്രകാശ് പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.
കഴിഞ്ഞ 23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് കോന്നി. ഇവിടെയാണ് കെ.യു.ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. മുന്‍ എംഎല്‍എയായ അടൂര്‍ പ്രകാശിന് വലിയ സ്വാധീനമുള്ള മണ്ഡലമെന്നാണ് കോന്നിയെ കുറിച്ചുള്ള വിലയിരുത്തല്‍. കോന്നിയില്‍ വിജയിക്കുമെന്ന് യുഡിഎഫും വിലയിരുത്തിയിരുന്നു. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കെ.യു.ജനീഷ് കുമാര്‍ അട്ടിമറി വിജയത്തിലേക്ക് നീങ്ങുകയാണ്.
Read Also: അടൂര്‍ പ്രകാശിന്റെ കോട്ട തകര്‍ത്ത ബാഹുബലി; അട്ടിമറി വിജയത്തിലേക്ക് ജനീഷ് കുമാര്‍
1965ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോണ്‍ഗ്രസിന്റെ പി.ജെ.തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചു. 1996 ലാണ് സിപിഎമ്മിൽ നിന്ന് മണ്ഡലം പിടിക്കാൻ കോൺഗ്രസ് അടൂർ പ്രകാശിനെ കളത്തിലിറക്കിയത്. പിന്നീടിങ്ങോട്ട് കോന്നിയിൽ കോൺഗ്രസിന് അടിതെറ്റിയിട്ടില്ല. കഴിഞ്ഞ 23 വർഷവും അടൂർ പ്രകാശ് തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അടൂർ പ്രകാശ് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എന്നാൽ, ഇത്തവണ അടൂർ പ്രകാശിനെയും കോൺഗ്രസിനെയും മൂക്കുകുത്തിച്ചിരിക്കുകയാണ് ജനീഷ് കുമാർ. ലീഡ് 10,000 കടക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർഥി.